Asianet News MalayalamAsianet News Malayalam

182ല്‍ നിന്ന് മൂന്ന് സിക്സ്; ഡബിളടിച്ച് എല്ലാം ശുഭമാക്കി ഗില്‍, അടിച്ചെടുത്തത് നിരവധി റെക്കോര്‍ഡുകള്‍

ഏകദിന ഡബിള്‍ തികക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡും ഗില്‍ ഇന്ന് സ്വന്തമാക്കി. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ബംഗ്ലാദേശിനെതിരെ ഡബിള്‍ സെഞ്ചുറി നേടി റെക്കോര്‍ഡിട്ട ഇഷാന്‍ കിഷന്‍റെ(24 വയസും 145 ദിവസവും) റെക്കോര്‍ഡാണ് ഗില്‍(23 വയസും 132 ദിവസവും)ഇന്ന് മറികടന്നത്.

Shubman Gill create many records with first double century in ODI
Author
First Published Jan 18, 2023, 5:39 PM IST

ഹൈദരാബാദ്: ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഡബിള്‍ സെഞ്ചുറിയുമായി ഇന്ത്യയെ വമ്പന്‍ സ്കോറിലേക്ക് നയിച്ച ശുഭ്മാന്‍ ഗില്ലിന് 184ല്‍ നിന്ന് ഡബിള്‍ സെഞ്ചുറിയിലെത്താന്‍ വേണ്ടി വന്നത് മൂന്നേ മൂന്ന് പന്തുകള്‍. 47-ാം ഓവര്‍ പൂര്‍ത്തിയായപ്പോള്‍ 169 റണ്‍സിലെത്തിയിട്ടേ ഉണ്ടായിരുന്നുള്ളു ഗില്‍. 48ാം ഓവറില്‍ ടിക്‌നര്‍ക്കെതിരെ രണ്ട് സിക്സ് പറത്തിയ ഗില്‍ ഡബിളിനോട് അടുത്തു. അപ്പോഴും അവസാന രണ്ടോവറില്‍ ഗില്ലിന് കരിയറിലെ ആദ്യ ഡബിള്‍ സെഞ്ചുറിയിലെത്താന്‍ 18 റണ്‍സ് കൂടി വേണമായിരുന്നു.

എന്നാല്‍ ലോക്കി ഫെര്‍ഗൂസന്‍ എറിഞ്ഞ 49-ാം ഓവറിലെ ആദ്യ മൂന്ന് പന്തും സിക്സിന് പറത്തിയ ഗില്‍ 182ല്‍ നിന്ന് 200ലെത്തി. 142 പന്തില്‍ 182 റണ്‍സായിരുന്ന ഗില്‍ 145 പന്തില്‍ കരിയറില ആദ്യ ഡബിള്‍ തികച്ചു.  അവസാനം നേരിട്ട 12 പന്തില്‍ ആറ് സിക്സുകളാണ് ഗില്‍ പറത്തിയത്. ഹൈദരാബാദില്‍ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറെന്ന സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ(186*) റെക്കോര്‍ഡാണ് ഗില്‍(208) മറികടന്നത്.

ഏകദിന ഡബിള്‍ തികക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡും ഗില്‍ ഇന്ന് സ്വന്തമാക്കി. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ബംഗ്ലാദേശിനെതിരെ ഡബിള്‍ സെഞ്ചുറി നേടി റെക്കോര്‍ഡിട്ട ഇഷാന്‍ കിഷന്‍റെ(24 വയസും 145 ദിവസവും) റെക്കോര്‍ഡാണ് ഗില്‍(23 വയസും 132 ദിവസവും)ഇന്ന് മറികടന്നത്.

വെടിച്ചില്ല് ഗില്‍, വെടിക്കെട്ട് ഇരട്ട സെഞ്ചുറി; ഇന്ത്യക്ക് പടുകൂറ്റന്‍ സ്‌കോര്‍

നേരത്ത സെഞ്ചുറി തികച്ചതിന് പിന്നാലെ ഏകദിന ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 1000 റണ്‍സ് തികക്കുന്ന ബാറ്ററെന്ന വിരാട് കോലിയുടെയും ശിഖര്‍ ധവാന്‍റെയും റെക്കോര്‍ഡുകളും ഗില്‍ മറികടന്നിരുന്നു. കോലിയും ധവാനും 24 ഇന്നിംഗ്സുകളില്‍ 1000 റണ്‍സ് തികച്ചപ്പോള്‍ ഗില്ലിന് വേണ്ടിവന്നത്19 ഇന്നിംഗ്സുകള്‍ മാത്രമാണ്.

ഏകദിന ഡബിള്‍ നേടുന്ന അഞ്ചാമത്തെ മാത്രം ഇന്ത്യന്‍ ബാറ്ററാണ് ഗില്‍. രോഹിത് ശര്‍മ(3), സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വീരേന്ദര്‍ സെവാഗ്, ഇഷാന്‍ കിഷന്‍ എന്നിവരാണ് ഗില്ലിന് മുമ്പ് റെക്കോര്‍ഡുകള്‍ അടിച്ചെടുത്തത്

Follow Us:
Download App:
  • android
  • ios