മെല്‍ബണ്‍: ക്രിക്കറ്റില്‍ നിന്ന് മുന്നോ നാലോ വര്‍ഷം മുമ്പെ വിരമിക്കേണ്ടതായിരുന്നുവെന്ന് വെളിപ്പെടുത്തി മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിംഗ്. ഡേവിഡ് വാര്‍ണറെയും സ്റ്റീവ് സ്മിത്തിനെയും സഹായിക്കിന്‍ വേണ്ടിയാണ് ക്രിക്കറ്റില്‍ നാലുവര്‍ഷം കൂടി ക്രിക്കറ്റില്‍ തുടര്‍ന്നതെന്നും ഇയാന്‍ ചാപ്പല്‍ ഫൗണ്ടേഷനുവേണ്ടി ഫണ്ട് ശേഖരണാര്‍ത്ഥം നടത്തിയ അത്താഴവിരുന്നില്‍ പങ്കെടുക്കവെ പോണ്ടിംഗ് പറഞ്ഞു.

സീനിയര്‍ താരങ്ങള്‍ കൂട്ടത്തോടെ വിരമിച്ചത് ഓസീസ് ക്രിക്കറ്റില്‍ വലിയ ശൂന്യതയാണ് സൃഷ്ടിച്ചത്. ഓസീസ് ടീമിന്റെ നായകനെ സംബന്ധിച്ച് വലിയൊരു ആകാംക്ഷ കളിക്കാര്‍ക്കിടയില്‍ നിലനിന്നിരുന്നു. അത് മറികടക്കാന്‍ കൂടി വേണ്ടിയാണ് ഏറെ മുമ്പെ വിരമിക്കാമായിരുന്നിട്ടും നാലുവര്‍ഷം കൂടി ക്രിക്കറ്റില്‍ തുടര്‍ന്നത്.

സീനിയര്‍ താരങ്ങളുടെ മാര്‍ഗനിര്‍ദേശമില്ലാതെ പോയതാണ് വാര്‍ണറും സ്മിത്തും ഉള്‍പ്പെട്ട പന്ത് ചുരണ്ടല്‍ വിവാദത്തിന് കാരണമായത്. അത് ചെയ്യരുത് എന്ന് അവരോട് പറയാന്‍ മുതിര്‍ന്ന താരങ്ങളാരും അപ്പോള്‍ ടീമില്‍ ഉണ്ടായിരുന്നില്ല. അതോടെ കാര്യങ്ങളെല്ലാം കൈവിട്ടുപോയി. എന്നാല്‍ ഇതെല്ലാം പുറത്തുനിന്നുള്ള ഒരാളുടെ കാഴ്ചപ്പാടാണെന്നും പോണ്ടിംഗ് ക്രിക്ക് ഇന്‍ഫോയോട് പറഞ്ഞു.

കരിയറില്‍ മൂന്ന് നാലു വര്‍ഷം മുമ്പെങ്കിലും വിരമിക്കാന്‍ ഞാന്‍ തയാറായിരുന്നു. എന്നാല്‍, ഞാന്‍ വിരമിച്ചാല്‍ ഓസീസ് ക്രിക്കറ്റിന്റെ ഭാവി എന്താകുമെന്ന് കരുതിയാണ് ക്രിക്കറ്റില്‍ തുടര്‍ന്നത്. വാര്‍ണറെയും സ്മിത്തിനെയും ലിയോണെയും പീറ്റര്‍ സിഡിലിനയും മിച്ചല്‍ ജോണ്‍സണെയും പോലുള്ളവരെ സഹായിക്കുക എന്നതുകൂടി എന്റെ ലക്ഷ്യമായിരുന്നു.

അവരെല്ലാം അവരുടെ കരിയറിന്റെ തുടക്ക ഘട്ടത്തിലായിരുന്നു. അതുകൊണ്ടുതന്നെ അത് അതിജീവിക്കുക എന്നത് അവര്‍ക്ക് അത്ര എളുപ്പമാകില്ലെന്നും തനിക്കറിയാമായിരുന്നുവെന്ന് പോണ്ടിംഗ് പറഞ്ഞു. 2010-2011ലാണ് പോണ്ടിംഗ് ഓസീസ് നായകസ്ഥാനം ഒഴിഞ്ഞത്. മൈക്കല്‍ ക്ലാര്‍ക്കിന് കീഴില്‍ പിന്നീട് കളിച്ച പോണ്ടിംഗ് 2012-2013ലാണ് ഒടുവില്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്.