ഇടം കൈയന്‍ ബാറ്ററാണെന്നതും കണ്ണുംപൂട്ടി അടിച്ച് എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കനാകുമെന്നതിനും പുറമെ ടീം മാനേജ്മെന്‍റിന്‍റെ പൂര്‍ണ പിന്തുണയും റിഷഭ് പന്തിനുണ്ട്.
ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരെ വിക്കറ്റിന് മുന്നിലും പിന്നിലും റിഷഭ് പന്ത് മിന്നിയതോടെ മലയാളി താരം സഞ്ജു സാംസണ് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്താനുള്ള പ്രതീക്ഷകള്‍ അവസാനിച്ചോ എന്നാണ് ആരാധകരുടെ ചോദ്യം. ഇന്നലെ പാകിസ്ഥാനെതിരെ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ പകരക്കാരനായി സഞ്ജു ഫീല്‍ഡിംഗിന് ഇറങ്ങിയിരുന്നു. മൂന്നാം നമ്പറില്‍ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും റിഷഭ് പന്ത് തിളങ്ങിയതോടെ സഞ്ജുവിന് പ്ലേയിംഗ് ഇലവനിലെത്താനുള്ള സാധ്യത വീണ്ടും കുറഞ്ഞുവെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.
ഇടം കൈയന്‍ ബാറ്ററാണെന്നതും കണ്ണുംപൂട്ടി അടിച്ച് എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കനാകുമെന്നതിനും പുറമെ ടീം മാനേജ്മെന്‍റിന്‍റെ പൂര്‍ണ പിന്തുണയും റിഷഭ് പന്തിനുണ്ട്. ഭാഗ്യത്തിന്‍റെ ആനുകൂല്യവും ഇന്നലെ റിഷബ് പന്തിനുണ്ടായിരുന്നു. മൂന്ന് തവണയാണ് പാക് ഫീല്‍ഡര്‍മാര്‍ ഇന്നലെ പന്തിനെ കൈവിട്ടത്. റിഷഭ് പന്ത് തന്നെയായിരിക്കും വരും മത്സരങ്ങളിലും മൂന്നാം നമ്പറില്‍ കളിക്കുക എന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും നേരത്തെ വ്യക്തമാക്കിയിട്ടുമുണ്ട്. ഇതൊക്കെയാണെങ്കിലും പ്ലേയിംഗ് ഇലവനിലെത്താമെന്ന സഞ്ജുവിന്‍റെ പ്രതീക്ഷകള്‍ പൂര്‍ണമായും അവസാനിച്ചിട്ടില്ല. സന്നാഹ മത്സരത്തിലും ഇന്നലെ പാകിസ്ഥാനെതിരെയും നിരാശപ്പെടുത്തിയ ശിവം ദുബെക്ക് പകരം സഞ്ജുവിനെ പ്ലേയിംഗ് ഇലവനില്‍ അവസരം കൊടുക്കണമെന്ന ആവശ്യത്തിന് ഇന്നലത്തെ മത്സരത്തിലും ദുബെ നിരാശപ്പെടുത്തിയതോടെ ശക്തി കൂടിയിട്ടുണ്ട്.
അക്സറിന് ബാറ്റിംഗ് പ്രമോഷന്‍ കൊടുത്തതിനാല്‍ ഇന്നലെ പാകിസ്ഥാനെതിരെ ആറാമനായാണ് ശിവം ദുബെ ക്രിസീലെത്തിയത്. ഐപില്ലില്‍ തകര്‍ത്തടിച്ചെങ്കിലും ബാറ്റിംഗ് ദുഷ്കരമായ നാസൗ കൗണ്ടി സ്റ്റേഡിയത്തിലെ പിച്ചില്‍ താളം കണ്ടെത്താന്‍ പാടുപെട്ട ദുബെ ഒമ്പത് പന്തില്‍ മൂന്ന് റണ്‍സ് മാത്രമെടുത്ത് പുറത്തായി. ഇതിന് പുറമെ പാക് ഇന്നിംഗ്സിന്‍റെ തുടക്കത്തില്‍ ബുമ്രയുടെ പന്തില്‍ മുഹമ്മദ് റിസ്‌വാന്‍ നല്‍കിയ അനായാസ ക്യാച്ച് ശിവം ദുബെ അവിശ്വസനീയമായി നിലത്തിടുകയും ചെയ്തു. ഓള്‍ റൗണ്ടര്‍ എന്ന പരിഗണന കൂടി നല്‍കിയാണ് ശിവം ദുബെയെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കുന്നതെങ്കിലും ആദ്യ രണ്ട് കളികളിലും ദുബെ ഒരോവര്‍ പോലും പന്തെറിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് വരും മത്സരങ്ങളില്‍ സഞ്ജുവിനെ കളിപ്പിക്കണമെന്ന വാദം ഉയരുന്നത്.
ഔട്ട് ഫീല്‍ഡില്‍ ദുബെയെക്കാള്‍ മികച്ച ഫീല്‍ഡറാണെന്നതും സഞ്ജുവിന് അനുകൂല ഘടകമാണ്. ഇടം കൈയന്‍ ബാറ്ററാണെന്നതും ആവശ്യമെങ്കില്‍ ഒന്നോ രണ്ടോ ഓവര്‍ പന്തെറിയാനാകുമെന്നതും മാത്രമാണ് ദുബെയെ ഇപ്പോള്‍ പ്ലേയിംഗ് ഇലവനിൽ നിലനിര്‍ത്തുന്നതിനുള്ള ഏക കാരണം. അമേരിക്കക്കെതിരായ അടുത്ത മത്സരവും ന്യൂയോര്‍ക്കിലെ നാസൗ കൗണ്ടി സ്റ്റേഡിയത്തിലാണ്. ഈ മത്സരത്തിലും നിരാശപ്പെടുത്തിയാല്‍ കാനഡക്കെതിരായ അവസാന ഗ്രൂപ്പ് മത്സരത്തില്‍ സഞ്ജുവിനെ പ്ലേയിംഗ് ഇലവനില്‍ പരീക്ഷിച്ചേക്കുമെന്നാണ് കരുതുന്നത്.
അവസാന ഓവറില്‍ ഇമാദ് വാസിമിനെ അമ്പയര്‍ ഔട്ട് വിളിച്ചതറിയാതെ വീണ്ടും റിവ്യു എടുത്ത് രോഹിത്
ആദ്യ രണ്ട് മത്സരങ്ങളിലും സഞ്ജുവിന് പ്ലേയിംഗ് ഇലവനില്‍ അവസരം കിട്ടാതിരുന്നത് നന്നായെന്ന വിലയിരുത്തലുമുണ്ട്. ബാറ്റിംഗ് ദുഷ്കരമായ നാസൗ കൗണ്ടി സ്റ്റേഡിയത്തില്‍ അവസരം കിട്ടിയിട്ടും തിളങ്ങാനായില്ലെങ്കില്‍ പ്ലേയിംഗ് ഇലവനില്‍ സഞ്ജുവിനെ കളിപ്പിക്കുന്നതിനെതിരെയും വിമര്‍ശനം ഉയരുമായിരുന്നു.
