ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ സഞ്ജു സാംസണ്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ചു. 23 പന്തില്‍ 39 റണ്‍സ് നേടിയ സഞ്ജു, തന്നെ പലതവണ പുറത്താക്കിയ വാനിന്ദു ഹസരങ്കയ്‌ക്കെതിരെ രണ്ട് സിക്‌സറുകള്‍ പറത്തി.
ദുബായ്: ഏഷ്യാ കപ്പില്‍ ശ്രീലങ്കയ്‌ക്കെതിരെ സൂപ്പര്‍ ഫോറില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തതിന് പിന്നാലെ സഞ്ജുവിനെ വാഴ്ത്തി സോഷ്യല്‍ മീഡിയ. 23 പന്തുകള്‍ നേരിട്ട സഞ്ജു 39 റണ്‍സാണ് അടിച്ചെടുത്തത്. സഞ്ജുവിന് പുറമെ അഭിഷേക് ശര്‍മ (31 പന്തില്‍ 61) തിലക് വര്‍മ (34 പന്തില്‍ 49) എന്നിവരുടെ ഇന്നിംഗ്‌സുകളും നിര്‍ണായമായി. ദുബായ്, ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ മൂവരുടേയും കരുത്തില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സാണ് ഇന്ത്യ നേടിയത്.
രണ്ടാം ഓവറില്‍ തന്നെ വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ (4) വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായെങ്കിലും ഒരറ്റത്ത് അഭിഷേക് ശര്‍മ തകര്‍ത്തടിച്ചു. സൂര്യകുമാര്‍ യാദവിനും (13 പന്തില്‍ 12) തിളങ്ങാനായില്ല. സ്‌കോര്‍ 92ല്‍ നില്‍ക്കെ അഭിഷേകും മടങ്ങി. തുടര്‍ന്നായിരുന്നു സഞ്ജുവിന്റെ രംഗപ്രവേശം. നല്ല പന്തുകളെ സൂക്ഷ്മതയോടെ കളിച്ചും മോശം പന്തുകളെ അതിര്‍ത്തി കടത്തിയുമാണ് സഞ്ജു മുന്നോട്ട് പോയത്. ഇതിനിടെ ടി20യില്‍ സഞ്ജുവിനെ ഏറ്റവും കൂടുതല്‍ തവണ പുറത്താക്കിയ വാനിന്ദു ഹസങ്കയ്‌ക്കെതിരെ രണ്ട് വീതം സിക്‌സും ഒരു ഫോറും സഞ്ജു നേടി.
ഒന്നാകെ മൂന്ന് സിക്‌സുകളാണ് സഞ്ജു നേടിയത്. പിന്നീട് ദസുന്‍ ഷനകയ്ക്ക് വിക്കറ്റ് നല്‍കിയാണ് സഞ്ജു മടങ്ങിയത്. 16-ാം ഓവറില്‍ സഞ്ജു മടങ്ങുമ്പോള്‍ തിലകിനൊപ്പം വിലപ്പെട്ട 66 റണ്‍സ് കൂട്ടിചേര്‍ത്തിരുന്നു. പിന്നാലെ സഞ്ജുവിനെ വാഴ്ത്തി സോഷ്യല്‍ മീഡിയ രംഗത്തെത്തി. ചില പോസ്റ്റുകള്‍ വായിക്കാം...

കഴിഞ്ഞ മത്സരത്തില്‍ സഞ്ജുവിനെ ബാറ്റിംഗിന് ഇറക്കാത്തത് കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ബംഗ്ലാദേശിനെതിരെ അഞ്ച് വിക്കറ്റ് പോയിട്ടും സഞ്ജു ബാറ്റിംഗിന് ഇറക്കിയില്ല. മുന്‍ താരങ്ങള്‍ ഉള്‍പ്പെടെയുള്ളര്‍ ഇതിനെതിരെ രംഗത്ത് വന്നു. എന്നാല്‍ ഇന്ന് സഞ്ജു അഞ്ചാം സ്ഥാനത്ത് കളിക്കുകയും ലഭിച്ച അവസരം നന്നായി മുതലെടുക്കുകയും ചെയ്തു. ഞായറാഴ്ച്ച പാകിസ്ഥാനെ നടക്കാനിരിക്കുന്ന ഫൈനലില്‍ സഞ്ജു എവിടെ കളിക്കുമെന്നുള്ളതാണ് ആരാധകരുടെ ആകാംക്ഷ.



