സിംഗപൂര്‍: ത്രിരാഷ്ട്ര ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ സിംബാബ്‌വെയ്‌ക്കെതിരെ അട്ടിമറി ജയവുമായി സിംഗപൂര്‍. ആദ്യമായിട്ടാണ് അവര്‍ ഐസിസി മുഴുവന്‍ അംഗത്വമുള്ള ഒരു ടീമിനെ തോല്‍പ്പിക്കുന്നത്. മഴ കാരണം 18 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ സിംഗപൂര്‍ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ സിംബാബ്‌വെയ്ക്ക് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്.

ടിം ഡേവിഡ് (41), മന്‍പ്രീത് സിങ് (41), രോഹന്‍ രംഗരാജന്‍ (39) എന്നിവരുടെ പ്രകടനമാണ് സിംഗപൂരിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. സിംബാബ്‌വെയ്ക്കായി റ്യാന്‍ ബേള്‍ മൂന്ന് വിക്കറ്റെടുത്തു. മറുപടി ബാറ്റിങ്ങില്‍ സീന്‍ വില്യംസ് (66), റെഗിസ് ചകബ്വ (48) എന്നിവര്‍ മാത്രമാണ് മികച്ച പ്രകടനം പുറത്തെടുത്തത്. സിംഗപൂരിനായി അംജദ് മഹ്ബൂബ്, ജനക് പ്രകാശ് എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.