മെല്‍ബണ്‍: ത്രിരാഷ്ട്ര ടി20 പരമ്പരയില്‍ ഇംഗ്ലണ്ടിനെതിരെ വിക്കറ്റ് കീപ്പര്‍ ക്യാച്ച് നിലത്തിട്ടിട്ടും ഇന്ത്യന്‍ താരം സ്മൃതി മന്ദാനയെ ഔട്ട് വിളിച്ച് ഓണ്‍ ഫീല്‍ഡ് അമ്പയര്‍. ഇന്ത്യന്‍ ഇന്നിംഗ്സിന്റെ രണ്ടാം ഓവറിലായിരുന്നു മന്ദാനയുടെ നാടകീയ പുറത്താകലും തിരിച്ചുവിളിക്കലും നടന്നത്.

മന്ദാന എഡ്ജ് ചെയ്ത പന്ത് ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ആമി എല്ലന്‍ ജോണ്‍സണ്‍ ആദ്യം കൈക്കുള്ളിലൊതുക്കിയെങ്കിലും ഡൈവ് ചെയ്യുന്നതിനിടെ പന്ത് നിലത്തുവീണു.  ഇത് ഓണ്‍ ഫീല്‍ഡ് അമ്പയര്‍ കണ്ടില്ല. മന്ദാനയെ ഔട്ട് വളിച്ചതോടെ താരം തിരികെ ഡ്രസ്സിംഗ് റൂമിലേക്ക് നടന്നു.

എന്നാല്‍ ഈ സമയം റീപ്ലേ കണ്ട ടിവി അമ്പയര്‍ ഇടപെടുകയായിരുന്നു. ഗ്രൗണ്ടിന് പുറത്തെത്താറായ മന്ദാനയെ അമ്പയര്‍ തിരികെവിളിച്ചു. എന്നാല്‍ തിരികെകിട്ടിയ ലൈഫും മന്ദാനക്ക് ഭാഗ്യം കൊണ്ടുവന്നില്ല. 10 പന്തില്‍ 15 റണ്‍സെടുത്ത് താരം പുറത്തായി. 148 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 42 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ മികവില്‍ ലക്ഷ്യം കണ്ടു. ഇന്ത്യക്കും ഇംഗ്ലണ്ടിനും പുറമെ ഓസ്ട്രേലിയയാണ് ത്രിരാഷ്ട്ര പരമ്പരയിലെ മൂന്നാമത്തെ ടീം.