ടോസ് വീണതിന് ശേഷം സാധാരണയായി ഇരുടീമുകളുടെയും നായകൻമാര്‍ ഹസ്തദാനം ചെയ്യാറുണ്ട്.
മൊഹാലി: ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി താരങ്ങളെന്ന് വിശേഷിപ്പിക്കപ്പെടുന്നവരാണ് ശുഭ്മാൻ ഗില്ലും ഹാര്‍ദിക് പാണ്ഡ്യയും. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റൻസിന്റെ നായകനാണ് ഗിൽ. മുംബൈ ഇന്ത്യൻസിനെ നയിക്കുന്നതാകട്ടെ ഹാര്‍ദിക് പാണ്ഡ്യയും. ഇരുവരും മികച്ച താരങ്ങളാണെന്ന കാര്യത്തിൽ ആര്‍ക്കും സംശയമുണ്ടാകാനിടയില്ല. എന്നാൽ, ഇരുവര്‍ക്കുമിടയിൽ എന്തെങ്കിലും പ്രശ്നമുണ്ടോയെന്നാണ് ഇപ്പോൾ ആരാധകരുടെ സംശയം.
ശനിയാഴ്ച നടന്ന എലിമിനേറ്റര്‍ മത്സരത്തിന് മുന്നോടിയായുള്ള ടോസ് സമയത്തെ ഗില്ലിന്റെയും ഹാര്‍ദിക്കിന്റെയും പെരുമാറ്റമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചര്‍ച്ചയായി മാറിയിരിക്കുന്നത്. ടോസ് വീണതിന് ശേഷം നായകൻമാര്‍ ഇരുവരും ഹസ്തദാനം നടത്താറുണ്ട്. എന്നാൽ, ഗില്ലും ഹാര്‍ദിക്കും പരസ്പരം കൈ കൊടുക്കാൻ തയ്യാറായില്ല. ഹസ്തദാനം നടത്താൻ ഹാര്‍ദിക് തയ്യാറായിരുന്നുവെന്ന് വീഡിയോയിൽ കാണാം.
ഇരുവര്‍ക്കുമിടയിൽ ഈഗോ വാര്‍ നടക്കുന്നുണ്ടെന്നാണ് സോഷ്യൽ മീഡിയയുടെ വിലയിരുത്തൽ. മത്സരത്തിൽ ഗിൽ പുറത്തായപ്പോൾ ഹാര്‍ദിക് പാണ്ഡ്യ ഗില്ലിന് സമീപത്തുകൂടി ഓടിയാണ് വിക്കറ്റ് ആഘോഷിച്ചതെന്നും നെറ്റിസൺസ് ചൂണ്ടിക്കാട്ടുന്നു. എന്നാൽ, ഇതെല്ലാം നെറ്റിസൺസിന്റെ വിലയിരുത്തലുകളാണെന്നതും ഹാർദിക്കും ഗില്ലും തമ്മിൽ നല്ല ബന്ധത്തിലല്ല എന്നതിന് വ്യക്തമായ തെളിവുകളില്ലെന്നതും ശ്രദ്ധേയമാണ്.

അതേസമയം, നിര്‍ണായകമായ എലിമിനേറ്റര്‍ മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ഗുജറാത്ത് ടൈറ്റൻസിനെ 20 റൺസിന് പരാജയപ്പെടുത്തി. ഇതോടെ പഞ്ചാബ് കിംഗ്‌സിനെതിരായ ക്വാളിഫയർ 2-ലേയ്ക്ക് മുംബൈ ഇന്ത്യൻസ് യോഗ്യത നേടി. രോഹിത് ശർമ്മ നേടിയ 81 റൺസിന്റെ ബലത്തിൽ മുംബൈ 20 ഓവറിൽ 5ന് 228 എന്ന മികച്ച സ്കോറാണ് നേടിയത്. ജോണി ബെയർസ്റ്റോ (47),സൂര്യകുമാർ യാദവ്(33), തിലക് വർമ്മ (25), ഹാർദിക് പാണ്ഡ്യ (22) എന്നിവരും മികച്ച സംഭാവനകൾ നൽകി. മറുപടി ബാറ്റിംഗിൽ സായ് സുദർശൻ (80), വാഷിംഗ്ടൺ സുന്ദർ (48) എന്നിവർ ഗുജറാത്തിന് വേണ്ടി മികച്ച പോരാട്ടം കാഴ്ചവച്ചെങ്കിലും ഫലമുണ്ടായില്ല. തുടക്കത്തിൽ തന്നെ രോഹിത് ശര്‍മ്മയുടെ ക്യാച്ച് രണ്ട് തവണ പാഴാക്കിയതും ഗുജറാത്തിന് തിരിച്ചടിയായി.


