ദുബായ്: ഐസിസി വനിതാ ട്വന്റി 20 റാങ്കിംഗില്‍ സ്മൃതി മന്ഥാനയ്ക്ക് മുന്നേറ്റം. മൂന്ന് സ്ഥാനം മെച്ചപ്പെടുത്തിയ സ്മൃതി നാലാം റാങ്കിലേക്ക് കയറി. 732 പോയിന്റുകള്‍ സ്വന്തമാക്കിയാണ് സ്മൃതിയുടെ മുന്നേറ്റം. ന്യൂസിലന്‍ഡിന്റെ സുസി ബെയ്റ്റിനാണ് ഒന്നാം റാങ്ക്. ന്യൂസിലന്‍ഡിന്റെ തന്നെ സോഫി ഡിവൈന്‍ രണ്ടാം സ്ഥാനത്തുണ്ട്. 741 പോയിന്റാണ് സോഫിക്കുള്ളത്. ഓസ്‌ട്രേലിയയുടെ ബെത്ത് മൂണി (738)യാണ് മൂന്നാമത്. 

ഇവര്‍ക്ക് പിന്നിലാണ് നാലാമതാണ് സ്മൃതി. മറ്റ് രണ്ട് ഇന്ത്യന്‍ താരങ്ങള്‍ കൂടി ആദ്യ പത്തിലുണ്ട്. ജമീമ റോഡ്രിഗസ്, ക്യാപ്റ്റന്‍ ഹര്‍ന്‍പ്രീത് കൗര്‍ എന്നിവരാണ് ആദ്യ പത്തിലുള്ള താരങ്ങള്‍. ജമീമ ഏഴാം സ്ഥാനത്തും ഹര്‍മന്‍പ്രീത് ഒമ്പതാം സ്ഥാനത്തുമാണ്. ബൗളര്‍മാരില്‍ ആദ്യ പത്തിനുള്ളില്‍ രണ്ട് ഇന്ത്യന്‍ താരങ്ങളാണുള്ളത്. നാലാം സ്ഥാനത്തുള്ള രാധ യാദവാണ് മുന്നില്‍. 726 പോയിന്റാണ് യാദവിനുള്ളത്. അഞ്ചാം സ്ഥാനത്തുള്ള ദീപ്തി ശര്‍മയ്ക്ക് 726 പോയിന്റുണ്ട്. 

ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ആദ്യ പത്തില്‍ ഒരു ഇന്ത്യന്‍ താരത്തിനും ഇടം നേടാനായില്ല. ടീം റാങ്കിങ്ങില്‍ ന്യൂസിലന്‍ഡിന് പിന്നില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ. ഓസ്‌ട്രേലിയസ, ഇംഗ്ലണ്ട് എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനത്ത് നില്‍ക്കുന്നു.