നിലവിലെ സീസണിൽ അസാമാന്യ ഫോമിൽ ബാറ്റ് വീശുന്ന സ്മൃതി മന്ദാന രണ്ട് കളികളിലും അർധ ശതകം സ്വന്തമാക്കി മുന്നേറുകയാണ്

ലണ്ടൻ: വനിതാ ക്രിക്കറ്റിലെ ഏറ്റവും താരത്തിളക്കമുള്ള ഇന്ത്യൻ താരമാണ് സ്മൃതി മന്ദാന. തലങ്ങും വിലങ്ങും എതിർ നിരയിലെ ബോളേഴ്സിനെ അടിച്ചു പരത്തുന്ന സ്മൃതി മന്ദാനക്ക് ക്രിക്കറ്റ് ലോകത്ത് വലിയ ആരാധകരാണുള്ളത്. വനിത ക്രിക്കറ്റിലെ വിവിയൻ റിച്ചാർഡ്സ് എന്ന് പോലും ചിലർ ഇന്ത്യൻ സൂപ്പർ താരത്തെ വിശേഷിപ്പിക്കാറുണ്ട്. മനോഹരമായ ബാറ്റിംഗിലൂടെ നിരവധി റെക്കോർഡുകളും ഇതിനകം സ്മൃതി സ്വന്തം പോക്കറ്റിലാക്കിയിട്ടുണ്ട്. ഇപ്പോഴിതാ വനിതാ ക്രിക്കറ്റിലെ ലോക താരങ്ങൾ മാറ്റുരയ്ക്കുന്ന ഹണ്ട്രഡ് ക്രിക്കറ്റിലും മറ്റാർക്കും ഇതുവരെ എത്തിപ്പിടിക്കാനാകാത്ത നേട്ടത്തിലേക്ക് ബാറ്റ് വീശിയിരിക്കുകയാണ് ഇന്ത്യൻ ഉപ നായിക.

പുരാന്‍ പൂരമായി, വാലറ്റം പാരയായി; രണ്ടാം ട്വന്‍റി 20യും തോറ്റമ്പി ടീം ഇന്ത്യ

ഹണ്ട്രഡ് ക്രിക്കറ്റിൽ ആദ്യമായി 500 റൺസ് തികയ്ക്കുന്ന വനിതാ താരമെന്ന ഖ്യാതിയാണ് സ്മൃതി മന്ദാന അടിച്ചെടുത്തത്. ഇക്കുറി രണ്ട് കളികളിലാണ് താരം കളിച്ചത്. രണ്ടും കളിയിലും അർധ സെഞ്ചുറി കടന്ന താരം 500 റൺസ് എന്ന നാഴികകല്ലും പിന്നിട്ട് കുതിക്കുകയാണ്. സതേൺ ബ്രേവിനായി കളിക്കുന്ന ഇന്ത്യൻ ഓപ്പണർ 503 റൺസാണ് ഹണ്ട്രഡ് ക്രിക്കറ്റിൽ സ്വന്തം പേരിലാക്കിയത്. ഹണ്ട്രഡ് ക്രിക്കറ്റിൽ മൊത്തം 17 മത്സരങ്ങളിൽ ബാറ്റ് വീശിയാണ് ഇന്ത്യൻ ഉപനായിക ചരിത്രം കുറിച്ചത്.

നിലവിലെ സീസണിൽ അസാമാന്യ ഫോമിൽ ബാറ്റ് വീശുന്ന സ്മൃതി മന്ദാന രണ്ട് കളികളിലും അർധ ശതകം സ്വന്തമാക്കി മുന്നേറുകയാണ്. നടപ്പ് സീസണിലെ ടോപ്പ് സ്കോററും മറ്റാരുമല്ല. രണ്ട് കളികളിൽ നിന്നായി 78 പന്തിൽ 125 റൺസാണ് താരം നേടിയത്. ആദ്യ കളിയിൽ ടീമിനെ വിജയത്തിലേക്ക് നയിക്കുകയും ചെയ്തു. രണ്ടാം കളിയിലാകട്ടെ അവസാന പന്തുവരെ പോരാടിയാണ് തോൽവി സമ്മതിച്ചത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത വെൽഷ് ഫയർ നാല് റൺസിനാണ് ജയിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം