ഇന്ത്യക്കായി 51 ടി20 മത്സരങ്ങളില്‍ കളിച്ചിട്ടുള്ള ശ്രേയസ് അയ്യര്‍ 30.66 ശരാശരിയിലും 136.12 സ്ട്രൈക്ക് റേറ്റിലുമായി 1104 റണ്‍സ് നേടിയിട്ടുണ്ട്. എന്നാല്‍ 2023 ഡിസംബറില്‍ ഓസ്ട്രേലിയക്കെതിരെ ആണ് ശ്രേയസ് അവസാനമായി ഇന്ത്യക്കായി ടി20 കളിച്ചത്.
മുംബൈ: ഏഷ്യാ കപ്പ് ടീമിലേക്ക് ശ്രേയസ് അയ്യരെ പരിഗണിക്കാതിരുന്ന സെലക്ടര്‍മാര്‍ക്കെതിരെ പ്രതികരിച്ച് പിതാവ് സന്തോഷ് അയ്യര്‍. ശ്രേയസിനെ ഏഷ്യാ കപ്പ് ടീമിലെടുക്കാതിരുന്നത് സങ്കടകരവും അനീതിയുമാണെന്ന് സന്തോഷ് അയ്യര്‍ ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചു. ടി20 ടീമിലെത്താന്‍ ഇനി അവന്‍ എന്താണ് ചെയ്യേണ്ടത് എന്ന് എനിക്കറിയില്ല, കഴിഞ്ഞ ഐപിഎല്ലിലും അവന്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഡല്‍ഹി ക്യാപിറ്റല്‍സില്‍ നിന്ന് കൊല്‍ക്കത്തയിലെത്തിയപ്പോള്‍ അവരെ ചാമ്പ്യൻമാരാക്കി. കഴിഞ്ഞ സീസണില്‍ പഞ്ചാബിനെ ഫൈനലിലെത്തിച്ചു. അതുകൊണ്ട് അവനെ ഇന്ത്യൻ ക്യാപ്റ്റനാക്കണമെന്നൊന്നുമല്ല ഞാന്‍ പറയുന്നത്, കുറഞ്ഞപക്ഷം അവനെ ടി20 ടീമിലെങ്കിലും ഉള്‍പ്പെടുത്തൂവെന്നാണ്.
ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിലെത്തിയില്ലങ്കിലും അതിന്‍റെ നിരാശയൊന്നും അവന്‍ ഇതുവരെ പ്രകടിപ്പിച്ചിട്ടില്ല. എന്‍റെ ഭാഗ്യം എന്നു മാത്രമാണ് അവന്‍ പറഞ്ഞത്. ഇനി അവന്‍റെ കാര്യത്തില്‍ ഒന്നും ചെയ്യാനില്ല. അവന്‍ എല്ലായ്പ്പോഴും ശാന്തനാണ്. ടീമിലേക്ക് പരിഗണിക്കാത്തതില്‍ അവനാരെയും കുറ്റപ്പെടുത്തിയിട്ടുമില്ല. പക്ഷെ അവന്‍റെയുള്ളിൽ നിരാശയുണ്ടെന്ന് വ്യക്തമാണെന്നും സന്തോഷ് അയ്യര്‍ പറഞ്ഞു.
ഇന്ത്യക്കായി 51 ടി20 മത്സരങ്ങളില്‍ കളിച്ചിട്ടുള്ള ശ്രേയസ് അയ്യര്‍ 30.66 ശരാശരിയിലും 136.12 സ്ട്രൈക്ക് റേറ്റിലുമായി 1104 റണ്‍സ് നേടിയിട്ടുണ്ട്. എന്നാല്‍ 2023 ഡിസംബറില്‍ ഓസ്ട്രേലിയക്കെതിരെ ആണ് ശ്രേയസ് അവസാനമായി ഇന്ത്യക്കായി ടി20 കളിച്ചത്. 2019ല്‍ ഐപിഎല്‍ ടീമായ ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ നായകനായ ശ്രേയസ് അയ്യര്‍ 2020ല്‍ ടീമിനെ ഫൈനലിലെത്തിച്ചു. 2024ല്‍ ക്യാപ്റ്റനെന്ന നിലയില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് കിരീടം സമ്മാനിച്ചെങ്കിലും ടീം നിലനിര്‍ത്താത്തതിനെ തുടര്‍ന്ന് ശ്രേയസ് പഞ്ചാബ് കിംഗ്സിലേക്ക് ടീം മാറിയിരുന്നു. ക്യാപ്റ്റനായ ആദ്യ സീസണില്‍ തന്നെ 13 വര്‍ഷത്തിനുശേഷം പഞ്ചാബിനെ ഫൈനലിലെത്തിക്കുകയും ചെയ്തു. ഐപിഎല്ലില്‍17 മത്സരങ്ങളില്‍ 50.33 ശരാശരിയിലും 175.07 സ്ട്രൈക്ക് റേറ്റിലും 604 റണ്‍സ് നേടിയിരുന്നു.
ശ്രേയസ് അയ്യരെ എന്തുകൊണ്ട് ഏഷ്യാ കപ്പ് ടീമിലേക്ക് പരിഗണിച്ചില്ലെന്ന ചോദ്യത്തിന് അത് ആരുടെയും തെറ്റല്ലെന്നും ഈ ടീമില്‍ നിന്ന് ആരെ ഒഴിവാക്കിയാണ് ശ്രേയസിനെ ഉള്‍പ്പെടുത്തുക എന്നുമായിരുന്നു ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ ചോദിച്ചത്. ശ്രേയസ് അവസരത്തിനായി കാത്തിരിക്കണമെന്നും അഗാര്‍ക്കര്‍ പറഞ്ഞിരുന്നു.


