Asianet News MalayalamAsianet News Malayalam

'ഇത് ഭയാനകം, കേരളത്തിൽ തെരുവ് നായ്ക്കളെ കൂട്ടത്തോടെ കൊല്ലുന്നു'; രാഹുലിന് പിന്നാലെ ശിഖര്‍ ധവാനും രംഗത്ത്

നേരത്തെ ഇന്ത്യൻ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ കെ.എൽ രാഹുലും കേരളത്തിൽ നായ്ക്കളെ കൂട്ടക്കൊല ചെയ്യുന്നത് നിര്‍ത്തണം എന്ന് ആവശ്യപ്പെട്ട് രംഗത്ത് എത്തിയിരുന്നു. 

Shikhar Dhawan Tweets about killing of dogs in kerala
Author
First Published Sep 16, 2022, 3:23 PM IST

ഇന്ത്യൻ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ കെ.എൽ.രാഹുലിന് പിന്നാലെ കേരളത്തിൽ നായ്ക്കളെ കൂട്ടക്കൊല ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന ആവശ്യവുമായി ബാറ്റ്സ്മാൻ ശിഖര്‍ ധവാനും രംഗത്ത്. ട്വിറ്ററിലൂടെയാണ് ഇങ്ങനെയൊരു പ്രതികരണം ശിഖര്‍ ധവാൻ നടത്തിയത്. 

'വളരെ ഭയാനകമായ സാഹചര്യമാണിത്. കേരളത്തിൽ നായ്ക്കളെ കൂട്ടത്തോടെ കൊല്ലുന്നു. ഇത്തരം നീക്കങ്ങളെിൽ നിന്നും പിന്മാറാനും  ക്രൂരമായ ഈ കൊലപാതകങ്ങൾ അവസാനിപ്പിക്കാനും ഞാൻ അഭ്യർത്ഥിക്കുന്നു' - ശിഖര്‍ ധവാൻ ട്വിറ്ററിൽ കുറിച്ചു. 

 

നേരത്തെ ഇന്ത്യൻ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ കെ.എൽ രാഹുലും കേരളത്തിൽ നായ്ക്കളെ കൂട്ടക്കൊല ചെയ്യുന്നത് നിര്‍ത്തണം എന്ന് ആവശ്യപ്പെട്ട് രംഗത്ത് എത്തിയിരുന്നു. 

തൻ്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവച്ച പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. തെരുവ് നായ്ക്കളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന വി.ഒ.എസ്.ഡ‍ി എന്ന സംഘടനയുടെ പോസ്റ്റര്‍ പങ്കുവച്ച് കൊണ്ടാണ് കെ.എൽ കേരളത്തിലെ തെരുവ് നായ്ക്കൾക്കായി ശബ്ദമുയര്‍ത്തിയത്. 

കേരളത്തിൽ വ്യാപകമായി തെരുവ് നായക്കളെ കൊല്ലുന്നത് വീണ്ടും ആരംഭിച്ചു എന്ന് ഈ പോസ്റ്ററിൽ പറയുന്നു. തെരുവ് നായ്ക്കളെ കൊല്ലുന്നത് അവസാനിപ്പിക്കണമെന്നും തെരുവ് നായ്ക്കളെ വി.ഒ.എസ്.ഡിയുടെ നേതൃത്വത്തിൽ സംരക്ഷിക്കുമെന്നും  കെ.എൽ രാഹുൽ പങ്കുവച്ച പോസ്റ്ററിൽ പറയുന്നുണ്ട്. 

ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയാണ് വി.ഒ.എസ്.ഡി. തെരുവുകളിൽ നിന്നുള്ള നായ്ക്കളെ ആജീവനാന്തം സംരക്ഷിക്കുക എന്നതാണ് ഇവരുടെ രീതി. തെരുവ് നായ സംരക്ഷണത്തിനായുള്ള ലോകത്തെ വലിയ പദ്ധതിയാണിതെന്ന് ഇവരുടെ വെബ് സൈറ്റിൽ പറയുന്നു. ബെംഗളൂരിലെ വി.ഒ.എസ്.ഡിസാങ്ച്വറി & ഹോസ്പിറ്റലിൽ ഈ രീതിയിൽ രക്ഷപ്പെടുത്തിയ നൂറുകണക്കിന് നായ്ക്കളെ നിലവിൽ സംരക്ഷിക്കുന്നുണ്ട്. ഇന്ത്യയിലെ 30-ലധികം നഗരങ്ങളിൽ നിന്ന് റോഡ്, ട്രെയിൻ, വിമാനമാര്‍ഗ്ഗം കൊണ്ടു വന്നതാണ് ഈ തെരുവ് നായ്ക്കളെ എന്നാണ് പറയപ്പെടുന്നത്. 

തങ്ങളുടെ ഷെൽട്ടര്‍ ഹോമിലുള്ള നായ്ക്കളെ ദത്തെടുത്ത് കൊടുക്കാറില്ലെന്നും. VOSD-യിലെ നായ്ക്കൾ ജീവിതകാലം മുഴുവൻ ഇവിടെ തങ്ങുന്നതാണ് രീതിയെന്നും വെബ് സൈറ്റിലുണ്ട്. അതേസമയം എട്ട് ലക്ഷത്തിലേറെ തെരുവ് നായ്ക്കളുള്ള കേരളത്തിൽ ഈ സംഘടന എന്തെങ്കിലും പ്രവര്‍ത്തനം നടത്തുന്നുണ്ടോ എന്ന് വ്യക്തമല്ല. 

 

എല്ലാം സജ്ജീകരണങ്ങളും ഒരുക്കിയിരുന്നു; ഷഹീന്‍ അഫ്രീദിയുടെ ചികിത്സ വിവാദത്തില്‍ ഷാഹിദ് അഫ്രീദിയെ തള്ളി പിസിബി
Follow Us:
Download App:
  • android
  • ios