അഞ്ചാം ഓവറിൽ 19 റൺസെടുക്കുന്നതിനിടെ രണ്ട് മുൻനിര വിക്കറ്റുകൾ നഷ്ടമായി പതറിയ ട്രയംഫിനെ പിന്നീട് ക്രീസിലൊന്നിച്ച നൂതൻ കുമാർ ഗോയലും ക്യാപ്റ്റൻ സൂര്യകുമാറും ചേർന്ന് മൂന്നാം വിക്കറ്റിൽ 56 റൺസ് കൂട്ടിച്ചേർത്ത് തകർച്ചയിൽ നിന്ന് കരകയറ്റി.
മുംബൈ: ഇന്ത്യൻ ടി20 ടീമിന്‍റെ നായകസ്ഥാനത്തുനിന്ന് പുറത്താക്കിയതിന് പിന്നാലെ ആഭ്യന്തര ലീഗിലും സൂര്യകുമാർ യാദവിന് നിരാശ. മുംബൈ ടി20 ടൂർണമെന്‍റിൽ സൂര്യകുമാർ യാദവ് നയിച്ച ട്രയംഫ് നൈറ്റ്സ് എംഎൻഇയെ തകർത്ത് ശ്രേയസ് അയ്യരുടെ സോബോ മുംബൈ ഫാൽക്കൺസ് അഞ്ച് വിക്കറ്റ് ജയം സ്വന്തമാക്കി. വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പോരാട്ടത്തിൽ സൂര്യകുമാറിന്‍റെ ടീമുയർത്തിയ 148 റൺസ് വിജയലക്ഷ്യം ശ്രേയസിന്‍റെ മാച്ച് വിന്നിംഗ് ഇന്നിംഗ്സിന്‍റെ കരുത്തിലാണ് ഫാൽക്കൺസ് മറികടന്നത്. സൂര്യകുമാറിനെ മാറ്റി ശ്രേയസിനെ ഇന്ത്യൻ ടി20 ടീമിന്‍റെ പുതിയ നായകനായി ബിസിസിഐ ശനിയാഴ്ച പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു മൈതാനത്തും ഇരുവരും നേർക്കുനേർ വന്നത്.
മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ട്രയംഫ് നൈറ്റ്സിന് തുടക്കം പാളി. അഞ്ചാം ഓവറിൽ 19 റൺസെടുക്കുന്നതിനിടെ രണ്ട് മുൻനിര വിക്കറ്റുകൾ നഷ്ടമായി പതറിയ ട്രയംഫിനെ പിന്നീട് ക്രീസിലൊന്നിച്ച നൂതൻ കുമാർ ഗോയലും ക്യാപ്റ്റൻ സൂര്യകുമാറും ചേർന്ന് മൂന്നാം വിക്കറ്റിൽ 56 റൺസ് കൂട്ടിച്ചേർത്ത് തകർച്ചയിൽ നിന്ന് കരകയറ്റി. എന്നാൽ 11-ാം ഓവറിൽ സൂര്യകുമാറിനെ യഷ് ഡിചോൽക്കർ പുറത്താക്കിയതോടെ നൈറ്റ്സിന്‍റെ ബാറ്റിംഗ് നിര വീണ്ടും തകർന്നു. പിന്നീട് മികച്ച കൂട്ടുകെട്ടുകളൊന്നും കെട്ടിപ്പടുക്കാൻ കഴിയാതിരുന്ന ട്രയംഫ് നിശ്ചിത ഓവറിൽ 147 റൺസ് മാത്രമാണ് നേടിയത്. മൂന്ന് ഫോറും നാല് സിക്സും പറത്തി 24 പന്തില്‍ 48 റണ്‍സെടുത്താണ സൂര്യകുമാര്‍ ബാറ്റിംഗില്‍ തിളങ്ങി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഫാൽക്കൺസിനും പവർപ്ലേയിൽ 41 റൺസിന് 2 വിക്കറ്റുകൾ നഷ്ടമായിരുന്നു. എന്നാൽ മൂന്നാം വിക്കറ്റിൽ ഗൗതം വഗേലയുമായി ചേർന്ന് ശ്രേയസ് അയ്യർ 33 റൺസിന്‍റെ കൂട്ടുകെട്ടുണ്ടാക്കി. 13-ാം ഓവറിൽ 99 റൺസിന് 4 വിക്കറ്റ് എന്ന നിലയിലേക്ക് ഫാൽക്കൺസ് വീണെങ്കിലും, അഞ്ചാം വിക്കറ്റിൽ അവൈസ് ഖാനൊപ്പം(13) 44 റൺസിന്‍റെ കൂട്ടുകെട്ടുയര്‍ത്തി ശ്രേയസ് ടീമിനെ വിജയത്തിലേത്ക് നയിച്ചു. 36 പന്തില്‍ 5 ഫോറും നാലു സിക്സും പറത്തി 61 റണ്‍സുമായി ശ്രേയസ് പുറത്താകാതെ നിന്നു.
രണ്ട് വർഷത്തോളമായി ഇന്ത്യക്കായി അന്താരാഷ്ട്ര ടി20 കളിച്ചിട്ടില്ലെങ്കിലും ആഭ്യന്തര ക്രിക്കറ്റിലെയും ഐപിഎല്ലിലെയും തകർപ്പൻ ഫോമാണ് ശ്രേയസിനെ വീണ്ടും ഇന്ത്യൻ നായകസ്ഥാനത്ത് എത്തിച്ചത്. ഐപിഎൽ 2026-ൽ 13 മത്സരങ്ങളിൽ നിന്ന് 55.33 ശരാശരിയിൽ 498 റൺസാണ് ശ്രേയസ് അടിച്ചുകൂട്ടിയത്. 2024-ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ കിരീടത്തിലേക്കും, 2025-ൽ പഞ്ചാബ് കിങ്സിനെ ഫൈനലിലേക്കും നയിച്ചതും ശ്രേയസിന്‍റെ നായക മികവാണ്. മറുഭാഗത്ത്, ടി20 ലോകകപ്പിലെയും (242 റൺസ്, സ്ട്രൈക്ക് റേറ്റ് 136.72) ഐപിഎല്ലിലെയും (മുംബൈ ഇന്ത്യൻസിനായി 270 റൺസ്) ഫോമില്ലായ്മയാണ് സൂര്യകുമാറിന് ഇന്ത്യൻ ക്യാപ്റ്റൻ സ്ഥാനം നഷ്ടമാകാൻ കാരണമായത്.
