മൊഹാലിയില്‍ നടന്ന നാലാം ഏകദിനത്തില്‍ തകര്‍പ്പന്‍ സെ‍ഞ്ചുറിയടിച്ച് ധവാന്‍ വിമര്‍ശകര്‍ക്ക് മറുപടി കൊടുത്തു. അതേ ചൂടില്‍ മറ്റൊരു മറുപടി കൂടി വിമര്‍ശകര്‍ക്കെതിരെ ഉതിര്‍ത്തിരിക്കുകയാണ് ധവാന്‍. 

ദില്ലി: ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ ആദ്യ മൂന്ന് മത്സരങ്ങളിലും ഓപ്പണര്‍ ശിഖര്‍ ധവാന് തിളങ്ങാനായില്ല. ഇതോടെ വലിയ വിമര്‍ശനമാണ് ഇന്ത്യന്‍ താരത്തിന് നേരിടേണ്ടിവന്നത്. എന്നാല്‍ മൊഹാലിയില്‍ നടന്ന നാലാം ഏകദിനത്തില്‍ തകര്‍പ്പന്‍ സെ‍ഞ്ചുറിയടിച്ച് ധവാന്‍ വിമര്‍ശകര്‍ക്ക് മറുപടി കൊടുത്തു. അതേ ചൂടില്‍ മറ്റൊരു മറുപടി കൂടി വിമര്‍ശകര്‍ക്കെതിരെ ഉതിര്‍ത്തിരിക്കുകയാണ് ധവാന്‍. 

താന്‍ പത്രങ്ങളൊന്നും വായിക്കാറില്ല. തനിക്ക് ആവശ്യമില്ലാത്ത കാര്യങ്ങളെ കുറിച്ച് അറിയാന്‍ ശ്രമിക്കാറില്ല. തനിക്ക് ചുറ്റും എന്താണ് സംഭവിക്കുന്നതെന്ന് അറിയില്ല. എന്‍റേതായ ലോകത്താണ് ഞാന്‍ ജീവിക്കുന്നത്. എന്‍റെ ചിന്തകള്‍ക്കനുസരിച്ചാണ് പോകുന്നതെന്നും മൊഹാലി ഏകദിനത്തിന് ശേഷം ധവാന്‍ വ്യക്തമാക്കി. കഴിഞ്ഞ ആറ് മാസത്തിനിടയിലെ ആദ്യ സെഞ്ചുറിയാണ് ധവാന്‍ മൊഹാലിയില്‍ നേടിയത്. 

മൊഹാലിയില്‍ ടോസ് നേടിയ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി ധവാന്‍ 115 പന്തില്‍ 18 ബൗണ്ടറിയും മൂന്ന് സിക്‌സുകളും സഹിതം 143 റണ്‍സെടുത്തു. ധവാന്‍റെയും രോഹിതിന്‍റെയും ഓപ്പണിംഗ് കരുത്തില്‍ ഇന്ത്യ 358-9 എന്ന കൂറ്റന്‍ സ്‌കോറിലെത്തി. എന്നാല്‍ ഹാന്‍ഡ്‌സ്‌കോമ്പിന്‍റെ സെഞ്ചുറിയും(117) ടര്‍ണറിന്‍റെ വെടിക്കെട്ടും(43 പന്തില്‍ 84) ഓസീസിന് നാല് വിക്കറ്റിന്‍റെ ജയം സമ്മാനിച്ചു.