ഗില്ലിന്‍റെ പ്രഹരത്തില്‍ പ്രകോപിതനായ ആന്‍ഡേഴ്സണ്‍ പലപ്പോഴും ഗില്ലിനോട് വാക് പോരിന് എത്തിയിരുന്നു.

ധരംശാല: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ രണ്ടാം ദിനം ജെയിംസ് ആന്‍ഡേഴ്സണുമായുള്ള വാക് പോരിനെക്കുറിച്ച് തുറന്നു പറയാന്‍ മടിച്ച് ഇന്ത്യന്‍ താരം ശുഭ്മാന്‍ ഗില്‍. രണ്ടാം ദിനത്തിലെ കളിക്കുശേഷം സഞ്ജയ് മ‍ഞ്ജരേക്കറോട് സംസാരിക്കുമ്പോഴായിരുന്നു ഗില്‍ ആന്‍ഡേഴ്സണുമായുള്ള തര്‍ക്കത്തെക്കുറിച്ച് പുറത്ത് പറയാനാവില്ലെന്ന് വ്യക്തമാക്കിയത്.

രണ്ടാം ദിനം ഇന്ത്യന്‍ ഇന്നിംഗ്സിലെ 34-ാം ഓവറില്‍ ആന്‍ഡേഴ്സണെ ഫ്രണ്ട് ഫൂട്ടില്‍ ഇറങ്ങിവന്ന് ഗില്‍ സിക്സിന് പറത്തിയിരുന്നു. ഇതിനുശേഷമായിരുന്നു ഇരവരും തമ്മില്‍ കൊമ്പുകോര്‍ത്തത്. സെഞ്ചുറി തികച്ച ഗില്ലിനെ ഒടുവില്‍ ആന്‍ഡേഴ്സണ്‍ തന്നെ പുറത്താക്കുകയും ചെയ്തു.

ഇത്ര സിംപിളായിരുന്നോ, ആദ്യ പന്തിൽ തന്നെ ഞെട്ടിച്ച് സ്റ്റോക്സ്; അമ്പരന്ന് തലയില്‍ കൈവെച്ച് ഇംഗ്ലണ്ട് താരങ്ങൾ

എന്താണ് ആന്‍ഡേഴ്സണോട് ഗ്രൗണ്ടില്‍ വെച്ച് പറഞ്ഞതെന്ന മ‍ഞ്ജരേക്കര്‍ ചോദിച്ചപ്പോള്‍ അതൊന്നും ഇപ്പോള്‍ പുറത്ത് പറയാനാവില്ലെന്നും രഹസ്യമാണെന്നും ഗില്‍ പറഞ്ഞു. ചില കാര്യങ്ങള്‍ ഗ്രൗണ്ടില്‍ തന്നെ ഉപേക്ഷിക്കുന്നതാണ് നല്ലതെന്നും ഗില്‍ വ്യക്തമാക്കി. സെഞ്ചുറിയടിച്ചശേഷവും ആന്‍ഡേഴ്സണെ ഗില്‍ തുടര്‍ച്ചയായി ബൗണ്ടറി കടത്തിയിരുന്നു. ഗില്ലിന്‍റെ പ്രഹരത്തില്‍ പ്രകോപിതനായ ആന്‍ഡേഴ്സണ്‍ പലപ്പോഴും ഗില്ലിനോട് വാക് പോരിന് എത്തിയിരുന്നു. 110 റണ്‍സടിച്ച് ഇന്ത്യയുടെ ടോപ് സ്കോററായ ഗില്ലാകട്ടെ 12 ബൗണ്ടറികളും അഞ്ച് സിക്സും പറത്തി. പരമ്പരയില്‍ 452 റണ്‍സടിച്ച ഗില്‍ റണ്‍വേട്ടയില്‍ യശസ്വി ജയ്സ്വാളിന് പിന്നിലാണ്.

Scroll to load tweet…

ഗില്ലിന്‍റെ വിക്കറ്റെടുത്തതോടെ ടെസ്റ്റ് ക്രിക്കറ്റില്‍ 699 വിക്കറ്റിലെത്തിയ ആന്‍ഡേഴ്സണ്‍ 700 വിക്കറ്റ് നേടുന്ന ആദ്യ പേസറെന്ന ചരിത്രനേട്ടത്തിന് അരികിലാണ്. ധരംശാല ടെസ്റ്റിൽ ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 218 റണ്‍സിന് മറുപടിയായി രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 473 റണ്‍സെന്ന ശക്തമായ നിലയിലാണ്. 27 റണ്‍സുമായി കുല്‍ദീപ് യാദവും 19 റണ്‍സോടെ ജസ്പ്രീത് ബുമ്രയുമാണ് ക്രീസിലുള്ളത്. രണ്ട് വിക്കറ്റ് ശേഷിക്കെ ഇന്ത്യക്കിപ്പോള്‍ 255 റണ്‍സിന്‍റെ ലീഡുണ്ട്. ഒമ്പതാം വിക്കറ്റില്‍ കുല്‍ദീപ്-ബുമ്ര സഖ്യം 45 റണ്‍സാണ് ഇതുവരെ നേടിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക