ഇന്ത്യന്‍ ടീമില്‍ ഇടം ലഭിക്കാന്‍ അര്‍ഹനാണെന്ന് കരുതുന്നുവെന്നും എന്നാല്‍ അത് ലഭിക്കാതെ വന്നതില്‍ നിരാശയുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

മുംബൈ: ഏഷ്യാ കപ്പിനുള്ള ടി20 ടീമില്‍ നിന്ന് ശ്രേയസ് അയ്യരെ ഒഴിവാക്കിയത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. മികച്ച പ്രകടനം നടത്തിയിട്ടും ഒഴിവാക്കിയത് മുന്‍ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ചോദ്യം ചെയ്തു. റിസര്‍വ് താരങ്ങളുടെ പട്ടികയില്‍ പോലും അയ്യരെ ഉള്‍പ്പെടുത്തിയിരുന്നില്ല. ആഭ്യന്തര ക്രിക്കറ്റില്‍ എല്ലാ ഫോര്‍മാറ്റുകളിലും സ്ഥിരതയാര്‍ന്ന പ്രകടനമാണ് ശ്രേയസ് കാഴ്ചവെക്കുന്നത്. ഇത്തവണ ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിനായി ക്യാപ്റ്റനും ബാറ്ററുമായി മികച്ച പ്രകടനവും ശ്രേയസ് പുറത്തെടുത്തിരുന്നു. ഇപ്പോള്‍ പുറത്താക്കപ്പെട്ടതിനോട് പ്രതികരിക്കുകയാണ് ശ്രേയസ്.

ഇന്ത്യന്‍ ടീമില്‍ ഇടം ലഭിക്കാത്തതില്‍ നിരാശയുണ്ടെന്ന് തുറന്നുപറയുകയാണ് ശ്രേയസ്. ''ഇന്ത്യന്‍ ടീമില്‍ ഇടം ലഭിക്കാന്‍ ഞാന്‍ അര്‍ഹനാണെന്നാണ് കരുതുന്നത്. എന്നാല്‍ അത് ലഭിക്കാതെ വരികയും ചെയ്യുമ്പോള്‍ നിരാശ തോന്നും. എന്നാല്‍ മറ്റൊരാള്‍ ഇന്ത്യന്‍ ടീമില്‍ അവരുടെ റോള്‍ ഭംഗിയാക്കുന്നുണ്ടെങ്കില്‍ സന്തോഷം മാത്രം. ടീം വിജയിക്കുക എന്നുള്ളതിലാണ് കാര്യം. അങ്ങനെ സംഭവിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ഇന്ത്യന്‍ ടീമില്‍ അവസരം ലഭിച്ചില്ലെങ്കിലും അതിനായി കഠിനാദ്ധ്വാനം ചെയ്യും. ചിലപ്പോള്‍ നമ്മുടെ കഠിനാദ്ധ്വാനം ആരും ശ്രദ്ധിക്കുന്നുണ്ടാവില്ല. എങ്കിലും അത് ചെയ്തുകൊണ്ടിരിക്കണം.'' ശ്രേയസ് വ്യക്തമാക്കി.

2024-ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ മൂന്നാം ഐപിഎല്‍ കിരീടത്തിലേക്ക് നയിച്ചിരുന്നു ശ്രേയസ്. ഈ വര്‍ഷത്തെ ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെ ഫൈനലില്‍ എത്തിച്ചതും അയ്യര്‍ ആയിരുന്നു. ബാറ്റിംഗില്‍, 50.33 ശരാശരിയിലും 175.07 സ്‌ട്രൈക്ക് റേറ്റിലും ശ്രേയസ് 604 റണ്‍സാണ് ഐപിഎല്ലില്‍ അടിച്ചുകൂട്ടിയത്.

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീം: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ശുഭ്മാന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, റിങ്കു സിംഗ്, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്സര്‍ പട്ടേല്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ജസ്പ്രീത് ബുമ്ര, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്

സ്റ്റാന്‍ഡ് ബൈ കളിക്കാര്‍: യശസ്വി ജയ്‌സ്വാള്‍, പ്രസിദ്ധ് കൃഷ്ണ, വാഷിംഗ്ടണ്‍ സുന്ദര്‍, റിയാന്‍ പരാഗ്, ധ്രുവ് ജുറല്‍.

YouTube video player