എന്‍റെ വിക്കറ്റ് പോയശേഷം നമ്മള്‍ തകര്‍ന്നത് നിങ്ങളെല്ലാവരും കണ്ടതാണ്. ഞങ്ങളുടെ ഷോട്ട് സെലക്ഷന്‍ കുറച്ചു കൂടി മികച്ചതാവാമായിരുന്നു. പ്രത്യേകിച്ച് ഞാന്‍ പുറത്തായശേഷമാണ് ബാറ്റിംഗ് തകര്‍ച്ച തുടങ്ങിയത്.

ഇന്‍ഡോര്‍: വനിതാ ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ അനായാസം ജയിക്കാവുന്ന മത്സരം കൈവിട്ടതിന്‍റെ ഉത്തരവാദിത്തമേറ്റ് ഇന്ത്യയുടെ ടോപ് സ്കോററായ ഓപ്പണര്‍ സ്മൃതി മന്ദാന. 289 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ നാലു റണ്‍സിനാണ് തോറ്റത്. 42-ാം ഓവറിലെ രണ്ടാം പന്തില്‍ മന്ദാന പുറത്താവുമ്പോള്‍ ഇന്ത്യൻ സ്കോര്‍ 234ല്‍ എത്തിയിരുന്നു. ജയത്തിലേക്ക് അപ്പോള്‍ വേണ്ടിയിരുന്നത് അവസാന 52 പന്തില്‍ 55 റണ്‍സായിരുന്നു. എന്നാല്‍ 94 പന്തില്‍ 88 റണ്‍സടിച്ച് ടോപ് സ്കോററായ മന്ദാനക്ക് പിന്നാലെ റിച്ച ഘോഷും 50 റണ്‍സടിച്ച ദീപ്തി ശര്‍മയും കൂടി പുറത്തായതോടെ ഇന്ത്യ നാലു റണ്‍സിന്‍റെ അപ്രതീക്ഷിത തോല്‍വി വഴങ്ങി. ഈ സാഹചര്യത്തിലാണ് മത്സരശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിൽ തോല്‍വിയുടെ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നുവെന്ന് മന്ദാന പറഞ്ഞത്.

എന്‍റെ വിക്കറ്റ് പോയശേഷം നമ്മള്‍ തകര്‍ന്നത് നിങ്ങളെല്ലാവരും കണ്ടതാണ്. ഞങ്ങളുടെ ഷോട്ട് സെലക്ഷന്‍ കുറച്ചു കൂടി മികച്ചതാവാമായിരുന്നു. പ്രത്യേകിച്ച് ഞാന്‍ പുറത്തായശേഷമാണ് ബാറ്റിംഗ് തകര്‍ച്ച തുടങ്ങിയത്. അതുകൊണ്ട് തന്നെ ഈ തോല്‍വിയുടെ ഉത്തരവാദിത്തം ഞാന്‍ എറ്റെടുക്കുന്നു. ഞങ്ങളുടെ ഷോട്ട് സെലക്ഷൻ കുറച്ചുകൂടി മെച്ചപ്പെടുത്തണമായിരുന്നുവെന്നും മന്ദാന പറഞ്ഞു.

ഓവറില്‍ ആറ് റണ്‍സ് വീതമെടുത്താല്‍ പോലും ജയിക്കാവുന്ന സാഹചര്യമായിരുന്നു ഞങ്ങള്‍ക്ക് മുന്നിലുണ്ടായിരുന്നത്. കളി അവസാനം വരെ നീട്ടാനായിരുന്നു ഞങ്ങള്‍ ശ്രമിച്ചത്. പക്ഷെ എന്‍റെ വിക്കറ്റ് പോയതോടെ കളി കൈവിട്ടു. അതുകൊണ്ട് തന്നെ ഈ തോല്‍വിയുടെ ഉത്തരവാദിത്തം ഞാനേറ്റെടുക്കുന്നുവെന്നും മന്ദാന പറഞ്ഞു. ഇന്ത്യ തോല്‍വി വഴങ്ങിയശേഷം നിരാശയോടെ മുഖം താഴ്ത്തിയിരിക്കുന്ന മന്ദാനയുടെ ദൃശ്യങ്ങള്‍ ആരാധകര്‍ കണ്ടിരുന്നു. സ്വന്തം ബാറ്റിംഗിനെക്കുറിച്ച് വാര്‍ത്താ സമ്മേളനത്തില്‍ ഉയര്‍ന്ന ചോദ്യത്തിന് മന്ദാന നല്‍കിയ മറുപടിയും ശ്രദ്ധേയമായിരുന്നു. ഇന്ത്യ തോറ്റതിനാല്‍ തന്‍റെ ഇന്നിംഗ്സിനെക്കുറിച്ച് സംസാരിക്കുന്നതില്‍ പ്രസക്തിയില്ലെന്നും അതിനെക്കുറിച്ച് സംസാരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും മന്ദാന പറഞ്ഞു.

Scroll to load tweet…

വനിതാ ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണിത്. ആദ്യ രണ്ട് മത്സരങ്ങള്‍ ജയിച്ചു തുടങ്ങിയ ഇന്ത്യ പിന്നീട് ദക്ഷിണാഫ്രിക്കയോടും ഓസ്ട്രേലിയയോടും ഇന്നലെ ഇംഗ്ലണ്ടിനോടും തോറ്റു. ഇതോടെ ഇന്ത്യയുടെ സെമിയ സാധ്യതകളും ആശങ്കയിലായി. 23ന് നടക്കുന്ന മത്സരത്തില്‍ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ചാല്‍ ഇന്ത്യക്ക് ഇനിയും സെമി സാധ്യതയുണ്ട്. അവസാന മത്സരത്തില്‍ ബംഗ്ലാദേശ് ആണ് ഇന്ത്യയുടെ എതിരാളികള്‍. ഇന്ത്യയെ തോല്‍പിച്ച ഓസ്ട്രേലിയയും ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും സെമി ഉറപ്പിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക