എന്നാല്‍ രണ്ടാം ടെസ്റ്റില്‍ കളിക്കാന്‍ ഗില്‍ അതിയായി ആഗ്രഹിക്കുന്നുവെന്നും അതിനാല്‍ ഗില്‍ കളിക്കില്ലെന്ന് ഇപ്പോള്‍ ഉറപ്പു പറയാനാവില്ലെന്നുമാണ് ബിസിസിഐ നിലപാട്.
ഗുവാഹത്തി: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്‍ കളിക്കുന്ന കാര്യത്തില്‍ തീരുമാനം നാളെ. മത്സരത്തലേന്ന് നടക്കുന്ന കായികക്ഷമതാ പരിശോധനക്ക് ശേഷമെ രണ്ടാം ടെസ്റ്റില്‍ ഗില്‍ കളിക്കുമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം പറയാനാവൂ എന്നാണ് സെലക്ടര്‍മാരുടെ നിലപാട്. ഇതിനിടെ രണ്ടാം ടെസ്റ്റില്‍ ഗില്ലിന് പകരം റിഷഭ് പന്ത് ക്യാപ്റ്റനാവുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.
എന്നാല്‍ രണ്ടാം ടെസ്റ്റില്‍ കളിക്കാന്‍ ഗില്‍ അതിയായി ആഗ്രഹിക്കുന്നുവെന്നും അതിനാല്‍ ഗില്‍ കളിക്കില്ലെന്ന് ഇപ്പോള്‍ ഉറപ്പു പറയാനാവില്ലെന്നുമാണ് ബിസിസിഐ നിലപാട്. അതേസമയം, ഇന്നലെ ഗുവാഹത്തിയിലെത്തിയ ഇന്ത്യൻ ടീം ഇന്ന് രാവിലെ പരിശീലനത്തിനിറങ്ങിയെങ്കിലും ഗില്‍ പരിശീലനത്തില്‍ നിന്ന് വിട്ടു നിന്നു. കൊല്‍ക്കത്തയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ മൂന്ന് പന്തു മാത്രം നേരിട്ട ഗില്‍ നാലു റണ്‍സെടുത്തു നില്‍ക്കെയാണ് കഴുത്തുവേദന കാരണം ക്രീസ് വിട്ടത്. പിന്നീട് ഗില്‍ ബാറ്റിംഗിനിറങ്ങിയില്ല.
കൊല്‍ക്കത്തയില്‍ രണ്ടാം ഇന്നിംഗ്സില്‍ 124 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 93 റണ്‍സിന് ഓള്‍ ഔട്ടായി 30 റണ്‍സ് തോല്‍വി വഴങ്ങിയപ്പോള്‍ ഗില്ലിന്‍റെ അസാന്നിധ്യം നിര്‍ണായകമാകുകയും ചെയ്തു. രണ്ടാം ടെസ്റ്റിന് ഗില്ലിന്‍റെ പകരക്കാരെ ആരെയും സെലക്ടര്‍മാര്‍ പ്രഖ്യാപിച്ചിട്ടില്ല. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച ഫോമിലുള്ള റുതുരാജ് ഗെയ്ക്‌വാദിനെയോ കരുണ്‍ നായരെയോ പരിഗണിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും പകരക്കാരെ ടീമിലെടുക്കാൻ സെലക്ടര്‍മാര്‍ തയാറായില്ല.
പരമ്പരയില്‍ 0-1ന് പിന്നല്‍ നില്‍ക്കുന്നതിനാല്‍ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് വിജയം അനിവാര്യമാണ്. ടെസ്റ്റ് സമനിലയായാല്‍ പോലും ദക്ഷിണാഫ്രിക്ക പരമ്പര സ്വന്തമാക്കും. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പര നഷ്ടമാവുന്നത് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ ഇന്ത്യയുടെ മുന്നോട്ടുള്ള കുതിപ്പിനെയും ബാധിക്കും. രണ്ടാം ടെസ്റ്റില്‍ ഗില്‍ വിട്ടു നിന്നാല്‍ പകരം സായ് സുദര്‍ശന്‍ ടീമിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സായ് സുദര്‍ശൻ മൂന്നാം നമ്പറിലും ധ്രുവ് ജുറെല്‍ ഗില്ലിന്‍റെ സ്ഥാനത്ത് നാലാം നമ്പറിലും ബാറ്റിംഗിന് ഇറങ്ങിയേക്കും. രണ്ടാം ടെസ്റ്റിന് വേദിയാവുന്ന ഗുവാഹത്തി ആദ്യമായാണ് ഒരു ടെസ്റ്റ് മത്സരത്തിന് വേദിയാവുന്നത്.


