Asianet News MalayalamAsianet News Malayalam

ഗില്ലാട്ടം, ഇരട്ട സെഞ്ചുറി; പ്രിയങ്കിനും വിഹാരിക്കും ശതകം; ഇന്ത്യ എയ്‌ക്ക് വീരോചിത സമനില

ഒന്നാം ഇന്നിംഗ്‌സില്‍ കൂറ്റന്‍ ലീഡ് വഴങ്ങിയശേഷമാണ് ന്യൂസിലന്‍ഡ് എയ്‌ക്കെതിരെ ക്രൈസ്റ്റ്‌ചര്‍ച്ചില്‍ ഇന്ത്യ എ വീരോചിത സമനില നേടിയത്

Shubman Gill double ton India A draw vs New Zealand A
Author
Christchurch, First Published Feb 2, 2020, 10:47 AM IST

ക്രൈസ്റ്റ്‌ചര്‍ച്ച്: ഗില്ലാട്ടം കണ്ട മത്സരത്തില്‍ ന്യൂസിലന്‍ഡ് എയ്‌ക്കെതിരെ ആദ്യ ചതുര്‍ദിന മത്സരത്തില്‍ ഇന്ത്യ എയ്‌ക്ക് ആവേശസമനില. ക്രൈസ്റ്റ് ചര്‍ച്ചില്‍ ഇരട്ട സെഞ്ചുറി നേടിയ ശുഭ്‌മാന്‍ ഗില്ലും സെഞ്ചുറി നേടിയ നായകന്‍ ഹനുമാ വിഹാരിയും പ്രിയങ്ക് പാഞ്ചലുമാണ് അവസാനദിനം ഇന്ത്യയെ തോല്‍വിയില്‍ നിന്ന് രക്ഷിച്ചത്. ഒന്നാം ഇന്നിംഗ്‌സില്‍ 346 റണ്‍സിന്‍റെ കൂറ്റന്‍ ലീഡ് വഴങ്ങിയശേഷമായിരുന്നു ഇന്ത്യ എയുടെ വീരോചിത സമനില. സ്‌കോര്‍: ന്യൂസിലന്‍ഡ്-562/7 decl, ഇന്ത്യ-216, 448/3 (101.1)

ഗില്‍, പ്രിയങ്ക്, വിഹാരി

ഓപ്പണര്‍മാരായ അഭിമന്യു ഈശ്വരനെയും(26), മായങ്ക് അഗര്‍വാളിനെയും(0) മൂന്നാംദിനം നഷ്‌ടമായിരുന്നു. നാലാംദിനം 127-2 എന്ന നിലയില്‍ ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് 164 പന്തില്‍ ഏഴ് ഫോറും ആറ് സിക്‌സും സഹിതം 115 റണ്‍സെടുത്ത പ്രിയങ്ക് പാഞ്ചലിനെ മാത്രമാണ് നഷ്‌ടമായത്. നാലാം വിക്കറ്റില്‍ ഗില്ലും വിഹാരിയും 222 കൂട്ടുകെട്ടുമായി മത്സരം സമനിലയിലാക്കി. ഗില്‍ 279 പന്തില്‍ 22 ഫോറും നാല് സിക്‌സും സഹിതം 204* റണ്‍സും വിഹാരി 113 പന്തില്‍ 11 ഫോറും മൂന്ന് സിക്‌സും സഹിതം 100* റണ്‍സും നേടി. 

ആദ്യ ഇന്നിംഗ്‌സില്‍ കൂറ്റന്‍ ലീഡ് വഴങ്ങിയ ശേഷമാണ് ഇന്ത്യ രണ്ടാം ഇന്നിംഗ്‌സില്‍ വമ്പന്‍ ചെറുത്തുനില്‍പ് നടത്തിയത്. ഇന്ത്യയുടെ 216 റണ്‍സ് പിന്തുടര്‍ന്ന ന്യൂസിലന്‍ഡ് എ ആദ്യ ഇന്നിംഗ്‌സില്‍ ഏഴ് വിക്കറ്റിന് 562 റണ്‍സ് നേടിയിരുന്നു. വിക്കറ്റ് കീപ്പര്‍ ഡെയ്‌ന്‍ ക്ലീവര്‍(196), മാര്‍ക് ചോപ്‌മാന്‍(114) എന്നിവരുടെ സെഞ്ചുറികളാണ് ന്യൂസിലന്‍ഡ് എയെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്. മലയാളി താരം സന്ദീപ് വാര്യരും ഇഷാന്‍ പോരലും രണ്ട് വിക്കറ്റ് വീതമെടുത്തു.

ആദ്യ ഇന്നിംഗ്‌സിലും ഗില്ലാട്ടം

ആദ്യ ഇന്നിംഗ്‌സിലും ശുഭ്‌മാന്‍ ഗില്‍ തിളങ്ങിയിരുന്നു. 83 റണ്‍സെടുത്ത ഗില്ലാണ് ഇന്ത്യ എയെ 216ലെത്തിച്ചത്. നായകന്‍ ഹനുമാ വിഹാരി 51 റണ്‍സെടുത്തു. വെറും 54.1 ഓവര്‍ മാത്രമാണ് ഇന്നിംഗ്‌സ് നീണ്ടത്. 18 റണ്‍സ് വീതം നേടിയ പ്രിയങ്ക് പാഞ്ചലും ഷഹ്‌ബാദ് നദീമുമാണ് മറ്റ് ഉയര്‍ന്ന സ്‌കോറുകാര്‍. ഇന്ത്യന്‍ താരങ്ങളില്‍ അഞ്ച് പേര്‍ രണ്ടക്കം കണ്ടില്ല. നാല് വിക്കറ്റുമായി മൈക്കലും മൂന്ന് പേരെ പുറത്താക്കി കോളുമാണ് ഇന്ത്യയെ തകര്‍ത്തത്. ജേക്കബ് രണ്ടും സീന്‍ ഒരു വിക്കറ്റും വീഴ്‌ത്തി. 

Follow Us:
Download App:
  • android
  • ios