ചികിത്സകള്‍ക്കായി വിഘ്‌നേഷ് ടീമിനൊപ്പം തുടരുമെന്നും, പകരക്കാരനായി പഞ്ചാബില്‍ നിന്നുള്ള സ്പിന്നര്‍ രഘു ശര്‍മയെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയെന്നും മുംബൈ ഇന്ത്യന്‍സ് സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കി.

മുംബൈ: പരിക്കിനെ തുടര്‍ന്ന് മുംബൈ ഇന്ത്യന്‍സിന്റെ മലയാളി താരം വിഘ്‌നേഷ് പുത്തൂരിന് ശേഷിക്കുന്ന ഐപിഎല്‍ മത്സരങ്ങള്‍ നഷ്ടമാവും. കാല്‍മുട്ടിന് പരിക്കേറ്റ വിഘ്‌നേഷിനെ ക്യാംപ് വിടാന്‍ അനുവദിച്ചതായി മുംബൈ ഇന്ത്യന്‍സ് അറിയിച്ചു. പകരക്കാരനായി പഞ്ചാബില്‍ നിന്നുള്ള സ്പിന്നര്‍ രഘു ശര്‍മയെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയതായി മുംബൈ ഇന്ത്യന്‍സ് സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കി. സീസണില്‍ അഞ്ച് മത്സങ്ങളില്‍ ആറ് വിക്കറ്റ് വീഴ്ത്തിയ വിഘ്‌നേഷിനെ എം എസ് ധോണിയും സൂര്യകുമാര്‍ യാദവും അടക്കം താരങ്ങള്‍ പ്രശംസിച്ചിരുന്നു. 

ആദ്യ മത്സരത്തില്‍ ചെന്നൈക്കെതിരെ മൂന്ന് വിക്കറ്റെടുത്ത് തിളങ്ങിയ വിഘ്‌നേഷ്, പരിക്ക് കാരണം കഴിഞ്ഞ മത്സരത്തില്‍ കളിച്ചിരുന്നില്ല. ആറ് ആഴ്ചത്തെയങ്കിലും വിശ്രമം വേണ്ടിവരുമെന്ന് വ്യക്തമായതോടെയാണ് വിഘ്‌നേഷിനെ മുംബൈ ടീമില്‍ നിന്ന് മാറ്റിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ നാല് മത്സരമാണ് മുംബൈക്ക് ഇനി ബാക്കിയുള്ളത്. പോയിന്റ് പട്ടികയില്‍ മുംബൈ മൂന്നാം സ്ഥാനത്തുണ്ട്. 10 മത്സരങ്ങള്‍ കളിച്ച മുംബൈക്ക് 12 പോയിന്റാണുള്ളത്. ആറ് ജയവും നാല് തോല്‍വിയുമാണ് അക്കൗണ്ടില്‍. ഇന്ന് രാജസ്ഥാന്‍ റോയല്‍സിനെ തോല്‍പ്പിക്കാനായാല്‍ അവര്‍ക്ക് മുംബൈക്ക് ഒന്നാം സ്ഥാനത്തേക്ക് കയറാം.

രണ്ടാം സ്ഥാനത്തേക്ക് കയറി പഞ്ചാബ് കിംഗ്‌സ്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ മത്സരം ജയിച്ചതോടെയാണ് പഞ്ചാബ് രണ്ടാമതെത്തിയത്. 10 മത്സരങ്ങളില്‍ 13 പോയിന്റാണ് പഞ്ചാബിന്. മുന്ന് മത്സരം പരാജയപ്പെട്ടപ്പോള്‍ ആറെണ്ണത്തില്‍ ജയിച്ചു. ഒരു മത്സരം മഴയെടുത്തപ്പോള്‍ പോയിന്റ് പങ്കിടേണ്ടിവന്നു. അതേസമയം, പഞ്ചാബിനോട് തോറ്റ ചെന്നൈ ഐപിഎല്ലില്‍ നിന്ന് പുറത്തായി. തുടര്‍ച്ചയായ രണ്ടാം സീസണിലാണ് ചെന്നൈ ആദ്യ നാലിലെത്താതെ പുറത്താവുന്നത്. 10 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ചെന്നൈ എട്ടിലും തോറ്റു. ജയിച്ചത് രണ്ട് മത്സരങ്ങള്‍ മാത്രം. നാല് പോയിന്റ് മാത്രമാണ് അക്കൗണ്ടില്‍. 

10 മത്സരങ്ങളില്‍ ഏഴ് ജയം സ്വന്തമാക്കിയ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു 14 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുന്നു. മൂന്ന് മത്സരങ്ങള്‍ മാത്രമാണ് ആര്‍സിബി പരാജയപ്പെട്ടത്. ഗുജറാത്ത് ടൈറ്റന്‍സാണ് നാലാം സ്ഥാനത്ത്. 9 മത്സരങ്ങളില്‍ 12 പോയിന്റാണ് അവര്‍ക്ക്. ഇത്രയും തന്നെ തന്നെ പോയിന്റുള്ള ഡല്‍ഹി ക്യാപിറ്റല്‍സ് അഞ്ചാം സ്ഥാനത്ത്. 10 മത്സരങ്ങളില്‍ 10 പോയിന്റുമായി ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് ആറാം സ്ഥാനത്താണ്. തൊട്ടുപിന്നില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. 10 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ കൊല്‍ക്കത്തയ്ക്ക് ഒമ്പത് പോയിന്റാണുള്ളത്. ആറ് പോയിന്റ് വീതമുള്ള രാജസ്ഥാന്‍ റോയല്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും യഥാക്രമം എട്ട്, ഒമ്പത് സ്ഥാനങ്ങളില്‍. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് അവസാന സ്ഥാനത്ത്.