കൊവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ 15,000 പേര്‍ക്കാണ് ടെസ്റ്റ് കാണാന്‍ അവസരമുണ്ടായിരിക്കുക.

ചെന്നൈ: ഇംഗ്ലണ്ടിനെതിരെ ചെന്നൈയില്‍ നടക്കുന്ന രണ്ടാം ടെസ്റ്റ് നേരില്‍ കാണാന്‍ ആരാധകര്‍ക്ക് അവസരമുണ്ടാകുമെന്ന് ബിസിസിഐ നേരത്തെ അറിയിച്ചിരുന്നു. കൊവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ 15,000 പേര്‍ക്കാണ് ടെസ്റ്റ് കാണാന്‍ അവസരമുണ്ടായിരിക്കുക. ഇപ്പോള്‍ മത്സരം നേരില്‍ കാണാന്‍ വരുന്നവര്‍ പാലിക്കേണ്ട നിയമങ്ങള്‍ വ്യക്കമാക്കുകയാണ് തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്‍. 

മാസ്‌ക് ധരിക്കുന്നതോടൊപ്പം സാമൂഹിക അകലവും നിര്‍ബന്ധമാക്കിയിട്ടുണ്ട്. അതോടൊപ്പം കൊവിഡ് രോഗലക്ഷണമുള്ള ഒരാളെ പോലും സ്‌റ്റേഡിയത്തിലേക്ക് കയറ്റില്ല. പനി, ചുമ, ജലദോഷം തുടങ്ങിയ പ്രശ്‌നങ്ങളുള്ളവര്‍ മത്സരം കാണാന്‍ വരേണ്ടിതില്ലെന്നാണ് ക്രിക്കറ്റ് അസോസിയേഷന്റെ നിര്‍ദേശം. 
കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നിലപാട് സ്വീകരിക്കും. 

അതോടൊപ്പം ബൈനോക്കുലര്‍, സ്പീക്കര്‍, സംഗീതോപകരണങ്ങള്‍ ഇവയൊന്നും സ്റ്റേഡിയത്തിനകത്തേക്ക് പ്രവേശിപ്പിക്കില്ല. മാത്രമല്ല, വംശീയ വിധ്വേഷത്തോടെ പെരുമാറ്റത്തോട് കര്‍ശന നിലപാട് സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

മാധ്യമ പ്രവര്‍ത്തകര്‍ക്കും മത്സരം റിപ്പോര്‍ട്ട് ചെയ്യാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. നിയമക്കുരുക്ക് കാരണം ദീര്‍ഘകാലമായി അടഞ്ഞുകിടക്കുകയായിരുന്ന ഗ്യാലറിയിലെ ഐ, ജെ, കെ സ്റ്റാന്‍ഡുകളില്‍ കാണികളെ പ്രവേശിപ്പിക്കും. 2012ന് ശേഷം ആദ്യമായിട്ടാണ് ഈ ഭാഗം തുറന്നുനല്‍കുന്നത്.