2017ലെ ഐപിഎൽ അരങ്ങേറ്റത്തിന് ശേഷമുള്ള റാഷിദ് ഖാന്റെ ഏറ്റവും മോശം സീസണായി 2025 മാറി.
അഹമ്മദാബാദ്: ഐപിഎല്ലിൽ നാണക്കേടിന്റെ റെക്കോർഡ് സ്വന്തമാക്കി ഗുജറാത്ത് ടൈറ്റൻസ് ബൗളർ റാഷിദ് ഖാൻ. മുംബൈ ഇന്ത്യൻസിനെതിരായ എലിമിനേറ്റർ മത്സരത്തിൽ റാഷിദ് ഖാൻ 4 ഓവറിൽ 41 റൺസ് വഴങ്ങിയിരുന്നു. രണ്ട് സിക്സറുകളാണ് താരത്തിനെതിരെ മുംബൈ ബാറ്റർമാർ അടിച്ചെടുത്തത്. ഇതോടെ ഒരു ഐപിഎൽ സീസണിൽ ഏറ്റവും കൂടുതൽ സിക്സറുകൾ (33) വഴങ്ങിയ താരമെന്ന റെക്കോർഡാണ് റാഷിദ് ഖാൻ സ്വന്തമാക്കിയത്.
സഹതാരം മുഹമ്മദ് സിറാജായിരുന്നു ഒരു സീസണിൽ ഏറ്റവും കൂടുതൽ സിക്സറുകൾ വഴങ്ങിയ താരമെന്ന റെക്കോർഡിന് ഉടമ. 31 സിക്സറുകളായിരുന്നു സിറാജിന്റെ പേരിലുണ്ടായിരുന്നത്. 2022-ൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനായി കളിക്കുമ്പോഴാണ് മുഹമ്മദ് സിറാജ് മോശം റെക്കോർഡിട്ടത്. എന്നാൽ, ഇത്തവണ ലീഗ് റൗണ്ടിലെ അവസാന മത്സരത്തിൽ റാഷിദ് ഖാൻ സിറാജിനൊപ്പമെത്തിയിരുന്നു. ചെന്നൈയ്ക്ക് എതിരെ 4 ഓവറിൽ 42 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയെങ്കിലും 3 സിക്സറുകളാണ് റാഷിദ് ഈ മത്സരത്തിൽ വഴങ്ങിയത്. ഇതോടെ റാഷിദ് ഖാനും 31 സിക്സറുകൾ വഴങ്ങി. എലിമിനേറ്ററിൽ മുംബൈയ്ക്ക് എതിരെ താരത്തിന് 2 സിക്സറുകൾ കൂടി വഴങ്ങേണ്ടി വന്നു.
2022ൽ രാജസ്ഥാൻ റോയൽസ് താരം യുസ്‌വേന്ദ്ര ചഹലും 2024ൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു താരം വാനിന്ദു ഹസറംഗയും 30 സിക്സറുകൾ വഴങ്ങിയിരുന്നു. 2018ൽ 29 സിക്‌സറുകൾ വഴങ്ങിയ മുൻ ചെന്നൈ സൂപ്പർ കിംഗ്സ് താരം ഡ്വെയ്ൻ ബ്രാവോയാണ് പട്ടികയിൽ അഞ്ചാം സ്ഥാനത്ത്. അതേസമയം, ഈ സീസണിൽ 15 മത്സരങ്ങളിൽ നിന്ന് 9 വിക്കറ്റുകൾ മാത്രമാണ് റാഷിദ് ഖാന് നേടാനായത്. 2017 ലെ ഐപിഎൽ അരങ്ങേറ്റത്തിനു ശേഷമുള്ള അദ്ദേഹത്തിന്റെ ഏറ്റവും മോശം പ്രകടനമാണിത്. അരങ്ങേറ്റത്തിനു ശേഷമുള്ള അദ്ദേഹത്തിന്റെ ഏറ്റവും മോശം ശരാശരിയും (57.11) ഈ സീസണിൽ രേഖപ്പെടുത്തി.


