ആഭ്യന്തര ക്രിക്കറ്റിലും ഇന്ത്യ എക്കായും താന്‍ കൂടുതലും മൂന്നാം നമ്പറിലും നാലാം നമ്പറിലുമാണ് ബാറ്റ് ചെയ്തിട്ടുള്ളതെന്ന് വിന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റിന് മുമ്പ് ഗില്‍ പറഞ്ഞു.
ഡൊമനിക്ക: വെസ്റ്റ് ഇനഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ചേതേശ്വര്‍ പൂജാരക്ക് പകരം മൂന്നാം നമ്പറില്‍ ബാറ്റിംഗിന് ഇറങ്ങുന്നത് ശുഭ്മാന്‍ ഗില്ലാണ്. യുവതാരം യശസ്വി ജയ്‌സ്വാള്‍ ഓപ്പണറായി അരങ്ങേറിയതോടെയാണ് ഗില്ലിന് മൂന്നാം നമ്പറില്‍ അവസരം ഒരുങ്ങിയത്. കഴിഞ്ഞ മാസം നടന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് വരെ ചേതേശ്വര്‍ പൂജാരയായിരുന്നു മൂന്നാം നമ്പറില്‍ ഇന്ത്യക്കായി ബാറ്റിംഗിനിറങ്ങിയിരുന്നത്. എന്നാല്‍ പൂജാര പുറത്തായതോടെയാണ് ഗില്ലിന് മൂന്നാം നമ്പറില്‍ അവസരം ലഭിച്ചത്.
വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരക്ക് മുമ്പ് ഗില്ലിനോട് ഏത് പൊസിഷനില്‍ ബാറ്റ് ചെയ്യാനാണ് ആഗ്രഹിക്കുന്നതെന്ന് ചോദിച്ചിരുന്നുവെന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ വെളിപ്പെടുത്തിയിരുന്നു. ഗില്‍ തന്നെയാണ് മൂന്നാം നമ്പര്‍ തെരഞ്ഞെടുത്തത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഗില്ലിന്‍റെ താല്‍പര്യം നാലാം നമ്പറായിരുന്നുവെന്ന് ഗില്ലിന്‍റെ പിന്നീടുള്ള പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാണ്. ആഭ്യന്തര ക്രിക്കറ്റിലും ഇന്ത്യ എക്കായും താന്‍ കൂടുതലും മൂന്നാം നമ്പറിലും നാലാം നമ്പറിലുമാണ് ബാറ്റ് ചെയ്തിട്ടുള്ളതെന്ന് വിന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റിന് മുമ്പ് ഗില്‍ പറഞ്ഞു.
ഈ സ്ഥാനങ്ങളിലിറങ്ങിയാല്‍ എനിക്ക് ടീമിനുവേണ്ടി കൂടുതല്‍ സംഭാവന ചെയ്യാനാകുമെന്ന് ഞാന്‍ കോച്ച് രാഹുല്‍ ദ്രാവിഡിനെ അറിയിച്ചിരുന്നു. ഓപ്പണറായി ഇറങ്ങുന്നത് നല്ലതാണെങ്കിലും എനിക്ക് കൂടുതല്‍ തിളങ്ങാനാകുക മൂന്നാം നമ്പറിലോ നാലാം നമ്പറിലോ ആണ്. ഓപ്പണറും മൂന്നാം നമ്പറും തമ്മില്‍ വലിയ വ്യത്യസമില്ല. എങ്കിലും ഇന്നിംഗ്സുകള്‍ക്കിടയില്‍ ചെറിയൊരു ഇടവേള കിട്ടുമെന്നതാണ് വ്യത്യാസമെന്നും ജിയോ സിനിമക്ക് നല്‍കിയ അഭിമുഖത്തില്‍ ഗില്‍ പറഞ്ഞു.
ബാറ്റിംഗ് ഓര്‍ഡറിലെ നാലാം നമ്പര്‍ സ്ഥാനം ടീമിലെ ഏറ്റവും മികച്ച ബാറ്റര്‍ക്കായാണ് മിക്കവാറും ടീമുകള്‍ നീക്കിവെക്കാറുള്ളതെന്ന് ആകാശ് ചോപ്ര നേരത്തെ വ്യക്തമാക്കിയിരുന്നു. ജോ റൂട്ട്, സ്റ്റീവ് സ്മിത്ത്, വിരാട് കോലി തുടങ്ങിയവരെല്ലാം അങ്ങനെ നാലാം നമ്പറില്‍ ഇറങ്ങുന്നവരാണ്. ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ വിരമിച്ചപ്പോഴാണ് കോലിക്ക് നാലാം നമ്പര്‍ സ്ഥാനം കിട്ടിയത്. ഭാവിയില്‍ കോലിയുടെ നാലാം നമ്പറില്‍ ശുഭ്മാന്‍ ഗില്‍ എതതിയാലും അത്ഭുതപ്പെടാനില്ല. മൂന്ന് വര്‍ഷത്തിനിടെ ഒരേയൊരു ടെസ്റ്റ് സെഞ്ചുറി മാത്രം നേടിയ കോലിക്ക് വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര കരിയറില്‍ നിര്‍ണായകമാണ്.
