Asianet News MalayalamAsianet News Malayalam

കളിക്കാരുടെ ഓരോ ടച്ചും രേഖപ്പെടുത്തുന്ന ടെക്നോളജി തന്നെ ഹൈലൈറ്റ്; 'അല്‍ ഹില്‍മ്' ആരുടെ സ്വപ്നത്തെ പുല്‍കും

ക്വാർട്ടർ ഫൈനൽ വരെ രിഹ്‍ല എന്ന പന്തായിരുന്നു ഉപയോഗിച്ചിരുന്നത്. രിഹ്‍ല എന്നാൽ യാത്ര, പ്രയാണം എന്നാണ് അർത്ഥം. വിശ്വ കിരീടമെന്ന സ്വപ്നത്തിലേക്ക് 4 ടീമുകൾ 2 ജയമകലെ നിൽക്കുമ്പോൾ, അൽ ഹിൽമ് , അഥവാ ദി ഡ്രീം എന്ന പേരുള്ള പുതിയ പന്താണ് അവതരിപ്പിക്കുന്നത് എന്നതാണ് ശ്രദ്ധേയം.

FIFA introduces Al Hilm for semis and final
Author
First Published Dec 11, 2022, 10:37 PM IST

ദോഹ: ഖത്തർ ലോകകപ്പിലെ സെമിഫൈനൽ, ഫൈനൽ മത്സരങ്ങൾക്കുള്ള ഫുട്ബോൾ അവതരിപ്പിച്ചു. അൽ ഹിൽമ് എന്നാണ് പന്തിന്‍റെ പേര്. സ്വപ്നം എന്നാണ് അർത്ഥം. ക്വാർട്ടർ ഫൈനൽ വരെ രിഹ്‍ല എന്ന പന്തായിരുന്നു ഉപയോഗിച്ചിരുന്നത്. രിഹ്‍ല എന്നാൽ യാത്ര, പ്രയാണം എന്നാണ് അർത്ഥം. വിശ്വ കിരീടമെന്ന സ്വപ്നത്തിലേക്ക് 4 ടീമുകൾ 2 ജയമകലെ നിൽക്കുമ്പോൾ, അൽ ഹിൽമ് , അഥവാ ദി ഡ്രീം എന്ന പേരുള്ള പുതിയ പന്താണ് അവതരിപ്പിക്കുന്നത് എന്നതാണ് ശ്രദ്ധേയം.

അഡിഡാസ് തന്നെയാണ് പന്ത് രൂപകൽപന ചെയ്ത് നിർമിച്ചത്. കളിക്കാരുടെ ഓരോ ടച്ചും രേഖപ്പെടുത്തുന്ന ടെക്നോളജി പുതിയ പന്തിലുമുണ്ട്. 2010ന് ശേഷമുള്ള കണക്കുകള്‍ നോക്കുമ്പോള്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റവും കുറഞ്ഞ ഗോള്‍ വന്ന ലോകകപ്പാണ് ഖത്തറിലേത്. 48 മത്സരങ്ങളില്‍ നിന്ന് ബ്രസീലില്‍ 136 ഗോളുകള്‍ വന്നപ്പോള്‍ റഷ്യയില്‍ 122 ഗോളായി അത് കുറഞ്ഞു. ഖത്തറില്‍ എത്തിയപ്പോള്‍ ഗ്രൂപ്പ് റൗണ്ടില്‍ പിറന്നത് 120 ഗോളുകള്‍ മാത്രം.

എന്നാല്‍, നോക്കൗട്ട് റൗണ്ടുകളില്‍ 38 ഗോളുകള്‍ വന്നതോടെ ഈ ലോകകപ്പിലെ ഇതുവരെയുള്ള ആകെയുള്ള ഗോളുകള്‍ വന്നതോടെ 158 ആയി ഉയര്‍ന്നിട്ടുണ്ട്. അതേസമയം, ഖത്തര്‍  ലോകകപ്പില്‍ സെമിഫൈനൽ ചിത്രം തെളിഞ്ഞിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി 12.30ന് നടക്കുന്ന ആദ്യ സെമിയിൽ മുന്‍ ലോക ചാമ്പ്യന്മാരായ അര്‍ജന്‍റീന കഴിഞ്ഞ ലോകകപ്പിലെ ഫൈനലിസ്റ്റുകളായ ക്രൊയേഷ്യയെ നേരിടും. ബുധനാഴ്ച രാത്രി നടക്കുന്ന രണ്ടാം സെമിയിൽ നിലവിലെ ജേതാക്കളായ ഫ്രാന്‍സ് ആദ്യമായി സെമി കളിക്കുന്ന മൊറോക്കോയെ നേരിടും.

കഴിഞ്ഞ ലോകകപ്പില്‍ 4 സെമിഫൈനലിസ്റ്റുകളും യൂറോപ്പില്‍ നിന്നായിരുന്നെങ്കില്‍ ഇക്കുറി 2 യൂറോപ്യന്‍ ടീമുകളും ലാറ്റിനമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നായി ഓരോ ടീമും ആണ് അവസാന നാലിലെത്തിയത്. ഡിസംബര്‍ 18 ഞായറാഴ്ചയാണ് കലാശപ്പോരാട്ടം. ഇന്ന് പുലർച്ചെ നടന്ന അവസാന ലോകകപ്പ് ക്വാർട്ടറില്‍ ഇംഗ്ലണ്ട് പുറത്തായതോടെയാണ് സെമി ചിത്രം തെളിഞ്ഞത്. ഒന്നിനെതിരെ രണ്ട് ഗോൾ ജയത്തോടെ നിലവിലെ ചാമ്പ്യൻമാരായ ഫ്രാൻസ് സെമി ഫൈനലിലേക്ക് മുന്നേറുകയായിരുന്നു. ഫ്രാന്‍സിനായി ചൗമെനി, ജിറൂദ് എന്നിവരാണ് ഗോളുകള്‍ നേടിയത്. ഇംഗ്ലണ്ടിന്‍റെ ആശ്വാസ ഗോള്‍ പെനാല്‍റ്റിയിലൂടെ നായകന്‍ ഹാരി കെയ്ന്‍ സ്വന്തമാക്കി. ഒരു ഗോളിന് പിന്നില്‍ നിന്നപ്പോള്‍ ലഭിച്ച മറ്റൊരു പെനാല്‍റ്റി ഹാരി കെയ്ന് ലക്ഷ്യത്തിലെത്തിക്കാന്‍ സാധിക്കാതെ പോയതാണ് ഇംഗ്ലണ്ടിന് തിരിച്ചടിയായത്.

അര്‍ജന്‍റീന തെറ്റിച്ചത് സുപ്രധാനമായ രണ്ട് ലോകകപ്പ് നിയമങ്ങള്‍? കടുത്ത നിലപാടുമായി ഫിഫ, നടപടിക്ക് സാധ്യത

Follow Us:
Download App:
  • android
  • ios