ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിനിടെ കഴുത്തിന് പരിക്കേറ്റ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ഗുവാഹത്തിയിൽ നടക്കുന്ന രണ്ടാം ടെസ്റ്റിൽ കളിച്ചേക്കില്ല.

കൊല്‍ക്കത്ത: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യ ടെസ്റ്റിസിനിടെ കഴുത്തിന് പരിക്കേറ്റ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ ഗുവാഹത്തിയില്‍ കളിച്ചേക്കില്ല. ആശുപത്രി വിട്ടെങ്കിലും ഗില്‍ ഇപ്പോഴും വിശ്രമത്തിലാണ്. വിമാന യാത്ര ഒഴിവാക്കാന്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടതിനാല്‍ കൊല്‍ക്കത്തയില്‍ നിന്ന് റോഡ് മാര്‍ഗമാവും ഗില്‍ ഗുവാഹത്തിയില്‍ എത്തുക. ശനിയാഴ്ച തുടങ്ങുന്ന രണ്ടാം ടെസ്റ്റിന് മുന്‍പ് ഗില്ലിന്റെ പരിക്ക് ഭേദമാവില്ല എന്നാണ് സൂചന. ഇങ്ങനെയെങ്കില്‍ സായി സുദര്‍ശനോ, ദേവ്ദത്ത് പടിക്കലോ ടീമില്‍ ഇടംപിടിക്കും.

കൊല്‍ക്കത്തയിലെ ആദ്യ ഇന്നിംഗ്‌സില്‍ മൂന്ന് പന്തില്‍ നാല് റണ്‍സെടുത്ത് നില്‍ക്കേയാണ് ഗില്ലിന്റെ കഴുത്തിന് പരിക്കേറ്റത്. അപ്പോള്‍ തന്നെ കളിക്കളം വിട്ട ഗില്‍ രണ്ടാം ഇന്നിംഗ്‌സിലും ബാറ്റ് ചെയ്തില്ല. ഗില്ലിന്റെ അഭാവത്തില്‍ റിഷഭ് പന്താണ് ഇന്ത്യയെ നയിച്ചത്. ഗുവാഹത്തി ടെസ്റ്റില്‍ ഗില്‍ കളിച്ചില്ലെങ്കില്‍ പന്ത് ആയിരിക്കും ഇന്ത്യന്‍ നായകന്‍. ആദ്യ ടെസ്റ്റില്‍ തോറ്റ ഇന്ത്യക്ക് ഗുവാഹത്തിയില്‍ ജയം അനിവാര്യമാണ്. എങ്കില്‍ മാത്രമെ രണ്ട് മത്സരങ്ങളുടെ പരമ്പരയില്‍ ഒപ്പമെത്താന്‍ ഇന്ത്യക്ക് സാധിക്കൂ.

അതേസമയം, ആദ്യ ടെസ്റ്റിലെ തോല്‍വിക്കിടയിലും കുലുക്കമില്ലാതെ പരിശീലകന്‍ ഗൗതം ഗംഭീര്‍. ഇന്ത്യന്‍ ടീം ആഗ്രഹിച്ച പിച്ചാണ് കൊല്‍ക്കത്തയില്‍ തയ്യാറാക്കിയെന്ന് മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍. ബാറ്റര്‍മാരുടെ മോശം പ്രകടമാണ് ഇന്ത്യയുടെ തോല്‍വിക്ക് കാരണമെന്നും ഗംഭീര്‍ പറഞ്ഞു. മത്സരത്തിന് ശേഷം സംസാരിക്കുകയായിരുന്നു ഗംഭീര്‍. കളിക്കാന്‍ കഴിയാത്ത വിക്കറ്റായിരുന്നില്ല കൊല്‍ക്കത്തിയിലേത്. സമ്മര്‍ദത്തിന് വഴങ്ങിയതാണ് ഇന്ത്യക്ക് തിരിച്ചടിയായതെന്നും ഗംഭീര്‍.

ഇന്ത്യ ജയിച്ചിരുന്നെങ്കില്‍ പിച്ചിനെക്കുറിച്ചുളള വിവാദങ്ങള്‍ ഉണ്ടാവുമായിരുന്നില്ല. ഗുവാഹത്തിയില്‍ ഏത് തരംപിച്ചാണെങ്കിലും ദക്ഷിണാഫ്രിക്കയെ നേരിടാന്‍ തയ്യാറെന്നും ഇന്ത്യന്‍ കോച്ച് വ്യക്തമാക്കി. ഇന്ത്യന്‍ ടീം മാനേജ്മെന്റ് ആവശ്യപ്പെട്ട പ്രകാരമുള്ള പിച്ചാണ് തയാറാക്കിയതെന്ന് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ നായകനുമായ സൗരവ് ഗാംഗുലിയും വ്യക്തമാക്കിയിരുന്നു.

YouTube video player