ദില്ലി: ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയുടെ ടോപ് സ്കോററായെങ്കിലും ഓപ്പണര്‍ ശിഖര്‍ ധവാന്റെ മെല്ലെപ്പോക്കിനെ വിമര്‍ശിച്ച് ബാറ്റിംഗ് ഇതിഹാസം സുനില്‍ ഗവാസ്കര്‍. അടുത്ത രണ്ട് മത്സരങ്ങളില്‍ തിളങ്ങിയില്ലെങ്കില്‍ ധവാനെ നിലനിര്‍ത്തിയതുകൊണ്ട് ടീമിന് വലിയ മെച്ചം ഉണ്ടാകാന്‍ പോകുന്നില്ലെന്ന് ഗവാസ്കര്‍ പറഞ്ഞു.

40-45 പന്തില്‍ അത്രയും റണ്‍സെടുത്തതുകൊണ്ട് ടി20 ക്രിക്കറ്റില്‍ എന്താണ് നേട്ടം. ധവാന്‍ ഇക്കാര്യത്തെക്കുറിച്ച് ഗൗരവമായി ആലോചിക്കണം. ഇടവേളക്കുശേഷം തിരിച്ചുവരുമ്പോള്‍ പഴയതാളം കണ്ടെത്താന്‍ സമയമെടുക്കുമെന്നും ഗവാസ്കര്‍ പറഞ്ഞു. ടി20 ക്രിക്കറ്റില്‍ ആദ്യം ബാറ്റ് ചെയ്യുമ്പോള്‍ ഇന്ത്യ ഒരുപാട് ഡോട്ട് ബോളുകള്‍ കളിക്കുന്നുവെന്നും ഗവാസ്കര്‍ പറഞ്ഞു.

ഡല്‍ഹി ടി20യില്‍ 55 ഡോട്ട് ബോളുകളാണ് ഇന്ത്യ കളിച്ചത്. വലിയ മത്സരങ്ങള്‍ ജയിക്കാതെ ഇന്ത്യക്ക് അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പില്‍ കിരീടം നേടാനാവുമെന്ന് പ്രതീക്ഷിക്കേണ്ടെന്നും ഗവാസ്കര്‍ വ്യക്തമാക്കി.ഡല്‍ഹി ടി20യില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ 148 റണ്‍സടിച്ചപ്പോള്‍ ബംഗ്ലാദേശ് മൂന്ന് പന്ത് ബാക്കിയാക്കി ജയിച്ചുകയറിയിരുന്നു.