ഗില്‍ കളിക്കുമോ എന്ന കാര്യത്തിലെ എല്ലാ അഭ്യൂഹങ്ങളും നമുക്ക് ഇവിടെ അവസാനിപ്പിക്കാമെന്ന് തോന്നുന്നു. തീര്‍ച്ചയായും ഗില്‍ പാകിസ്ഥാനെതിരെ കളിക്കും. കാരണം, അവനെ കളിപ്പിക്കാതിരിക്കാന്‍ ഇന്ത്യക്കാവില്ല.

അഹമ്മദാബാദ്: ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാന്‍ സൂപ്പര്‍ പോരാട്ടത്തില്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ കളിക്കുമോ എന്ന ആശങ്കയിലാണ് ഇന്ത്യന്‍ ആരാധകര്‍.ഡെങ്കിപ്പനി ബാധിച്ച ഗില്‍ ഇന്നലെ അഹമ്മദാബാദില്‍ ബാറ്റിംഗ് പരിശീലനം നടത്തിയെങ്കിലും നാളത്തെ മത്സരത്തിനുണ്ടാകുമോ എന്ന് ഇപ്പോഴും ഉറപ്പിച്ച് പറയാനായിട്ടില്ല. എന്നാല്‍ അഭ്യൂഹങ്ങളെല്ലാം അവസാനിപ്പിക്കാമെന്നും ഗില്‍ കളിക്കുമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ടെന്നും തുറന്നു പറയുകയാണ് മുന്‍ ഇന്ത്യന്‍ ചീഫ് സെലക്ടറായ എം എസ് കെ പ്രസാദ്.

ഗില്‍ കളിക്കുമോ എന്ന കാര്യത്തിലെ എല്ലാ അഭ്യൂഹങ്ങളും നമുക്ക് ഇവിടെ അവസാനിപ്പിക്കാമെന്ന് തോന്നുന്നു. തീര്‍ച്ചയായും ഗില്‍ പാകിസ്ഥാനെതിരെ കളിക്കും. കാരണം, അവനെ കളിപ്പിക്കാതിരിക്കാന്‍ ഇന്ത്യക്കാവില്ല. അവന് ഒരു പനി വന്നുവെന്നേയുള്ളു. അത് മാറുകയും ചെയ്തു. അവന് പകരക്കാരനെ അന്വേഷിക്കേണ്ടത്രയും ഗുരുതര സ്ഥിതിയൊന്നുമില്ല. രോഗത്തെക്കുറിച്ച് പുറത്തുവരുന്നതെല്ലാം അഭ്യൂഹങ്ങള്‍ മാത്രമാണ്. ഇന്ത്യന്‍ ടീമിനൊപ്പം അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിനായി ഗില്‍ ഡല്‍ഹിയിലേക്ക് പോകാതിരുന്നത് മുന്‍ കരുതല്‍ എന്ന നിലയില്‍ മാത്രമാണ്.

അവന്‍ ആരോഗ്യം വീണ്ടെടുത്തു കഴിഞ്ഞു. ഒരു മണിക്കൂറോളം നെറ്റ്സില്‍ പരിശീലനം നടത്തിയെന്ന് പറഞ്ഞാല്‍ അയാള്‍ ആരോഗ്യനില വീണ്ടെടുത്തുവെന്നത് തന്നെയാണ് അതിനര്‍ത്ഥം. പാകിസ്ഥാനെതിരെ ഇന്ത്യക്ക് നിര്‍ണായക മത്സരമാണ്. അവന്‍ ഫിറ്റാണെന്നും നാളെ പാകിസ്ഥാനെതിരെ കളിക്കുമെന്നും എനിക്കുറപ്പുണ്ട്-എംഎസ്‌കെ പ്രസാദ് ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു.

'ആദ്യം ഞാനെന്‍റെ അമ്മയെ കാണട്ടെ, പാകിസ്ഥാനെതിരായ പോരാട്ടമെല്ലാം അതിനുശേഷം'; മനസു തുറന്നു ജസ്പ്രീത് ബുമ്ര

ഐപിഎല്ലില്‍ അഹമ്മദാബാദ് ഗുജറാത്ത് ടൈറ്റന്‍സിന്‍റെ ഹോം ഗ്രൗണ്ടാണ്. അതുകൊണ്ടുതന്നെ ഇവിടെയുള്ള ഓരോ പുല്‍ക്കൊടിയെക്കുറിച്ചും ഗില്ലിന് നന്നായി അറിയാം. ഈ ഗ്രൗണ്ടില്‍ അവന്‍റെ റെക്കോര്‍ഡും മികച്ചതാണ്. ആദ്യത്തെ രണ്ട് കളിയിലും അവനില്ലാതെയും നമുക്ക് ജയിക്കാമായിരുന്നു. പക്ഷെ പാകിസ്ഥാനെതിരെ അവനെ നമുക്ക് വേണമെന്നും പ്രസാദ് പറഞ്ഞു.

ലോകകപ്പ് സന്നാഹ മത്സരത്തിനിടെ ഡെങ്കിപ്പനി ബാധിച്ചതിനെത്തുടര്‍ന്ന് ലോകപ്പില്‍ ഓസ്ട്രേലിയക്കും അഫ്ഗാനിസ്ഥാനുമെതിരായ മത്സരങ്ങള്‍ ഗില്ലിന് നഷ്ടമായിരുന്നു. ഇതിനുശേഷം കഴിഞ്ഞ ദിവസം അഹമ്മദാബാദിലെത്തിയ ഗില്‍ നെറ്റ്സില്‍ ബാറ്റിംഗ് പരിശീലനത്തിനിറങ്ങി. ഇന്നലെ ഉച്ചക്ക് ശേഷം അഹമ്മദാബാദിലെത്തിയ ഇന്ത്യന്‍ ടീ അംഗങ്ങള്‍ക്കൊപ്പം വൈകാതെ ഗില്‍ ചേരുമെന്നാണ് കരുതുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക