248 ഇന്നിംഗ്സിൽ പതിനായിരം റൺസെടുത്ത ജാവേദ് മിയാൻദാദിന്റെ പാകിസ്ഥാൻ റെക്കോർഡും ബാബർ അസം മറികടന്നു

ഗോള്‍: അന്താരാഷ്ട്ര ക്രിക്കറ്റിൽ വിരാട് കോലിയുടെ(Virat Kohli) റെക്കോർഡ് തകർത്ത് പാകിസ്ഥാൻ നായകൻ ബാബർ അസം(Babar Azam). ഏറ്റവും വേഗത്തിൽ പതിനായിരം റൺസ് നേടിയ കോലിയുടെ റെക്കോർഡാണ് ബാബർ സ്വന്തമാക്കിയത്. ശ്രീലങ്കയ്ക്ക് എതിരായ ഗോൾ ക്രിക്കറ്റ് ടെസ്റ്റിൽ(Sri Lanka vs Pakistan 1st Test) 34 റൺസെടുത്തപ്പോള്‍ ബാബർ ഇന്ത്യൻ താരത്തെ മറികടന്നു. 228-ാം ഇന്നിംഗ്സിലാണ് ബാബർ പതിനായിരം റൺസിലെത്തിയത്. കോലി ഈ നേട്ടത്തിൽ എത്തിയത് 232 ഇന്നിംഗ്സിലായിരുന്നു. 

248 ഇന്നിംഗ്സിൽ പതിനായിരം റൺസെടുത്ത ജാവേദ് മിയാൻദാദിന്റെ പാകിസ്ഥാൻ റെക്കോർഡും ബാബർ അസം മറികടന്നു. പാകിസ്ഥാനിൽ നിന്ന് 10000 റണ്‍സ് മാര്‍ക് പിന്നിടുന്ന പന്ത്രണ്ടാമത്തെ താരമാണ് ബാബ‍ർ അസം. 

ശ്രീലങ്കയ്‌ക്കെതിരെ ഒന്നാം ടെസ്റ്റില്‍ പാകിസ്ഥാന്റെ ഒന്നാം ഇന്നിംഗ്‌സ് 218ന് അവസാനിച്ചു. ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 222നെതിരെ തുടക്കത്തില്‍ പാകിസ്ഥാന്‍ പതറിയെങ്കിലും ക്യാപ്റ്റന്‍ ബാബര്‍ അസമിന്റെ(119) സെഞ്ചുറിയാണ് പാകിസ്ഥാന് തുണയായത്. പിന്നാലെ രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച ശ്രീലങ്ക രണ്ടാംദിനം സ്റ്റംപെടുക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 36 റണ്‍സെടുത്തിട്ടുണ്ട്. ഒന്നാകെ 40 റണ്‍സിന്റെ ലീഡായി ആതിഥേയര്‍ക്ക്. ക്യാപ്റ്റന്‍ ദിമുത് കരുണാരത്‌നെ(16)യുടെ വിക്കറ്റാണ് ശ്രീലങ്കയ്ക്ക് നഷ്ടമായത്. ഒഷാഡ ഫെര്‍ണാണ്ടോ (17), കശുന്‍ രജിത (3) എന്നിവരാണ് ക്രീസില്‍.

നേരത്തെ, ബാറ്റിംഗ് ദുഷ്‌കരമായ പിച്ചില്‍ ബാബ‍ര്‍ അസം ഒഴികെയുള്ള പാക് ബാറ്റര്‍മാരെല്ലാം പരാജയപ്പെട്ടിരുന്നു. 244 പന്തില്‍ 11 ഫോറും രണ്ട് സിക്‌സും അടങ്ങുന്നതാണ് അസമിന്റെ ഇന്നിംഗ്‌സ്. വാലറ്റക്കാരായ യാസിര്‍ ഷാ (56 പന്തില്‍ 18), നസീം ഷാ (52 പന്തില്‍ 5) എന്നിവരെ കൂട്ടുപിടിച്ചാണ് ബാബര്‍ അസം പാകിസ്ഥാനെ മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. 11-ാമന്‍ നസീമിനൊപ്പമാണ് ബാബര്‍ ഏഴാം ടെസ്റ്റ് ശതകത്തിലെത്തിയത്. ഒരുഘട്ടത്തില്‍ ഏഴിന് 85 എന്ന പരിതാപകരമായ നിലയില്‍ നിന്നായിരുന്നു ബാബറിന്‍റെ കരുത്തില്‍ പാകിസ്ഥാന്‍റെ തിരിച്ചുവരവ്. 

SL vs PAK : പ്രഭാത് ജയസൂര്യക്ക് അഞ്ച് വിക്കറ്റ്, അസമിന്റെ സെഞ്ചുറിയിലും പാകിസ്ഥാന്‍ ലീഡ് വഴങ്ങി