Asianet News MalayalamAsianet News Malayalam

എട്ടാമനായി ക്രീസിലെത്തി സെഞ്ചുറി; ഇന്ത്യന്‍ വംശജനായ ഐറിഷ് താരം സിമി സിംഗിന് റെക്കോഡ്

ജന്നെമന്‍ മലാന്‍ (പുറത്താവാതെ 177), ക്വിന്റണ്‍ ഡി ഡോക്ക് (120) എന്നിവരുടെ സെഞ്ചുറിയാണ് ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്.

Simi Singh becomes first ever cricketer to score an ODI century batting at eight
Author
Dublin, First Published Jul 17, 2021, 4:12 PM IST

ഡബ്ലിന്‍: ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ റെക്കോഡ് നേട്ടം സ്വന്തമാക്കി അയര്‍ലന്‍ഡ് താരം സിമി സിംഗ്. ഇന്നലെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മൂന്നാം ഏകദിനത്തില്‍ സിമിയുടെ കരിയറിലെ ചരിത്ര നിമിഷം പിറന്നത്. ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക 50 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 346 റണ്‍സ് നേടി. ജന്നെമന്‍ മലാന്‍ (പുറത്താവാതെ 177), ക്വിന്റണ്‍ ഡി ഡോക്ക് (120) എന്നിവരുടെ സെഞ്ചുറിയാണ് ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ അയര്‍ലന്‍ഡ് 47.1 ഓവറില്‍ എല്ലാവരും പുറത്തായി. സെഞ്ചുറി നേടിയ സിമി ആയിരുന്നു ടോപ് സ്‌കാറര്‍. കേര്‍ടിസ് കാംഫര്‍ 54 റണ്‍സെടുത്ത് പുറത്തായി. മറ്റാര്‍ക്കും 30 റണ്‍സിന് മുകളില്‍ നേടാന്‍ സാധിച്ചില്ല. എന്നാല്‍ ഇന്ത്യന്‍ വംശജനായ സിമിയെ തേടി ഒരു നേട്ടമെത്തി. അയര്‍ലന്‍ഡ് ആറിന് 92 എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് സിമി ക്രീസിലെത്തിയത്. 91 പന്തുകള്‍ നേരിട്ട താരം 14 ബൗണ്ടറികളുടെ സഹായത്തോടെ സെഞ്ചുറി പൂര്‍ത്തിയാക്കി. ആന്റിച്ച് നോര്‍ജെ, കേശവ് മഹാരാജ്, തബ്രൈസ് ഷംസി എന്നിവര്‍ ഉള്‍പ്പെുന്ന ബൗളിംഗ് നിരയ്‌ക്കെതിരെയായിരുന്നു സിമിയുടെ പ്രകടനം. എട്ടാം നമ്പറില്‍ ഇറങ്ങിയാണ് സിമി സെഞ്ചുറി പൂര്‍ത്തിയാക്കിയത്. 

ഇതൊരു റെക്കോര്‍ഡാണ്. എട്ടാം സ്ഥാനത്തിറങ്ങി ഉയര്‍ന്ന സ്‌കോര്‍ സ്വന്തമാക്കുന്ന താരമായിരിക്കുകയാണ് സിമി. ഇംഗ്ലണ്ടിന്റെ ക്രിസ് വോക്‌സ്, സാം കറന്‍ എന്നിവരെയാണ് സിമി മറികടന്നത്. ഇരുവരും 95 റണ്‍സ് നേടിയിരുന്നു. ശ്രീലങ്കയ്‌ക്കെതിരെയായിരുന്നു വോക്‌സിന്റെ നേട്ടം. കറന്‍ ഈ വര്‍ഷം ഇന്ത്യക്കെതിരെയാണ് 95 റണ്‍സ് നേടിയത്. ആന്ദ്രേ റസ്സല്‍ (92*), നതാന്‍ കൗള്‍ട്ടര്‍ നൈല്‍ (92), രവി രാംപാല്‍ (86), തോമസ് ഒഡോയോ (84), ഡാരന്‍ സമി (84), ലാന്‍സ് ക്ലൂസ്‌നര്‍ (83), ഡാനിയേല്‍ വെട്ടോറി (83), ജേക്കബ് ഓറം (83) എന്നിവരാണ് ഉയര്‍ന്ന സ്‌കോറിന് ഉടമളായ മറ്റുതാരങ്ങള്‍.

Follow Us:
Download App:
  • android
  • ios