മുന്‍ പാകിസ്ഥാന്‍ താരം മുുഹമ്മദ് യൂസഫ് 2006ല്‍ ഇംഗ്ലണ്ടിനെതിരെ 631 റണ്‍സ് നേടിയ മുഹമ്മദ് യൂസഫിന്‍റെ പേരിലായിരുന്നു ഇതിന് മുമ്പ് ഇംഗ്ലണ്ടില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയതിന്‍റെ റെക്കോര്‍ഡ്.

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ പരാജയ ഭീതിയിലാണെങ്കിലും ഇംഗ്ലണ്ടില്‍ അപൂര്‍വനേട്ടം സ്വന്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്‍. നാലാം ടെസ്റ്റിന്‍റെ നാലാം ദിനം 78 റണ്‍സുമായി ക്രീസില്‍ നിന്ന ഗില്‍ അഞ്ചാം ദിനം രണ്ട് റണ്‍സ് കൂടി നേടിയതോടെ ഇംഗ്ലണ്ടില്‍ ഒരു ടെസ്റ്റ് പരമ്പരയില്‍ 700 റണ്‍സ് നേടുന്ന ആദ്യ ഏഷ്യൻ താരമായി. മുന്‍ പാകിസ്ഥാന്‍ താരം മുുഹമ്മദ് യൂസഫ് 2006ല്‍ ഇംഗ്ലണ്ടിനെതിരെ 631 റണ്‍സ് നേടിയ മുഹമ്മദ് യൂസഫിന്‍റെ പേരിലായിരുന്നു ഇതിന് മുമ്പ് ഇംഗ്ലണ്ടില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയതിന്‍റെ റെക്കോര്‍ഡ്.

നാലാം ദിനം 13 റണ്‍സ് നേടിയപ്പോഴെ ഗില്‍ മുഹമ്മദ് യൂസഫിനെ മറികടന്നിരുന്നു. ഇന്ത്യൻ താരങ്ങളില്‍ 2002ല്‍ രാഹുല്‍ ദ്രാവിഡ്(602), 2018ല്‍ വിരാട് കോലി(593),1979ല്‍ സുനില്‍ ഗവാസ്കര്‍(542) ഇംഗ്ലണ്ടിലെ റണ്‍വേട്ടയില്‍ ഗില്ലിന് പിന്നിലുള്ളവര്‍. ഇംഗ്ലണ്ടിന് പുറമെ സെന രാജ്യങ്ങളില്‍ (സൗത്താഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട്) 700 റണ്‍സ് നേടുന്ന ആദ്യ ഏഷ്യന്‍ ബാറ്ററെന്ന റെക്കോര്‍ഡും ഗില്‍ ഇന്ന് സ്വന്തം പേരിലാക്കി.

2014-15 ഓസ്ട്രേലിയന്‍ പരമ്പരയില്‍ 692 റണ്‍സടിച്ച വിരാട് കോലിയുടെ പേരിലുള്ള റെക്കോര്‍ഡാണ് ഗില്‍ ഇന്ന് മറികടന്നത്. ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിക്കുന്ന ഇന്ത്യൻ താരമെന്ന റെക്കോര്‍ഡാണ് ഇനി ശുഭ്മാന്‍ ഗില്ലിന് മുന്നിലുള്ളത്. 1971ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 774 റണ്‍സും 1978-79 പരമ്പരയില്‍ 732 റണ്‍സും നേടിയ സുനില്‍ ഗവാസ്കറും 2024ല്‍ ഇംഗ്ലണ്ടിനെതിരെ 712 റണ്‍സ് നേടിയ യശസ്വി ജയ്സ്വാളുമാണ് ഒരു പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റൺസ് നേടിയ ഇന്ത്യൻ താരങ്ങള്‍.

ഒരു ടെസ്റ്റ് പരമ്പരയില്‍ 700 റണ്‍സ് തികയ്ക്കുന്ന മൂന്നാമത്തെ മാത്രം ഇന്ത്യൻ താരവുമാണ് ഗില്‍. വെസ്റ്റ് ഇന്‍ഡീസിനെതിരെ സുനില്‍ ഗവാസ്കര്‍, ഇംഗ്ലണ്ടിനെതിരെ യശസ്വി ജയ്സ്വാള്‍ എന്നിവരാണ് ഗില്ലിന് മുമ്പ് ഒരു ടെസ്റ്റ് പരമ്പരയില്‍ 700 റണ്‍സ് നേടിയ ഇന്ത്യൻ താരങ്ങൾ. ഒരു ടെസ്റ്റ് പരമ്പരയില്‍ 700 റണ്‍സ് നേടിയ ക്യാപ്റ്റന്‍മാരില്‍ എട്ടാമനാണ് ഗില്‍. ഡോണ്‍ ബ്രാഡ്മാന്‍(2 തവണ), ഗാരി സോബേഴ്സ്. ഗ്രെഗ് ചാപ്പല്‍, സുനില്‍ ഗവാസ്കര്‍, ഡേവിഡ് ഗവര്‍, ഗ്രഹാം ഗൂച്ച്, ഗ്രെയിം സ്മിത്ത് എന്നിവരാണ് ഇതിന് മുമ്പ് ഒരു ടെസ്റ്റ് പരമ്പരയില്‍ 700 റണ്‍സ് നേടിയ ക്യാപ്റ്റൻമാര്‍.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക