Asianet News MalayalamAsianet News Malayalam

സ്റ്റുവര്‍ട്ട് ബിന്നിയെ വെട്ടിമാറ്റി; ആ ഇന്ത്യന്‍ 'റെക്കോഡ്' സ്വന്തം പേരിലാക്കി ദുബെ, ലോക ക്രിക്കറ്റില്‍ രണ്ടാമത്

ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ശിവം ദുബെയ്ക്ക് നാണക്കേടിന്റെ റെക്കോഡ്. ടി20 ക്രിക്കറ്റില്‍ ഒരോവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയ ബൗളര്‍മാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തായിരിക്കുകയാണ് ദുബെ.

shivam dube credited a unwanted record in t20 cricket
Author
Wellington, First Published Feb 2, 2020, 6:04 PM IST

വെല്ലിങ്ടണ്‍: ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ശിവം ദുബെയ്ക്ക് നാണക്കേടിന്റെ റെക്കോഡ്. ടി20 ക്രിക്കറ്റില്‍ ഒരോവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയ ബൗളര്‍മാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തായിരിക്കുകയാണ് ദുബെ. ഇന്ന് ന്യൂസിലന്‍ഡിനെതിരായ അവസാന ടി20യില്‍ 34 റണ്‍സാണ് ദുബെ വഴങ്ങിയത്. ഇതോടെ ഒരു ടി20യില്‍ ഒരു ഓവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങുന്ന താരമായും ദുബെ മാറി.

സ്റ്റുവര്‍ട്ട് ബ്രോഡാണ് ഒരു ഓവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വിട്ടുനല്‍കിയ താരം. 2007 പ്രഥമ ടി20 ലോകകപ്പില്‍ താരത്തിന്റെ ഒരോവറിലെ ആറ് പന്തും യുവരാജ് സിങ് സിക്‌സര്‍ പറത്തിയിരുന്നു. 36 റണ്‍സാണ് ആ ഓവറില്‍ പിറന്നത്. ബ്രോഡിന് പിന്നിലാണ് ദുബെയുടെ സ്ഥാനം. നാല് സിക്‌സും രണ്ട് ഫോറുമാണ് ഓവറില്‍ പിറന്നത്. പിന്നാലെ സിംഗിളും നോബൗളും ആ ഓവറില്‍ ലഭിച്ചു.

മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം വെയ്ന്‍ പാര്‍നലാണ് മൂന്നാമത്. 2012ല്‍ ഇംഗ്ലണ്ടിനെതിരെ 32 റണ്‍സാണ് പാര്‍നല്‍ വഴങ്ങിയത്. അതേവര്‍ഷം ഇംഗ്ലണ്ടിനെതിരെ തന്നെ അഫ്ഗാനിസ്ഥാന്റെ ഇസതുള്ള ദ്വാളത്‌സായും ഒരോവറില്‍ 32 റണ്‍സ് വഴങ്ങുകയുണ്ടായി. ഇന്ത്യന്‍ താരം സ്റ്റുവര്‍ട്ട് ബിന്നിയിയും ഒരിക്കല്‍ ഒരോവറില്‍ 32 റണ്‍സ് വഴങ്ങിയിരുന്നു. 2016ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയായിരുന്നു ഇത്. കഴിഞ്ഞ വര്‍ഷം നെതര്‍ലന്‍ഡ്‌സ് താരം മാക്‌സ് ഒഡൗഡ് സ്‌കോട്ട്‌ലന്‍ഡിനെതിരെ ഒരോവറില്‍ 32 റണ്‍സ് വിട്ടുനല്‍കിയിരുന്നു.

ഒരോവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങുന്ന ഇന്ത്യന്‍ താരവും ദുബെയാണ്. സ്റ്റുവര്‍ട്ട് ബിന്നിയില്‍ നിന്നാണ് ആ 'റെക്കോഡ്' സ്വന്തം പേരിലേക്ക് മാറ്റിയത്. 2012ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തില്‍ 26 റണ്‍സ് വഴങ്ങിയ സുരേഷ് റെയ്‌നയാണ് മൂന്നാമത്.

Follow Us:
Download App:
  • android
  • ios