അടുത്തിടെ മുഖ്യ പരിശീലകനായി മുന്‍ താരം രമേശ് പവാറിനെ നിയമിച്ചിരുന്നു. അതിന് പിന്നാലെയാണ് ദാസിന്റെ നിയമനം.

മുംബൈ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി മുന്‍ ഇന്ത്യന്‍ താരം ശിവസുന്ദര്‍ ദാസിനെ നിയമിച്ചു. അടുത്തിടെ മുഖ്യ പരിശീലകനായി മുന്‍ താരം രമേശ് പവാറിനെ നിയമിച്ചിരുന്നു.് അതിന് പിന്നാലെയാണ് ദാസിന്റെ നിയമനം. രാഹുല്‍ ദ്രാവിഡിന് കീഴില്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലകനായി സേവനമനുഷ്ഠിക്കുകയായിരുന്നു മുന്‍ വിക്കറ്റ് കീപ്പര്‍.

അവസരം നല്‍കിയതിന് ദ്രാവിഡിനും ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിക്കും ദാസ് നന്ദി പറഞ്ഞു. ''കഴിഞ്ഞ നാലോ അഞ്ചോ വര്‍ഷമായി ഞാന്‍ എന്‍സിഎയിലുണ്ട്. ദ്രാവിഡ് കീഴില്‍ ജോലി ചെയ്യാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നു. തീര്‍ച്ചയായും അതിന്റെ ഗുണം ലഭിക്കാന്‍ പോകുന്നത് ഇന്ത്യന്‍ ടീമിന് തന്നെയായിരിക്കും. ബാറ്റിങ് പരിശീലകനായിട്ടാണ് കഴിഞ്ഞ കുറച്ച് കാലങ്ങളായി പ്രവര്‍ത്തിക്കുന്നത്. ഇങ്ങനെയൊരു അവസരം നല്‍കിയ ദ്രാവിഡിനും ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിക്കും നന്ദി.'' ദാസ് പറഞ്ഞു. 

ഇന്ത്യക്കായി 23 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള ദാസ് 34.89 ശരാശരിയില്‍ 1326 റണ്‍സ് നേടി. രണ്ട് സെഞ്ചുറിയും ഒമ്പത് അര്‍ധ സെഞ്ചുറിയും ഇതില്‍ ഉള്‍പ്പെടും. 110 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഏകദിനത്തില്‍ നാല് ഇന്നിങ്‌സുകളില്‍ നിന്ന് 39 റണ്‍സാണ് സമ്പാദ്യം. 43കാരനായ ദാസ് ആഭ്യന്തര ക്രിക്കറ്റില്‍ 180 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് 38.68 ശരാശരിയില്‍ 10,908 റണ്‍സ് നേടി.