ഐപിഎല്‍ 2026ല്‍ പഞ്ചാബ് കിംഗ്സിനെ കിരീടത്തിലേക്ക് നയിക്കുകയാണ് തന്റെ പ്രധാന ലക്ഷ്യമെന്ന് നായകന്‍ ശ്രേയസ് അയ്യര്‍ വ്യക്തമാക്കി.
മുംബൈ: ഐപിഎല്‍ 2026ല്‍ തകര്‍പ്പന്‍ ഫോമില്‍ തുടരുന്ന പഞ്ചാബ് കിംഗ്സിന്റെ പ്രധാന ലക്ഷ്യം കിരീടമുയര്‍ത്തുക എന്നതാണെന്ന് നായകന്‍ ശ്രേയസ് അയ്യര്‍. എന്നാല്‍ അമിതമായി ചിന്തിക്കാതെ ഓരോ മത്സരത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ടീം ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റിക്കി പോണ്ടിംഗ് പരിശീലകനായ പഞ്ചാബ് കിംഗ്സ് ആണ് ഈ സീസണില്‍ ഇതുവരെ തോല്‍വി അറിയാത്ത ഏക ടീം. കളിച്ച അഞ്ച് മത്സരങ്ങളില്‍ നാലിലും ജയിച്ചപ്പോള്‍ ഒരെണ്ണം മഴ മൂലം ഉപേക്ഷിക്കുകയായിരുന്നു.
ശ്രേയസിന്റെ വാക്കുകള്‍... ''കിരീടം നേടുക എന്നത് തന്നെയാണ് ദൗത്യം. എന്നാല്‍ നമ്മള്‍ വര്‍ത്തമാനകാലത്തില്‍ എത്രത്തോളം ശ്രദ്ധിക്കുന്നുവോ അത്രത്തോളം കാര്യങ്ങള്‍ നമ്മുടെ നിയന്ത്രണത്തിലായിരിക്കും. ഭാവിയെക്കുറിച്ചോ കഴിഞ്ഞ കാര്യങ്ങളെക്കുറിച്ചോ ഓര്‍ത്ത് വിഷമിക്കാതെ പൂര്‍ണ കരുത്തോടെ മുന്നോട്ട് പോകണം. നമ്മള്‍ കളിക്കുന്നത് നമുക്ക് വേണ്ടിയാണ്, എതിരാളികള്‍ക്ക് വേണ്ടിയല്ല എന്നാണ് ഞാന്‍ സഹതാരങ്ങളോട് പറയാറുള്ളത്. ഓരോ ദിവസവും സ്വയം മെച്ചപ്പെടാനാണ് ശ്രമിക്കേണ്ടത്. ടീമില്‍ ഒത്തൊരുമയുണ്ടായാല്‍ ഫലങ്ങള്‍ താനേ വന്നുകൊള്ളും.'' ജിയോസ്റ്റാറിന് നല്‍കിയ അഭിമുഖത്തില്‍ അയ്യര്‍ പറഞ്ഞു.
മുംബൈയ്ക്കെതിരെ തകര്‍പ്പന്‍ ജയം
കഴിഞ്ഞ മത്സരത്തില്‍ കരുത്തരായ മുംബൈ ഇന്ത്യന്‍സിനെ ഏഴ് വിക്കറ്റിന് തകര്‍ത്താണ് പഞ്ചാബ് തങ്ങളുടെ അപരാജിത കുതിപ്പ് തുടരുന്നത്. ക്വിന്റണ്‍ ഡി കോക്കിന്റെ സെഞ്ച്വറി (60 പന്തില്‍ 112*) കരുത്തില്‍ മുംബൈ 195 റണ്‍സെടുത്തു. പഞ്ചാബിനായി അര്‍ഷ്ദീപ് സിംഗ് 22 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ 196 റണ്‍സ് ലക്ഷ്യം വെച്ചിറങ്ങിയ പഞ്ചാബ് വെറും 16.3 ഓവറില്‍ ലക്ഷ്യം കണ്ടു. പ്രഭ്‌സിമ്രാന്‍ സിംഗ് (39 പന്തില്‍ 80*), നായകന്‍ ശ്രേയസ് അയ്യര്‍ (35 പന്തില്‍ 66) എന്നിവരുടെ വെടിക്കെട്ട് ബാറ്റിംഗാണ് പഞ്ചാബിന് അനായാസ ജയം സമ്മാനിച്ചത്.

