10 മത്സരങ്ങളില്‍ നിന്ന് 360 റണ്‍സാണ് ശ്രേയസിന്റെ സമ്പാദ്യം. 51.43 ശരാശരിയിലാണ് ശ്രേയസ് ഇത്രയും റണ്‍സ് അടിച്ചെടുത്തത്.
ചെന്നൈ: ഐപിഎല്ലില്‍ ഓറഞ്ച് ക്യാപ്പിനുള്ള പോരില്‍ ആദ്യ പത്തില്‍ തിരിച്ചെത്തി പഞ്ചാബ് കിംഗ്‌സ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍. ഇന്നലെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ മത്സരത്തില്‍ 72 റണ്‍സെടുത്തതോടെ ശ്രേയസ് പത്താം സ്ഥാനത്തേക്ക് കയറി. 10 മത്സരങ്ങളില്‍ നിന്ന് 360 റണ്‍സാണ് ശ്രേയസിന്റെ സമ്പാദ്യം. 51.43 ശരാശരിയിലാണ് ശ്രേയസ് ഇത്രയും റണ്‍സ് അടിച്ചെടുത്തത്. അതേസമയം, സായ് സുദര്‍ശന്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. ഒമ്പത് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ സായിക്ക് ഇപ്പോള്‍ 456 റണ്‍സായി. 50.67 ശരാശരിയും 150.00 സ്ട്രൈക്ക് റേറ്റുമാണ് താരത്തിനുള്ളത്. രണ്ടാം സ്ഥാനത്തുള്ള കോലിയേക്കാള്‍ 13 റണ്‍സ് മുന്നിലാണ് ജയ്സ്വാള്‍. 10 മത്സരങ്ങളില്‍ നിന്ന് 443 റണ്‍സാണ് കോലിയുടെ സമ്പാദ്യം. 63.29 ശരാശരിയുണ്ട് കോലിക്ക്. 138.87 സ്ട്രൈക്ക് റേറ്റും.
10 മത്സരങ്ങളില്‍ 61 റണ്‍സ് ശരാശരിയുടേയും 169.44 സ്ട്രൈക്ക് റേറ്റിന്റെയും പിന്‍ബലത്തില്‍ 427 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവ് മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നു. അതേസമയം നാല് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി രാജസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍ നാലാം സ്ഥാനത്തെത്തി. 10 മത്സരങ്ങളില്‍ 426 റണ്‍സാണ് സമ്പാദ്യം. ഗുജറാത്തിനെതിരെ പുറത്താവാതെ 70 റണ്‍സ് നേടിയതോടെയാണ് ജയ്സ്വാള്‍ നാലാമതെത്തിയത്. ഗുജറാത്ത് ടൈറ്റന്‍സിന്റെ ജോസ് ബട്ലര്‍ അഞ്ചാം സ്ഥാനത്തുണ്ട്. കഴിഞ്ഞ മത്സരത്തില്‍ രാജസ്ഥാനെതിരെ പുറത്താവാതെ 50 റണ്‍സ് നേടിയിരുന്നു ബട്ലര്‍. ഒമ്പത് മത്സരങ്ങളില്‍ 406 റണ്‍സാണ് ബട്ലര്‍ നേടിയത്.
ലക്നൗ സൂപ്പര്‍ ജയന്റ്സിന്റെ നിക്കോളാസ് പുരാന്‍ ആറാം സ്ഥാനത്തേക്കിറങ്ങി. 10 മത്സരങ്ങളില്‍ 404 റണ്‍സാണ് പുരാന്‍ നേടിയത്. ശുഭ്മാന്‍ ഗില്‍ (389), മിച്ചല്‍ മാര്‍ഷ് (378), കെ എല്‍ രാഹുല്‍ (371) എന്നിവര്‍ യഥാക്രമം ഏഴ് മുതല്‍ 9 വരെയുള്ള സ്ഥാനങ്ങളില്‍.
അതേസമയം, പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കയറി പഞ്ചാബ് കിംഗ്‌സ്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ മത്സരം ജയിച്ചതോടെയാണ് പഞ്ചാബ് രണ്ടാമതെത്തിയത്. 10 മത്സരങ്ങളില്‍ 13 പോയിന്റാണ് പഞ്ചാബിന്. മുന്ന് മത്സരം പരാജയപ്പെട്ടപ്പോള്‍ ആറെണ്ണത്തില്‍ ജയിച്ചു. ഒരു മത്സരം മഴയെടുത്തപ്പോള്‍ പോയിന്റ് പങ്കിടേണ്ടിവന്നു. അതേസമയം, പഞ്ചാബിനോട് തോറ്റ ചെന്നൈ ഐപിഎല്ലില്‍ നിന്ന് പുറത്തായി. തുടര്‍ച്ചയായ രണ്ടാം സീസണിലാണ് ചെന്നൈ ആദ്യ നാലിലെത്താതെ പുറത്താവുന്നത്. 10 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ചെന്നൈ എട്ടിലും തോറ്റു. ജയിച്ചത് രണ്ട് മത്സരങ്ങള്‍ മാത്രം. നാല് പോയിന്റ് മാത്രമാണ് അക്കൗണ്ടില്‍.



