കറാച്ചി: ലോകകപ്പില്‍ സെമിയിലെത്താതെ പുറത്തായതിന് പിന്നാലെ ടീമില്‍ അടിമുടി അഴിച്ചുപണിക്കൊരുങ്ങി പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. ഇന്ന് പുറത്തുവിട്ട കളിക്കാരുമായുള്ള കരാറില്‍ നിന്ന് മുന്‍ നായകന്‍മാരായ മുഹമ്മദ് ഹഫീസിനെയും ഷൊയൈബ് മാലിക്കിനെയും ഒഴിവാക്കി. കഴിഞ്ഞ വര്‍ഷം 33 കളിക്കാര്‍ക്ക് കരാര്‍ നല്‍കിയ പാക് ബോര്‍ഡ് ഇത്തവണ 19 കളിക്കാര്‍ക്ക് മാത്രമാണ് സെന്‍ട്രല്‍ കോണ്‍ട്രാക്ട് നല്‍കിയിരിക്കുന്നത്.

ഹഫീസിനും മാലിക്കിനും കരാറില്ലെങ്കിലും ഇരുവരെയും ടീമിലേക്ക് പരിഗണിക്കുമെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. മുന്‍ കരാറുകളില്‍ അഞ്ച് വിഭാഗമായാണ് കളിക്കാരെ തിരിച്ചിരുന്നതെങ്കില്‍ പുതിയ കരാറില്‍ ഇത് മൂന്ന് വിഭാഗമായി കുറച്ചിട്ടുണ്ട്.

എ കാറ്റഗറില്‍ ബാബര്‍ അസം, ക്യാപ്റ്റന്‍ സര്‍ഫറാസ് അഹമ്മദ്, യാസിര്‍ ഷാ എന്നിവരാണുള്ളത്. ബി കാറ്റഗറിയില്‍ ആസാദ് ഷഫീഖ്, അസ്ഹര്‍ അലി, ഹാരിസ് സൊഹൈല്‍, ഇമാം ഉള്‍ ഹഖ്, മൊഹമ്മദ് അബ്ബാസ്, ഷദാബ് ഖാന്‍, ഷഹീന്‍ ഷാ അഫ്രീദി, വഹാബ് റിയാസ് എന്നിവരും സി കാറ്റഗറിയില്‍ ആബിദ് അലി, ഹസന്‍ അലി, ഫഖര്‍ സമന്‍, ഇമാദ് വാസിം, മൊഹമ്മദ് ആമിര്‍, മൊഹമ്മദ് റിസ്‌വാന്‍, ഷാന്‍ മസൂദ്, ഉസ്മാന്‍ ഷിന്‍വാരി എന്നിവരാണുള്ളത്.

കഴിഞ്ഞ വര്‍ഷത്തെ കരാര്‍ അനുസരിച്ച് എ കാറ്റഗറിയില്‍ ഉള്‍പ്പെട്ട കളിക്കാര്‍ക്ക് എട്ട് ലക്ഷം രൂപയും ബി കാറ്റഗറിയിലുള്ളവര്‍ക്ക് അ‍ഞ്ച് ലക്ഷം രൂപയും സി കാറ്റഗറിയിലുള്ളവര്‍ക്ക് 3.5 ലക്ഷം രൂപയും പ്രതിമാസം പ്രതിഫലമായി ലഭിച്ചിരുന്നത്. ഇതില്‍ കാര്യമായ വര്‍ധന വരുത്തിയിട്ടുണ്ടെന്ന് പാക് ബോര്‍ഡ് വാര്‍ത്താക്കുറിപ്പില്‍ പറയുന്നുണ്ടെങ്കിലും ഇത് എത്രയാണെന്ന് വ്യക്തമാക്കിയിട്ടില്ല. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയ്ക്ക് സെന്‍ട്രല്‍ കോണ്‍ട്രാക്ട് അനുസരിച്ച് പ്രതിമാസം 60 ലക്ഷം രൂപയാണ് പ്രതിഫലമായി ലഭിക്കുക.