സൂപ്പർ ഓവറിൽ ഇന്ത്യ 20 റൺസ് നേടിയപ്പോൾ കംഗാരുക്കളുടെ പോരാട്ടം 16 ൽ ഒതുങ്ങി
മുംബൈ: ഓസ്ട്രേലിയൻ വനിതകൾക്കെതിരായ രണ്ടാം ടി 20 പോരാട്ടത്തിൽ ഇന്ത്യൻ വനിതകർക്ക് ത്രസിപ്പിക്കുന്ന വിജയം. അവസാന ബോൾ വരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തിൽ സൂപ്പർ ഓവർ പോരിലാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. നിശ്ചിത ഓവറിൽ ഇരു ടീമുകളും തുല്യ സ്കോറിലെത്തിയതോടെയാണ് പോരാട്ടം സൂപ്പർ ഓവറിലേക്ക് നീണ്ടത്. സൂപ്പർ ഓവറിൽ ഇന്ത്യ 20 റൺസ് നേടിയപ്പോൾ കംഗാരുക്കളുടെ പോരാട്ടം 16 ൽ ഒതുങ്ങി. ഒടുവിൽ നാല് റൺസിന്‍റെ വിജയം സ്വന്തമാക്കി ടീം ഇന്ത്യ പരമ്പരയിൽ ഒപ്പമെത്തുകയായിരുന്നു. ആദ്യ മത്സരത്തിലെ വിജയത്തിന്‍റെ ആത്മവിശ്വാസത്തിലിറങ്ങിയ ഓസ്ട്രേലിയയെ സ്മൃതി മന്ഥനയുടെ തകർപ്പൻ പ്രകടനത്തിലാണ് ഇന്ത്യ മലർത്തിയടിച്ചത്. സൂപ്പർ ഓവറിൽ 3 പന്തിൽ 13 റൺസ് അടിച്ചെടുത്ത മന്ഥന, നേരത്തെ 49 പന്തിൽ 79 റൺസ് നേടിയിരുന്നു.
നേരത്തെ ഓസ്ട്രേലിയ 187 റൺസ് നേടിയപ്പോൾ മന്ഥനയുടെ തകർപ്പനടിക്കൊപ്പം ഷെഫാലി വർമ്മ, റിച്ച ഘോഷ് എന്നിവരുടെ പോരാട്ട മികവും കൂടിയാണ് ഇന്ത്യയെ ഒപ്പമെത്തിച്ചത്. ഷെഫാലി 23 പന്തിൽ 34 റൺസ് നേടിയപ്പോൾ അവസാന ഓവറുകളിൽ ഓസ്ട്രേലിയയുടെ കയ്യിൽ നിന്ന് വിജയം പിടിച്ചെടുത്ത റിച്ച 13 പന്തിൽ 26 റൺസാണ് നേടിയത്. അവസാന പന്തിൽ ജയിക്കാൻ 5 റൺസ് വേണ്ടപ്പോൾ ഫോറടിച്ചാണ് റിച്ച ഇന്ത്യയെ ഒപ്പമെത്തിച്ചത്. ഹർമ്മൻ പ്രീത് കൗർ 22 പന്തിൽ 21 റൺസും ദേവിക 5 പന്തിൽ 11 റൺസ് നേടിയതും നിശ്ചിത ഓവർ പോരട്ടത്തിൽ ഓസ്ട്രേലിയക്ക് ഒപ്പമെത്താൻ ഇന്ത്യയെ സഹായിച്ചു.
നേരത്തെ മുംബൈ ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഓസീസിന് ബേത് മൂണി (82), തഹ്ലിയ മക്ഗ്രാത് (70) എന്നിവരുടെ ഇന്നിംഗ്‌സാണ് തുണയായത്. ഇരുവരും പുറത്താവാതെ നിന്നു. ഓപ്പണര്‍ അലീസിയ ഹീലിയുടെ (25) വിക്കറ്റ് മാത്രമാണ് ഓസീസിന് നഷ്ടമായത്. ദീപ്തി ശര്‍മയാണ് വിക്കറ്റ് നേടിയത്.
