ദുബായ്: ക്രിക്കറ്റ് ചരിത്രത്തിലെ മികച്ച അംപയര്‍മാരുടെ പട്ടികയെടുത്താല്‍ സൈമണ്‍ ടോഫലിന്റെ പേര് അതിലെന്തായാലും കാണും. ഓസ്‌ട്രേലിയക്കാരനായ ടോഫല്‍ 2012ലാണ് അംപയറിങ്ങില്‍ നിന്ന് വിരമിക്കുന്നത്. 2004 മുതല്‍ 2008 വരെയുള്ള തുടര്‍ച്ചയായ അഞ്ച് വര്‍ഷങ്ങളില്‍ ഐസിസിയുടെ മികച്ച അംപയര്‍ക്കുള്ള പുരസ്‌കാരം ടോഫലിനായിരുന്നു.1999 മുതല്‍ 2012 വരെയുള്ള കരിയറില്‍ നിരവിധ അന്താരാഷ്ട്ര മത്സങ്ങള്‍ അദ്ദേഹം നിയന്ത്രിച്ചു.

കരിയറിനിടെ ശ്രദ്ധയില്‍പെട്ട ചില കാര്യങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് ടോഫല്‍. ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോ നടത്തിയ അഭിമുഖത്തില്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയായിരുന്നു അദ്ദേഹം. കരിയറിനിടെ കണ്ട ഏറ്റവും മാന്യനായ ക്രിക്കറ്റര്‍ ആരായിരുന്നുവെന്നായിരുന്നു ആദ്യ ചോദ്യം. മുന്‍ ഇന്ത്യന്‍ താരം രാഹുല്‍ ദ്രാവിഡും മുന്‍ ഓസീസ് താരം മാര്‍ക്ക് വോയും ആ താരങ്ങളെന്ന് ടോഫല്‍ മറുപടി നല്‍കി.

അംപയറിങ്ങിനിടെ ഏറ്റവും അപകടകാരികളായ ബാറ്റ്‌സ്മാന്മാര്‍ ആരെന്നുള്ള ചോദ്യത്തിനും ടോഫലിന് ഉത്തരം നല്‍കേണ്ടി വന്നു. മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗ്, വെസ്റ്റ് ഇന്‍ഡീസ് താരം ക്രിസ് ഗെയ്ല്‍, ഓസീസ് താരം ഡേവിഡ് വാര്‍ണര്‍ എന്നിവരാണ് ടോഫലിന്റെ അപകടകാരികളായ ബാറ്റ്്മാന്മാര്‍.