ശ്രീലങ്ക ബുദ്ധിമുട്ടേറിയ സമയത്തിലൂടെയാണ് കടന്നുപോകുന്നത്. എന്നാൽ ശ്രീലങ്കയിലെ ആളുകള്‍ സ്നേഹത്തോടെയാണ് പെരുമാറിയതെന്നും കമ്മിന്‍സ്

കൊളംബോ: ഓസ്ട്രേലിയന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീം നായകന്‍ പാറ്റ് കമ്മിന്‍സ്(Pat Cummins) സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത ചിത്രം ശ്രദ്ധേയമാകുന്നു. ശ്രീലങ്കയിലെ റെസ്റ്റോറന്‍റിൽ ഇരുട്ടത്തിരിക്കുന്ന ചിത്രമാണ് കമ്മിന്‍സ് പങ്കുവച്ചത്. മിച്ചൽ സ്റ്റാര്‍ക്കും(Mitchell Starc), ജോഷ് ഹെയ്സൽവുഡും(Josh Hazlewood) അടക്കമുള്ള ഫാസ്റ്റ് ബൗളര്‍മാര്‍ക്കൊപ്പം വൈദ്യുതി വരാനായി കാത്തിരിക്കുകയാണെന്നും കമ്മിന്‍സ് കുറിച്ചു. വിക്കറ്റ് കീപ്പർ അലക്സ് ക്യാരിയും(Alex Carey) ചിത്രത്തിലുണ്ട്. 

ശ്രീലങ്ക ബുദ്ധിമുട്ടേറിയ സമയത്തിലൂടെയാണ് കടന്നുപോകുന്നത്. എന്നാൽ ശ്രീലങ്കയിലെ ആളുകള്‍ സ്നേഹത്തോടെയാണ് പെരുമാറിയതെന്നും കമ്മിന്‍സ് പറഞ്ഞു. ഏകദിന പരമ്പരയിലെ അഞ്ചാം മത്സരത്തിന് മുന്‍പെടുത്ത ചിത്രമാണ് താരം പങ്കുവച്ചത്. ചിത്രം ആരാധകർ ഏറ്റെടുക്കുകയും ചെയ്തു. പരമ്പര 3-2ന് ശ്രീലങ്ക ജയിച്ചിരുന്നു.

View post on Instagram

ശ്രീലങ്കയ്ക്ക് എതിരായ അഞ്ചാമത്തെയും അവസാനത്തേയും ഏകദിനത്തില്‍ ഇന്നലെ വിറച്ചെങ്കിലും ഒടുവില്‍ ഓസ്ട്രേലിയ വിജയിക്കുകയായിരുന്നു. 161 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങി ഒരവസരത്തില്‍ 19-3 എന്ന നിലയില്‍ പതറിയ ശേഷമാണ് നാല് വിക്കറ്റിന് ഓസീസ് ജയിച്ചത്. 39.3 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ഓസീസ് ജയത്തിലെത്തി. അലക്സ് ക്യാരിയും മാർനസ് ലബുഷെയ്നുമാണ് ഓസീസ് ജയത്തില്‍ നിർണായകമായത്. നേരത്തെ ലങ്ക പരമ്പര ഉറപ്പിച്ചെങ്കിലും ഇന്നലത്തെ ജയത്തോടെ 3-2ന് സീരീസ് അവസാനിപ്പിക്കാന്‍ സന്ദർശകർക്കായി. 

ആദ്യ ഏകദിനത്തില്‍ മഴനിയമപ്രകാരം രണ്ട് വിക്കറ്റിന് വിജയിച്ച ശേഷമാണ് ഓസീസ് പരമ്പര കൈവിട്ടത്. രണ്ടാം ഏകദിനം മഴനിയമപ്രകാരം 26 റണ്ണിനും മൂന്നാം മത്സരം ആറ് വിക്കറ്റിനും നാലാം ഏകദിനം നാല് റണ്‍സിനും വിജയിച്ചതോടെ ലങ്ക പരമ്പര സ്വന്തമാക്കുകയായിരുന്നു. നേരത്തെ ടി20 പരമ്പര 2-1ന് ഓസീസ് സ്വന്തമാക്കിയിരുന്നു. ഓസ്ട്രലിയയുടെ ശ്രീലങ്കന്‍ പര്യടനത്തില്‍ രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ കൂടിയുണ്ട്. ആദ്യ ടെസ്റ്റ് ജൂണ്‍ 29നും രണ്ടാം മത്സരം ജൂലൈ എട്ടിനും ആരംഭിക്കും. ഗോളിലാണ് ഇരു ടെസ്റ്റുകളും. 

Florentin Pogba : സഹോദരന്‍ ഐഎസ്എല്ലിലേക്ക്; ആശംസകളുമായി പോൾ പോഗ്ബ