ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യയുടെ വിജയത്തിന് പിന്നാലെ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെ പ്രതികരണം.
ബെര്‍മിംഗ്ഹാം: ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റില്‍ വിജയിച്ചതിന് പിന്നാലെ ഇന്ത്യന്‍ ടീമിനെ വാഴ്ത്തി ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍. 336 റണ്‍സിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. 608 റണ്‍സ് പിന്തുടര്‍ന്ന ഇംഗ്ലണ്ട് 271 റണ്‍സിന് പുറത്തായി. രണ്ട് ഇന്നിംഗ്‌സിലും തകര്‍പ്പന്‍ ബാറ്റിംഗ് പുറത്തെടുത്ത ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലാണ് കളിയിലെ താരം. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-1ന് ഒപ്പമെത്തി. പിന്നാലെയാണ് ഇന്ത്യന്‍ ടീമിന്റെ ജയത്തെ കുറിച്ച് ഗില്‍ സംസാരിച്ചത്.
ടെസ്റ്റിലൊന്നാകെ 10 വിക്കറ്റെടുത്ത ആകാശ് ദീപിനെ കുറിച്ചും ഗില്‍ സംസാരിക്കുന്നുണ്ട്. ക്യാപ്റ്റന്റെ വാക്കുകള്‍... ''ആദ്യ ടെസ്റ്റിന് ശേഷം ഞങ്ങള്‍ പ്രശ്‌നങ്ങള്‍ കൃത്യമായി മനസിലാക്കിയിരുന്നു. ഇത്തവണ ടീമിന്റെ ബൗളിംഗും ഫീല്‍ഡിംഗും മികച്ചതായിരുന്നു. ഇത്തരമൊരു വിക്കറ്റില്‍, 400-500 റണ്‍സ് നേടിയാല്‍ ഞങ്ങള്‍ മത്സരത്തിലുണ്ടാകുമെന്ന് ഉറപ്പായിരുന്നു. ഹെഡിംഗ്ലിയില്‍ ഞങ്ങള്‍ കൂടുതല്‍ ക്യാച്ചുകള്‍ കൈവിട്ടു. എന്നാല്‍ അത് എപ്പോഴും സംഭവിക്കുന്ന ഒന്നല്ല. പേസര്‍മാര്‍ ഗംഭീരമായി പന്തെറിഞ്ഞു. മുഹമ്മദ് സിറാജ്, ആകാശ് ദീപ് എന്നിവരുടെ പ്രകടനം എടുത്തുപറയണം. പ്രസിദ്ധ് കൃഷ്ണ് വിക്കറ്റുകള്‍ നേടിയില്ലെങ്കിലും പോലും അദ്ദേഹം മികച്ച രീതിയില്‍ പന്തെറിഞ്ഞു.'' ഗില്‍ വ്യക്തമാക്കി.
ആകാശിനെ കുറിച്ച് ഗില്‍ സംസാരിച്ചതിങ്ങനെ... ''ആകാശ് ഹൃദയം കൊണ്ടാണ് പന്തെറിഞ്ഞത്. പന്ത് ഇരുവശത്തേക്കും ചലിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഇതുപോലുള്ള വിക്കറ്റുകളില്‍, അങ്ങനെ ചെയ്യാന്‍ പ്രയാസമാണ്. എന്റെ പ്രകടനത്തില്‍ എനിക്ക് സന്തോഷമുണ്ട്. എന്റെ സംഭാവനകള്‍ കൊണ്ട് പരമ്പര ജയിക്കുന്നത് സന്തോഷം നല്‍കുന്ന കാര്യമാണ്. അങ്ങനെ സംഭവിക്കുമെന്ന് പ്രതീക്ഷിക്കാം. ഞാനെല്ലാം പഠിച്ചുകൊണ്ടിരിക്കുകയാണ്. ക്രീസിലെത്തുമ്പോള്‍ ഒരു ബാറ്റ്‌സ്മാനായി കളിക്കാനും ഒരു ബാറ്റ്‌സ്മാനായി ചിന്തിക്കാനും ഒരു ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ റിസ്‌ക് ഏറ്റെടുക്കാനും ഞാന്‍ ആഗ്രഹിക്കുന്നു.'' ഗില്‍ വിശദമാക്കി.
ബമ്രയുടെ തിരിച്ചുവരവിനെ കുറിച്ചും ഗില്‍ സംസാരിച്ചു. ''ലോര്‍ഡ്‌സ് ടെസ്റ്റില്‍ ജസ്പ്രിത് ബുമ്ര തിരിച്ചെത്തും. ലോര്‍ഡ്‌സില്‍ കളിക്കുത്തിന്റെ ആവേശം ഞങ്ങള്‍ക്കെല്ലാവര്‍ക്കുമുണ്ട്. ലോകത്തെ പ്രശസ്തമായ ക്രിക്കറ്റ് സ്റ്റേഡിയം. കുട്ടിക്കാലത്ത് എല്ലാവരും അവിടെ കളിക്കണമെന്ന് സ്വപ്നം കാണുന്നുണ്ടാവും. ഇന്ത്യന്‍ ടീമിനെ ആ ഗ്രൗണ്ടില്‍ നയിക്കാന്‍ കഴിയുന്നത് വലിയ ബഹുമതിയായിട്ട് തന്നെ കാണുന്നു.'' ഇന്ത്യന്‍ ക്യാപ്റ്റന്‍ കൂട്ടിചേര്‍ത്തു.
ഒരു ടെസ്റ്റില്‍ ഡബിള്‍ സെഞ്ചുറിയും സെഞ്ചുറിയും നേടുന്ന രണ്ടാമത്തെ മാത്രം ഇന്ത്യന്‍ ബാറ്ററും ലോക ക്രിക്കറ്റിലെ ഒമ്പതാമത്തെ ബാറ്ററുമെന്ന റെക്കോര്‍ഡും ഗില്‍ ഇന്ന് സ്വന്തമാക്കി. 1971ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ സുനില്‍ ഗവാസ്‌കര്‍ ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ചുറിയും(124) രണ്ടാം ഇന്നിംഗ്‌സില്‍ ഇരട്ട സെഞ്ചുറിയും(220) നേടിയ ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ ബാറ്റര്‍ ഈ നേട്ടം സ്വന്തമാക്കുന്നത്.

