ധോണി പോയതോടെ ആ ഉത്തരവാദിത്തം ഇപ്പോള്‍ എന്‍റേതായി; തുറന്നുപറഞ്ഞ് ഹാര്‍ദ്ദിക്
അര്‍ധസെഞ്ചുറിക്ക് പിന്നാലെ മറുവശത്ത് തകര്‍ത്തടിക്കാന്‍ തുടങ്ങിയ ഗില്ലിന് സ്ട്രൈക്ക് നല്‍കാനാണ് പാണ്ഡ്യ കൂടുതലും ശ്രമിച്ചത്. തകര്‍ത്തടിക്കുന്ന ബാറ്ററായിട്ടും എന്തുകൊണ്ടാണ് അവസാന ഓവറുകളില്‍ ഗില്ലിന് സ്ട്രൈക്ക് കൈമാറിയതെന്ന് മത്സരശേഷം വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമങ്ങള്‍ പാണ്ഡ്യയോട് ചോദിച്ചിരുന്നു. ഇതിന് ഹാര്‍ദ്ദിക് നല്‍കിയ മറുപടിയായിരുന്നു ശ്രദ്ധേയം.

അഹമ്മദാബാദ്: ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ കൂറ്റന്‍ സ്കോര്‍ അടിച്ചെടുത്തപ്പോള്‍ ഫിനിഷര്‍ എന്ന നിലിയില്‍ ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ പുറത്തെടുത്ത പ്രകടനവും ശ്രദ്ധേയമായി. 17 പന്തില്‍ നാല് ഫോറും ഒരു സിക്സും പറത്തിയ പാണ്ഡ്യ ശുഭ്മാന്‍ ഗില്ലിനൊപ്പം സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയശേഷമാണ് വേര്‍ പിരിഞ്ഞത്. എന്നാല്‍ ഈ കൂട്ടുകെട്ടില്‍ 33 റണ്‍സ് മാത്രമായിരുന്നു പാണ്ഡ്യയുടെ സംഭാവന.
അര്‍ധസെഞ്ചുറിക്ക് പിന്നാലെ മറുവശത്ത് തകര്‍ത്തടിക്കാന്‍ തുടങ്ങിയ ഗില്ലിന് സ്ട്രൈക്ക് നല്‍കാനാണ് പാണ്ഡ്യ കൂടുതലും ശ്രമിച്ചത്. തകര്‍ത്തടിക്കുന്ന ബാറ്ററായിട്ടും എന്തുകൊണ്ടാണ് അവസാന ഓവറുകളില്‍ ഗില്ലിന് സ്ട്രൈക്ക് കൈമാറിയതെന്ന് മത്സരശേഷം വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമങ്ങള്‍ പാണ്ഡ്യയോട് ചോദിച്ചിരുന്നു. ഇതിന് ഹാര്‍ദ്ദിക് നല്‍കിയ മറുപടിയായിരുന്നു ശ്രദ്ധേയം.
കരിയറിന്‍റെ അവസാന കാലത്ത് മുന്‍ നായകന്‍ എം എസ് ധോണി ഫിനിഷറെന്ന നിലയില്‍ എന്താണോ ചെയ്തിരുന്നത് അത് ആവര്‍ത്തിക്കാനാണ് ഞാനും ശ്രമിക്കുന്നത്. മികച്ച ഫിനിഷറായിട്ടും സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്ത് തന്‍റെ ബാറ്റിംഗ് പങ്കാളിക്ക് കൂടുതല്‍ അവസരം നല്‍കാനാണ് ധോണി ശ്രമിച്ചിരുന്നത്. അതേ റോള്‍ ചെയ്യാനാണ് ഞാനും ശ്രമിച്ചത്. ധോണിയുടെ കാലത്ത് കളിക്കുമ്പോള്‍ ഞാന്‍ ചെറുപ്പമായിരുന്നു. ഗ്രൗണ്ടിലിറങ്ങിയാല്‍ തലങ്ങും വിലങ്ങും അടിക്കുക എന്നതായിരുന്നു രീതി. പക്ഷെ ധോണി വിരമിച്ചതോടെ അദ്ദേഹം ചെയ്തിരുന്ന ജോലി പെട്ടെന്ന് എന്‍റെ ഉത്തരവാദിത്തമായി. അതെനിക്കൊരു പ്രശ്നമല്ല. കളി ജയിക്കുക എന്നതാണ് പ്രധാനം. അതുകൊണ്ട് കുറച്ച് പതുക്കെ കളിച്ചാലും പ്രശ്നമൊന്നുമില്ലെന്നും പാണ്ഡ്യ പറഞ്ഞു.
സിക്സടിക്കുക എന്നത് എനിക്കും ഇഷ്ടമുള്ള കാര്യമാണ്. പക്ഷെ ജീവിതം ഇങ്ങനെയാണ്. എപ്പോഴും മാറിക്കൊണ്ടിരിക്കും. കൂട്ടുകെട്ടുകളിലാണ് ഞാന്‍ വിശ്വസിക്കുന്നത്. അതുകൊണ്ടുതന്നെ എന്‍റെ ബാറ്റിംഗ് പങ്കാളിക്ക് ഞാന്‍ മറുവശത്തുണ്ടെന്ന ഉറപ്പ് നല്‍കാനാണ് ക്രീസിലുള്ളപ്പോള്‍ ഞാനെപ്പോഴും ശ്രമിക്കുന്നത്. കാരണം, ഇപ്പോള്‍ ടീമിലുള്ള ആരെക്കാളും കൂടുതല്‍ മത്സരം കളിച്ചിട്ടുള്ള ആളാണ് ഞാന്‍. അതുകൊണ്ടുതന്നെ ആ പരിചയസമ്പത്തുവെച്ച് സമ്മര്‍ദ്ദഘട്ടങ്ങളെ ശാന്തതയോടെ തനിക്ക് കൈകാര്യം ചെയ്യാനാവുമെന്നും പാണ്ഡ്യ പറഞ്ഞു. മത്സരത്തില്‍ 16 റണ്‍സ് വഴങ്ങി നാലു വിക്കറ്റെടുത്ത പാണ്ഡ്യ ബൗളിംഗിലും തിളങ്ങിയിരുന്നു. ടി20 ക്രിക്കറ്റില്‍ ഇന്ത്യന്‍ നായകന്‍റെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനമെന്ന റെക്കോര്‍ഡും പാണ്ഡ്യ ഇന്നലെ സ്വന്തമാക്കി