ടി20 ബാറ്റിംഗ് റാങ്കിംഗില്‍ ഇന്ത്യയുടെ സൂര്യകുമാര്‍ യാദവ് ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ഓള്‍ റൗണ്ടര്‍മാരില്‍ ഹാര്‍ദ്ദിക് പാണ്ഡ്യ രണ്ടാം സ്ഥാനത്തുണ്ട്. ടി20 ബാറ്റിംഗ് റാങ്കിംഗില്‍ ആദ്യ പത്തില്‍ മറ്റ് ഇന്ത്യന്‍ ബാറ്റര്‍മാരാരും ഇല്ല.
ദുബായ്: ഐസിസി ഏകദിന റാങ്കിംഗില്‍ കരിയറിലെ ഏറ്റവും മികച്ച നേട്ടവുമായി ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍. ഏറ്റവും പുതിയ ബാറ്റിംഗ് റാങ്കിംഗില്‍ നാലാം സ്ഥാനത്താണ് ശുഭ്മാന്‍ ഗില്‍. തൊട്ട് മുന്‍ റാങ്കിംഗില്‍ അഞ്ചാമതായിരുന്നു ഗില്‍. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ആദ്യ പത്തില്‍ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ വിരാട് കോലി റാങ്കിംഗില്‍ രോഹിത്തിനെ മറികടന്നു. പുതിയ റാങ്കിംഗില്‍ രോഹിത് എട്ടാമത് തുടരുമ്പോള്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തിയ കോലി ആറാമതാണ്.
ദക്ഷിണാഫ്രിക്കയുടെ റാസി വാന്‍ഡര്‍ ദസ്സന്‍ രണ്ടാമതും പാക്കിസ്ഥാന്‍റെ ഇമാമുള്‍ ഹഖ് മൂന്നാമതുമുള്ള റാങ്കിംഗില്‍ ഡേവിഡ് വാര്‍ണറാണ് അഞ്ചാം സ്ഥാനത്ത്. പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസം ബാറ്റിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് തുടരുമ്പോള്‍ ബൗളിംഗ് റാങ്കിംഗില്‍ ഇന്ത്യയുടെ മുഹമ്മദ് സിറാജ് മൂന്നാം സ്ഥാനത്താണ്. ആദ്യ പത്തിലുള്ള ഏക ഇന്ത്യന്‍ ബൗളറും സിറാജാണ്. ഓസ്ട്രേലിയയുടെ ജോഷ് ഹേസല്‍വുഡ് ഒന്നാമതും ന്യൂസിലന്‍ഡിന്‍റെ ട്രെന്‍റ് ബോള്‍ട്ട് രണ്ടാമതുമാണ്.
ടി20 റാങ്കിംഗില്‍ സൂര്യ തന്നെ ഒന്നാമത്
ടി20 ബാറ്റിംഗ് റാങ്കിംഗില്‍ ഇന്ത്യയുടെ സൂര്യകുമാര്‍ യാദവ് ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ഓള്‍ റൗണ്ടര്‍മാരില്‍ ഹാര്‍ദ്ദിക് പാണ്ഡ്യ രണ്ടാം സ്ഥാനത്തുണ്ട്. ടി20 ബാറ്റിംഗ് റാങ്കിംഗില്‍ ആദ്യ പത്തില്‍ മറ്റ് ഇന്ത്യന്‍ ബാറ്റര്‍മാരാരും ഇല്ല. ബൗളിംഗിലും ആദ്യ പത്തില്‍ ഇന്ത്യന്‍ ബൗളര്‍മാരില്ല. ടി20 ബാറ്റിംഗ് റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തുള്ള പാക്കിസ്ഥാന്‍റെ മുഹമ്മദ് റിസ്‌വാന്‍(811) റേറ്റിംഗ് പോയന്‍റില്‍ ഒന്നാം സ്ഥാനത്തുള്ള സൂര്യകുമാറിനെക്കാള്‍(906) ഏറെ പിന്നിലാണ്. റാഷിദ് ഖാനാണ് ടി20 റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത്.
ഏകദിന റാങ്കിംഗില്‍ ന്യൂസിലന്‍ഡിന്‍റെ ഹെന്‍റി നിക്കോള്‍സ്, വില്‍ യങ്, മാറ്റ് ഹെന്‍റി എന്നിവരും ദക്ഷിണാഫ്രിക്കയുടെ ഏയ്ഡന്‍ മാര്‍ക്രവും നേട്ടമുണ്ടാക്കി. 13 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ മാര്‍ക്രം 41ാം സ്ഥാനത്താണ്. ഓള്‍ റൗണ്ടര്‍മാരുടെ പട്ടികയില്‍ 16 സ്ഥാനം മെച്ചപ്പെടുത്തിയ മാര്‍ക്രം 32-ാം സ്ഥാനത്തെത്തി.
