ടി20 ക്രിക്കറ്റില്‍ തോല്‍വിയറിയാതെ തുടര്‍ച്ചയായ 30 ജയങ്ങളില്‍ പങ്കാളിയാവുന്ന ആദ്യ താരമെന്ന റെക്കോര്‍ഡാണ് ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടി20 മത്സരവും ജയിച്ചതോടെ ശിവം ദുബെയുടെ പേരിലായത്.

മുംബൈ: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ ഇന്ത്യ 4-1ന്‍റെ ആധികാരിക ജയം സ്വന്തമാക്കിയപ്പോള്‍ ഇന്ത്യൻ ഓള്‍ റൗണ്ടര്‍ ശിവം ദുബെയ്ക്ക് സ്വന്തമായത് അപൂര്‍വ റെക്കോര്‍ഡ്. ടി20 ക്രിക്കറ്റില്‍ തോല്‍വിയറിയാതെ തുടര്‍ച്ചയായ 30 ജയങ്ങളില്‍ പങ്കാളിയാവുന്ന ആദ്യ താരമെന്ന റെക്കോര്‍ഡാണ് ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടി20 മത്സരവും ജയിച്ചതോടെ ശിവം ദുബെയുടെ പേരിലായത്. 2019നുശേഷം ശിവം ദുബെ പ്ലേയിംഗ് ഇലവനില്‍ കളിച്ച എല്ലാ മത്സരങ്ങളിലും ഇന്ത്യ ജയിച്ചു.

ബംഗ്ലാദേശിനെതിരെ 2019, നവംബര്‍ മൂന്നിനായിരുന്നു ശിവം ദുബെ ഇന്ത്യക്കായി അരങ്ങേറിയത്. ദുബെ കളിച്ച ആദ്യ മത്സരത്തില്‍ ഇന്ത്യ ബംഗ്ലാദേശിനോട് ഏഴ് വിക്കറ്റ് തോല്‍വി വഴങ്ങി. തിരുവനന്തപുരം ഗ്രീൻഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന പരമ്പരയിലെ അഞ്ചാം മത്സരത്തിലും ഇന്ത്യ തോറ്റു. പക്ഷെ അതിനുശേഷം ശിവം ദുബെ പ്ലേയിംഗ് ഇലവനില്‍ കളിച്ച ഒരു മത്സരത്തില്‍ പോലും ഇന്ത്യ തോറ്റിട്ടില്ല. 2020 ജനുവരിയില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യ 5-0ന് പരമ്പര സ്വന്തമാക്കിയപ്പോൾ എല്ലാ മത്സരങ്ങളിലും ദുബെ പ്ലേയിംഗ് ഇലവനിലുണ്ടായിരുന്നു.

'ഒരേ പന്ത്, ഒരേ ഷോട്ട്, ഒരേ പുറത്താകൽ, അവന്‍ ബാറ്റിംഗ് ശൈലി മാറ്റിയേ മതിയാവു'; സൂര്യകുമാറിനെക്കുറിച്ച് അശ്വിൻ

2024ല്‍ ടി20 ലോകകപ്പ് ഉള്‍പ്പെടെ ഇന്ത്യ ജയിച്ച 15 ടി20 മത്സരങ്ങളിലും ദുബെ പ്ലേയിംഗ് ഇലവനില്‍ കളിച്ചു. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരക്കുള്ള ടീമില്‍ ദുബെ ടീമിലുണ്ടായിരുന്നില്ല. എന്നാല്‍ ഓള്‍ റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിക്ക് പരിക്കേറ്റതോടെയാണ് അവസാന മൂന്ന് ടി20 മത്സരങ്ങള്‍ക്കുള്ള ടീമില്‍ ദുബെയെ ഉള്‍പ്പെടുത്തിയത്. മൂന്നാം ടി20യില് ദുബെയെ ഇന്ത്യ പ്ലേയിംഗ് ഇലവനില്‍ കളിപ്പിച്ചിരുന്നില്ല. ആ മത്സരത്തില്‍ ഇന്ത്യ തോറ്റെങ്കിലും ദുബെ പ്ലേയിംഗ് ഇലവനില്‍ കളിച്ച അവസാന രണ്ട് മത്സരവും ഇന്ത്യ ജയിച്ചതോടെ ഇന്ത്യ 4-1ന് പരമ്പര സ്വന്തമാക്കിയപ്പോള്‍ തുടര്‍ച്ചയായി 30 ടി20 മത്സരങ്ങള്‍ ജയിക്കുന്ന ആദ്യ താരമെന്ന റെക്കോർഡ് ദുബെയ്ക്ക് സ്വന്തമായി.

Scroll to load tweet…

കരിയറില്‍ ഇതുവരെ കളിച്ച 35 ടി20 മത്സരങ്ങളില്‍ 26 തവണയും ദുബെ ബാറ്റിംഗിനിറങ്ങി. നാല് അര്‍ധെസെഞ്ചുറികളടക്കം 531 റണ്‍സാണ് ദുബെയുടെ ഇതുവരെയുള്ള സമ്പാദ്യം. 13 വിക്കറ്റുകളും ദുബെയുടെ പേരിലുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക