എന്തുകൊണ്ട് കരുണ്‍ ഒഴിവാക്കപ്പെട്ടുവെന്നതിനോട് പ്രതികരിക്കുകയാണ് ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍.

നാഗ്പൂര്‍: വിജയ് ഹസാരെ ട്രോഫിയില്‍ ഗംഭീര പ്രകടനമായിരുന്നുന്നു വിദര്‍ഭ ക്യാപ്റ്റന്‍ കരുണ്‍ നായരുടേത്. ടീമിനെ ഫൈനലിലേക്ക് നയിച്ച താരം എട്ട് മത്സരങ്ങളില്‍ നിന്ന് 779 റണ്‍സാണ് കരുണ്‍ അടിച്ചെടുത്തത്. ഇതില്‍ ആറ് മത്സരങ്ങളിലും താരത്തെ പുറത്താക്കാന്‍ സാധിച്ചിട്ടില്ല. ക്രിക്കറ്റ് ഇതിഹാസം സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഉള്‍പ്പെടെയുള്ളവര്‍ കരുണിനെ വാഴ്ത്തി രംഗത്ത് വന്നിരുന്നു. അസാധാരണ പ്രകടനമെന്നാണ് സച്ചിന്‍ എക്സില്‍ കുറിച്ചിട്ടത്. അഞ്ച് സെഞ്ചുറികളാണ് മലയാളി കൂടിയായ കരുണ്‍ സ്വന്തമാക്കിയത്. 112*, 44*, 163*, 111*, 112, 122*, 88*, 27 എന്നിങ്ങനെയായിരുന്നു താരത്തിന്റെ സ്‌കോറുകള്‍.

ഈ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ കരുണിനെ ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് വാദിച്ചവരുണ്ടായിരുന്നു. എന്നാല്‍ അതുണ്ടായില്ല. എന്നാലിപ്പോള്‍ എന്തുകൊണ്ട് കരുണ്‍ ഒഴിവാക്കപ്പെട്ടുവെന്നതിനോട് പ്രതികരിക്കുകയാണ് ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍. ഇന്ത്യന്‍ ടീമിന് തുടര്‍ച്ച പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു. ഗില്ലിന്റെ വാക്കുകള്‍... ''കരുണ്‍ വിജയ് ഹസാരെ ട്രോഫിയില്‍ മികച്ച പ്രകടനം പുറത്തെടുത്തു. നിലവിലെ കളിക്കാരെ ഒഴിവാക്കാന്‍ സാധിക്കില്ല. ഈ ഘട്ടത്തിലെത്താന്‍ അവര്‍ മികച്ച പ്രകടനം പുറത്തെടുത്തവര്‍ തന്നെയാണ് അവര്‍.'' ഗില്‍ പറഞ്ഞു. 

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയെ കുറിച്ചും ഗില്‍ സംസാരിച്ചു. ''ഇംഗ്ലണ്ടിനെതിരെ മൂന്ന് ഏകദിന മത്സരങ്ങളാണ് ഞങ്ങള്‍ കളിക്കുന്നത്. അവര്‍ കരുത്തരാണ്. ചാംപ്യന്‍സ് ട്രോഫിക്കുള്ള പരിശീലന മത്സരമായി ഇതിനെ കാണുന്നില്ല. കാരണം ഇത് ഞങ്ങള്‍ക്ക് വളരെ പ്രധാനപ്പെട്ട ഒരു പരമ്പരയാണ്. ഏതൊരു പരമ്പരരേയും പോലെ ഈ പരമ്പരയിലും ആധിപത്യം സ്ഥാപിക്കാനും വിജയിക്കാനും ഞങ്ങള്‍ ആഗ്രഹിക്കുന്നു.'' ഗില്‍ വ്യക്തമാക്കി.

ഇന്ത്യ-പാക് ചാംപ്യന്‍സ് ട്രോഫി പോര്: ലക്ഷത്തിലധികം വിലയുള്ള ടിക്കറ്റുകള്‍ വിറ്റഴിഞ്ഞത് നിമിഷനേരം കൊണ്ട്

ഇംഗ്ലണ്ടിനെതിരെ ആദ്യ ടി20യ്ക്കുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിംഗ്.

ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സര ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, യശസ്വി ജയ്സ്വാള്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍. , വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിംഗ്, ഹര്‍ഷിത് റാണ.