30 വാരക്കുള്ളിലേക്ക് ഒരു ഫീല്‍ഡറെ അധികമായി നിയമിക്കേണ്ടി വന്നത് പാകിസ്ഥാന് തൊട്ടടുത്ത പന്തില്‍ വിനയാകുന്നതാണ് പിന്നാലെ കണ്ടത്

ബെനോനി: അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പിന്‍റെ രണ്ടാം സെമിയില്‍ ഓസ്ട്രേലിയയോട് പാകിസ്ഥാന്‍ അവസാന ഓവറില്‍ തോല്‍വി രുചിച്ചത് സ്വന്തം പിഴവ് കൊണ്ട്. കുറഞ്ഞ ഓവര്‍ നിരക്കിന് നല്‍കേണ്ടി വന്ന വലിയ വിലയായി പാകിസ്ഥാന് ഇത്. 

സെമിയില്‍ 180 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഓസ്ട്രേലിയയെ 15 വയസുകാരന്‍ പാക് പേസര്‍ അലി റാസ 34 റണ്‍സിന് നാല് വിക്കറ്റുമായി ഒരുവേള നന്നായി വിറപ്പിച്ചിരുന്നു. ഇതോടെ പരുങ്ങലിലായ ഓസ്ട്രേലിയക്ക് ഇന്നിംഗ്സിലെ അവസാന ഓവറില്‍ ജയിക്കാന്‍ ഒരു വിക്കറ്റ് മാത്രം കയ്യിലിരിക്കേ മൂന്ന് റണ്‍സാണ് വേണ്ടിയിരുന്നത്. വാലറ്റക്കാരായ റാഫ് മക്മില്ലനും കാലും വിഡ്‌ലെറുമായിരുന്നു ക്രീസില്‍. എന്നാല്‍ ഇതിനിടയില്‍ സമയം പാഴാക്കിയതിന് പാകിസ്ഥാന് കുറഞ്ഞ ഓവര്‍ നിരക്കിന്‍റെ ശിക്ഷ നേരിടേണ്ടി വന്നു. ഇതോടെ 30 വാരക്കുള്ളിലേക്ക് ഒരു ഫീല്‍ഡറെ അധികമായി നിയമിക്കേണ്ടി വന്നത് പാകിസ്ഥാന് തൊട്ടടുത്ത പന്തില്‍ വിനയാകുന്നതാണ് പിന്നാലെ കണ്ടത്. ഫൈന്‍ ലെഗ് ഫീല്‍ഡറെ 30 വാരയ്ക്കുള്ളിലേക്ക് നിയമിക്കാന്‍ പാക് ക്യാപ്റ്റന്‍ സാദ് ബെയ്ഗ് നിര്‍ബന്ധിതനായി. 

സംഭവിച്ചതാവട്ടെ, ഓസീസ് ഇന്നിംഗ്സിലെ അവസാന ഓവറില്‍ മുഹമ്മദ് സീഷാന്‍ നല്ല ലെങ്തില്‍ ആദ്യ പന്ത് എറിഞ്ഞെങ്കിലും റാഫ് മക്മില്ലന്‍റെ ബാറ്റില്‍ ഇന്‍സൈഡ് എ‍ഡ്ജായി ബോള്‍ ഷോര്‍ട് ഫൈന്‍ ലെഗിലൂടെ ബൗണ്ടറിയിലേക്ക് നീങ്ങി. പന്ത് പിടിക്കാന്‍ ഷോര്‍ട് ഫൈന്‍ ലെഗ് ഫീല്‍ഡര്‍ ഉബൈദ് ഷാ പിന്നാലെ പാഞ്ഞെങ്കിലും ഗുണമുണ്ടായില്ല. അവസാന നിമിഷം ഉബൈദിന്‍റെ ഡൈവിംഗിനെ നിഷ്പ്രഭമാക്കി പന്ത് ബൗണ്ടറിലൈന്‍ കടന്നതോടെ ഓസ്ട്രേലിയ ഒരു വിക്കറ്റ് ജയവുമായി അണ്ടര്‍ 19 ലോകകപ്പിന്‍റെ ഫൈനലിലേക്ക് പ്രവേശിക്കുകയായിരുന്നു. കലാശപ്പോരില്‍ ഇന്ത്യയാണ് ഓസീസിന്‍റെ എതിരാളികള്‍. 

Read more: 'ഒരു പ്രണയനൈരാശ്യം പോലെ'... ഇന്ത്യ-പാക് സ്വപ്ന ഫൈനല്‍ ഇല്ല; ആരാധക പ്രതികരണങ്ങള്‍ കാണാം