എട്ട് ടെസ്റ്റിലും 15 ഇന്നിംഗ‌്‌സിലും 50 വിക്കറ്റ് തികച്ചായിരുന്നു വിന്‍ഡീസ് താരം നേരത്തെ റെക്കോര്‍ഡ് കൈവശമാക്കിയിരുന്നത്
ഗോള്‍: ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 50 വിക്കറ്റുകള്‍ തികയ്‌ക്കുന്ന സ്‌പിന്നര്‍ എന്ന നേട്ടത്തില്‍ ശ്രീലങ്കയുടെ പ്രബത് ജയസൂര്യ. വെസ്റ്റ് ഇന്‍ഡീസ് സ്‌പിന്നര്‍ ആല്‍ഫ് വാലന്‍റീനിന്‍റെ 72 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് പ്രബത് തകര്‍ത്തത്. ഗോളില്‍ അയര്‍ലന്‍ഡിന് എതിരായ രണ്ടാം ടെസ്റ്റിന്‍റെ അഞ്ചാം ദിനം സ്റ്റാര്‍ ബാറ്റര്‍ പോള്‍ സ്റ്റിര്‍ലിങിനെ പുറത്താക്കിയാണ് ഇടംകൈയന്‍ സ്‌പിന്നറായ പ്രബത് ജയസൂര്യയുടെ റെക്കോര്‍ഡ് നേട്ടം. വെറും ഏഴ് ടെസ്റ്റുകളിലെ 13 ഇന്നിംഗ്സുകളില്‍ നിന്ന് പ്രബത് റെക്കോര്‍ഡിലെത്തി.
എട്ട് ടെസ്റ്റിലും 15 ഇന്നിംഗ‌്‌സിലും 50 വിക്കറ്റ് തികച്ചായിരുന്നു വിന്‍ഡീസ് താരം നേരത്തെ റെക്കോര്‍ഡ് കൈവശമാക്കിയിരുന്നത്. ദക്ഷിണാഫ്രിക്കന്‍ മുന്‍ പേസര്‍ വെര്‍നോണ്‍ ഫീലാണ്ടറും ഏഴ് ടെസ്റ്റുകളില്‍ 50 വിക്കറ്റ് തികച്ച താരമാണ്. 50 ടെസ്റ്റ് വിക്കറ്റുകള്‍ നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടത്തിലെത്തി ഇതോടെ ജയസൂര്യ. ഓസീസ് മുന്‍ താരം ചാര്‍ലി ടര്‍ണറുടെ പേരിലാണ് ലോക റെക്കോര്‍ഡ്. തന്‍റെ ആറാം ടെസ്റ്റിലെ 10 ഇന്നിംഗ്‌സുകളില്‍ ടര്‍ണര്‍ അമ്പത് വിക്കറ്റ് എന്ന നാഴികക്കല്ലിലെത്തി.
മത്സരം ശ്രീലങ്ക ഇന്നിംഗ്‌സിനും 10 റണ്‍സിനും ജയിച്ചപ്പോള്‍ പ്രബത് ജയസൂര്യയായിരുന്നു കളിയിലെ താരം. നേരത്തെ ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്‍ഡ് 492 റണ്‍സ് നേടി. മത്സരത്തില്‍ സെഞ്ചുറി നേടിയ പോള്‍ സ്റ്റിര്‍ലിംഗും(103), കര്‍ട്ടിസ് കാംഫെറും(111) ആണ് അയര്‍ലന്‍ഡിന് മികച്ച സ്കോറൊരുക്കിയത്. മറുപടി ബാറ്റിംഗില്‍ ലങ്ക 704-3 എന്ന കൂറ്റന്‍ സ്കോറിലാണ് ഡിക്ലെയര്‍ ചെയ്തത്. നിഷാന്‍ മധുശനകയും(205), കുശാല്‍ മെന്‍ഡിസും(245) ഇരട്ട സെഞ്ചുറി നേടിയപ്പോള്‍ നായകന്‍ ദിമുത് കരുണരത്നെയും(115), ഏയ്ഞ്ചലോ മാത്യൂസ് പുറത്താവാതെ 100* നേടി. രണ്ടാം ഇന്നിംഗ്‌സിന് ഇറങ്ങിയ അയര്‍ലന്‍ഡിനെ 202ല്‍ ചുരുട്ടിക്കെട്ടി ലങ്ക ജയം നേടുകയായിരുന്നു. മത്സരത്തില്‍ പ്രബത് ജയസൂര്യ ഏഴ് വിക്കറ്റ് നേടി.
Read more: രാജസ്ഥാന്‍ റോയല്‍സിനെതിരെ എങ്ങനെ തോറ്റു; കുറ്റസമ്മതം നടത്തി സിഎസ്‌കെ നായകന്‍ എം എസ് ധോണി
