ഹാമില്‍ട്ടണ്‍: ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ മായങ്ക് അഗര്‍വാളിനൊപ്പം ശുഭ്‌മാന്‍ ഗില്ലിനെ ഒപ്പണറായി പരീക്ഷിക്കണമെന്ന് മുന്‍താരം ഹര്‍ഭജന്‍ സിംഗ്. ന്യൂസിലന്‍ഡ് എ ക്കെതിരെ ഗില്‍ പുറത്തെടുത്ത പ്രകടനം തന്നെയാണ് ടെസ്റ്റില്‍ മായങ്കിന്റെ പങ്കാളിയാക്കാന്‍ ഗില്ലിന് മുന്‍തൂക്കം നല്‍കുന്നതെന്നും ഹര്‍ഭജന്‍ വ്യക്തമാക്കി.

രോഹിത് ശര്‍മയുടെ അഭാവത്തില്‍ മായങ്കിനൊപ്പം പൃഥ്വി ഷാ ടെസ്റ്റില്‍ ഓപ്പണറാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാല്‍ ഏറെക്കാലമായി റിസര്‍വ് ഓപ്പണറായി ടീമില്‍ തുടരുന്ന ഗില്ലിന് ഇനിയെങ്കിലും ഓപ്പണിംഗ് സ്ഥാനത്ത് അവസരം നല്‍കണമെന്ന് ഹര്‍ഭജന്‍ വ്യക്തമാക്കി.മായങ്ക് ഓപ്പണര്‍ സ്ഥാനത്ത് കഴിവ് തെളിയിച്ച കളിക്കാരനാണ്. കളിയെക്കുറിച്ച് നല്ല അവഗാഹമുള്ള കളിക്കാരന്‍.

ഏകദിന പരമ്പരയില്‍ തിളങ്ങാതിരുന്നതിന്റെ പേരില്‍ മായങ്കിനെ ഒഴിവാക്കരുത്. അവസരം കിട്ടിയപ്പോഴൊക്കെ മായങ്ക് മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ട്. മായങ്കിനൊപ്പം ശുഭ്മാന്‍ ഗില്ലിനെ ഓപ്പണറാക്കണമെന്നാണ് എന്റെ അഭിപ്രായം-ഹര്‍ഭജന്‍ പറഞ്ഞു. അതേസമയം, മായങ്കിനൊപ്പം പൃഥ്വി ഷായെ തന്നെ ഓപ്പണറാക്കണമെന്ന് മുന്‍ ഇന്ത്യന്‍ താരം ദീപ് ദാസ് ഗുപ്ത പറഞ്ഞു. പൃഥ്വി ഷായ്ക്ക് കളിക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ മാത്രമെ ശുഭ്മാന്‍ ഗില്ലിനെ പരിഗണിക്കേണ്ടതുള്ളൂവെന്നും ദീപ് ദാസ് ഗുപ്ത വ്യക്തമാക്കി.