ലാഹോര്‍: ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ സമ്പൂര്‍ണ തോല്‍വി വഴങ്ങിയ ടീം ഇന്ത്യക്ക് ഉപദേശവുമായി പാക് മുന്‍ താരം ഷൊയൈബ് അക്തര്‍. ഇന്ത്യന്‍ ലെഗ് സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹലിനെ ടീമില്‍ നിന്ന് ഒഴിവാക്കരുതെന്നാണ് അക്തറുടെ ഉപദേശം. ന്യൂസിലന്‍ഡിനെതിരായ ആദ്യ ഏകദിനത്തില്‍ കളിക്കാതിരുന്ന ചാഹല്‍ രണ്ടും മൂന്നും  ഏകദിനങ്ങളില്‍ ഇന്ത്യക്കായി കളിച്ചിരുന്നു. രണ്ട് മത്സരങ്ങളില്‍ ആറ് വിക്കറ്റ് വീഴ്ത്തി ബൗളിംഗില്‍ തിളങ്ങുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ചാഹലിനെ ഒരു കാരണവശാലും ടീമില്‍ നിന്ന് ഒഴിവാക്കരുതെന്ന നിര്‍ദേശവുമായി അക്തര്‍ രംഗത്തെത്തിയത്.

രവീന്ദ്ര ജഡേജ റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ പിശുക്കനാണ്. പക്ഷെ വല്ലപ്പോഴെ വിക്കറ്റെടുക്കു. കുല്‍ദീപ് യാദവാകട്ടെ നല്ല പ്രകടനമല്ല പുറത്തെടുക്കുന്നത്. ഈ അവസരത്തില്‍  ചാഹലിനെ ഒരിക്കലും റിസര്‍വ് ബെഞ്ചിലിരുത്തരുത്. കാരണം ബാറ്റ്സ്മാനെ ആശയക്കുഴപ്പത്തിലാക്കാനുള്ള തന്ത്രങ്ങള്‍ ചാഹലിന്റെ പക്കലുണ്ട്. സമ്പൂര്‍ണ ലെഗ് സ്പിന്നറാണ് ചാഹല്‍. ബാറ്റ്സ്മാന് മേല്‍ എപ്പോഴും ആധിപത്യം പുലര്‍ത്തുന്ന ബൗളര്‍. സ്ട്രീറ്റ് സ്മാര്‍ട്ട് ക്രിക്കറ്റര്‍-അക്തര്‍ പറഞ്ഞു.

ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ എല്ലാ മത്സരങ്ങളിലും കളിച്ച ചാഹലിനെ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ റിസര്‍വ് ബെഞ്ചിലിരുത്തിയിരുന്നു. പകരം കളിച്ച കുല്‍ദീപ് യാദവ് ആകട്ടെ 10 ഓവറില്‍ 84 റണ്‍സ് വഴങ്ങുകയും ന്യൂസിലന്‍ഡ് ഇന്ത്യ ഉയര്‍ത്തിയ 347 റണ്‍സിന്റെ വിജയലക്ഷ്യം അനായാസം മറികടക്കുകയും ചെയ്തു.  കുല്‍ദീപ് യാദവിന്റെ ഫോമില്‍ അക്തര്‍ ആശങ്ക പ്രകടിപ്പിച്ചു. കുല്‍ദീപ് സ്വതന്ത്രമായല്ല കളിക്കുന്നതെന്ന് അത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്നും അക്തര്‍ പറഞ്ഞു.