വൈറല്‍ അണുബാധയും ദഹന പ്രക്രിയ ശരിയാവാത്തതിനേയും തുടര്‍ന്നാണ് സംഗീത സംവിധായകനായ മുച്ചാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മുംബൈ: മോശം സമയത്തിലൂടെയാണ് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാന കടന്നുപോകുന്നത്. സ്മൃതി - പലാഷ് മുച്ചാല്‍ വിവാഹം കഴിഞ്ഞ ദിവസം മാറ്റിവച്ചിരുന്നു. വിവാഹദിനം സ്മൃതിയുടെ അച്ഛന്‍ ഹൃദായാഘാത തുടര്‍ന്ന് ആശുപത്രിയിലായതിന് പിന്നാലെയാണ് വിവാഹം മാറ്റിവച്ചത്. പ്രഭാത ഭക്ഷണം കഴിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് അസ്വസ്ഥത അനുഭവപ്പെട്ടത്. മഹാരാഷ്ട്രയിലെ സാംഗ്ലിയിലാണ് വിവാഹം നടക്കേണ്ടിയിരുന്നത്.
ഇപ്പോള്‍ പുറത്തുവരുന്ന മറ്റൊരു വാര്‍ത്ത, പ്രതിശ്രുത വരന്‍ പലാഷ് മുച്ചാലും അസുഖ ബാധിതനായി എന്നുള്ളതാണ്. മുച്ചാലിനേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈറല്‍ അണുബാധയും ദഹന പ്രക്രിയ ശരിയാവാത്തതിനേയും തുടര്‍ന്നാണ് സംഗീത സംവിധായകനായ മുച്ചാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന് ഗൗരവമേറിയ പ്രശ്‌നങ്ങളില്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി. പിന്നാലെ, പലാഷ് മുച്ചാലിനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. ഇപ്പോള്‍ മുംബൈയില്‍ വിശ്രമത്തിലാണ്.
കടുത്ത സമ്മര്‍ദ്ദത്തിലാണെങ്കിലും അദ്ദേഹം മുംബൈയില്‍ തിരിച്ചെത്തി വിശ്രമിക്കുകയാണെന്ന് അദ്ദേഹത്തിന്റെ അമ്മ അമിത മുച്ചാല്‍ സ്ഥിരീകരിച്ചു. വിവാഹം മാറ്റിവച്ചതിനെ തുടര്‍ന്ന് പലാഷ് മുച്ചാല്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലൂടെ കടന്നുപോവുകയായിരുന്നു. ആരോഗ്യം മോശമായി. ഇത് അദ്ദേഹത്തിന്റെ ശാരീരിക ആരോഗ്യത്തെ ബാധിച്ചിട്ടുണ്ടെന്നും മുച്ചാലിന്റെ അമ്മ വെളിപ്പെടുത്തി.
കഴിഞ്ഞ ദിവസം സ്മൃതി മന്ദാനയെ പ്രപ്പോസ് ചെയ്യുന്ന വീഡിയോ മുച്ചാല്‍ പുറത്തുവിട്ടിരുന്നു. ഇന്ത്യന്‍ ടീം വനിതാ ഏകദിന ലോകകപ്പുയര്‍ത്തിയ മുംബൈ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് പലാഷ് മുച്ചാല്‍ സ്മൃതിയെ ഔദ്യോഗികമായി പ്രപ്പോസ് ചെയ്തത്. ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിലെ പിച്ചിലേക്ക് സ്മൃതിയെ കണ്ണുകെട്ടി കൈപിടിച്ച് കൂട്ടിക്കൊണ്ടുവന്നശേഷമാണ് മൈതാന മധ്യത്തില്‍ മുട്ടുകുത്തി നിന്ന് പലാഷ് സ്മൃതിയെ പ്രപ്പോസ് ചെയ്തത്.



