ഇസ്‌ലാമാബാദ്: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള രാഷ്ട്രീയ പ്രശ്‌നങ്ങള്‍ തങ്ങളുടെ ബന്ധത്തെ ഒരിക്കലും ബാധിച്ചിട്ടില്ലെന്ന് ഷൊയ്ബ് മാലിക്ക്. ഇന്ത്യന്‍ ടെന്നിസ് താരം സാനിമ മിര്‍സയുമായുള്ള വിവാഹത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു മാലിക്ക്. കഴിഞ്ഞ ദിവസം പാക്ക് പാഷന്‍ ഡോട് നെറ്റിന് അനുവദിച്ച അഭിമുഖത്തിലാണ് സാനിയയുമായുള്ള വിവാഹത്തെക്കുറിച്ച് മാലിക്ക് മനസ് തുറന്നത്.

മാലിക്ക് പറയുന്നതിങ്ങനെ.. '' ഒരാളെ ഇഷ്ടപ്പെടുകയും വിവാഹം ചെയ്യാന്‍ താല്‍പര്യപ്പെടുകയും ചെയ്യുന്നെങ്കില്‍ ആകെ പരിഗണിക്കേണ്ടത് ആ വ്യക്തിയെ മാത്രമാണ്. അല്ലാതെ അവര്‍ ഏതു രാജ്യക്കാരിയാണ് എന്നതല്ല. പങ്കാളി എവിടെനിന്നുള്ള ആളാണെന്നതോ ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങളോ രാഷ്ട്രീയ വിഷയങ്ങളോ എന്തിന് പരിഗണിക്കണം. ഇന്ത്യ- പാക് രാഷ്ട്രീയ പ്രശ്‌നങ്ങള്‍ ഞങ്ങളെ ബാധിച്ചിട്ടില്ല. 

എനിക്ക് ഇന്ത്യക്കാരായ ഒട്ടേറെ സുഹൃത്തുക്കളുണ്ട്. അതുകൊണ്ടുതന്നെ രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഒരു വിധത്തിലും ബാധിക്കാറില്ല. മാത്രമല്ല, ഞാനൊരു ക്രിക്കറ്റ് താരമാണ്, അല്ലാതെ രാഷ്ട്രീയക്കാരനല്ല.'' മാലിക്ക് പറഞ്ഞു. 

ഇന്ത്യ- പാക് ക്രിക്കറ്റിനെ കുറിച്ചും മാലിക് വാചാലനായി. ഇന്ത്യ- പാക്കിസ്ഥാന്‍ പോരാട്ടങ്ങള്‍ പുനഃരാരംഭിക്കുന്നതു കാണാന്‍ ക്രിക്കറ്റ് ലോകത്തിന് അതിയായ താല്‍പര്യമുണ്ടാകുമെന്ന് ഉറപ്പാണ്. ഷസ് പരമ്പര പോലെ പ്രധാനപ്പെട്ട പോരാട്ടമാണതെന്നും മാലിക് കൂട്ടിച്ചേര്‍ത്തു.