പെര്‍ത്തില്‍ കോലി സെഞ്ചുറി നേടിയപ്പോള്‍ ആരാധകര്‍ക്ക് ആഘോഷിക്കാന്‍ ഏറെയായിരുന്നു.
സിഡ്‌നി: ഓസീസിനെതിരെ അഞ്ചാം ടെസ്റ്റില്‍ നിന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ സ്വയം ഒഴിവായതിന് പിന്നാലെ വിരാട് കോലിയുടെ ഫോമിലും ചോദ്യങ്ങള്‍ ഉയരുകയാണ്. ഓസ്‌ട്രേലിയക്കെതിരെ എട്ടാം തവണയും ഓഫ് സ്റ്റംപ് കെണിയില്‍ വീണതോയൊണ് കോലിയുടെ ക്രിക്കറ്റ് ഭാവിയില്‍ ചോദ്യങ്ങള്‍ ഉയരുന്നത്. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഒമ്പത് ഇന്നിങ്‌സുകളില്‍ എട്ടാം തവണയാണ് കോലി ഓഫ് സ്റ്റംപ് ട്രാപ്പില്‍ വീഴുന്നത്. ഒരു കാലത്ത് ഓസ്‌ട്രേലിയന്‍ മണ്ണില്‍ രാജാവായിരുന്നു കോലി. കോലിയുടെ വീഴ്ച്ച ആരാധകരുടെ ഹൃദയം തകര്‍ക്കുന്നതാണ്.
പെര്‍ത്തില്‍ കോലി സെഞ്ചുറി നേടിയപ്പോള്‍ ആരാധകര്‍ക്ക് ആഘോഷിക്കാന്‍ ഏറെയായിരുന്നു. പക്ഷേ, പിന്നാലെ ആ ഫോം നിലനിര്‍ത്താന്‍ കോലിക്ക് സാധിച്ചില്ല. ഒമ്പത് ഇന്നിംഗ്‌സില്‍ നിന്ന് 190 റണ്‍സ് മാത്രമാണ് കോലി നേടിയത്. 23.8 ശരാശരി. അഞ്ച് തവണ അദ്ദേഹം രണ്ടക്കം കാണാതെ പുറത്തായി. പെര്‍ത്തിലെ സെഞ്ചുറി കൂടി ഇല്ലായിരുന്നെങ്കില്‍ ഇതിലും പരിതാപകരമായേനെ കോലിയുടെ അവസ്ഥ. ഈ പരമ്പരയില്‍ മാത്രം അഞ്ച് ഇന്നിംഗ്‌സുകളില്‍ നാല് തവണ കോലി ബോളണ്ടിന് മുന്നില്‍ വീണു. ബോളണ്ടിനെതിരെ 68 പന്തുകള്‍ കളിച്ചപ്പോള്‍ നേടാനായത് 28 റണ്‍സ് മാത്രം. രോഹിത്തിനെ മാറ്റിയത് പോലെ കോലിയേയും ഒഴിവാക്കണമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ചില പ്രതികരണങ്ങള്‍ വായിക്കാം.
രോഹിതിനെ ഒഴിവാക്കിയതിന്റെ സമ്മര്‍ദത്തിലാകാം കോലി സിഡ്‌നിയില്‍ ബാറ്റുചെയ്യാനെത്തിയത്. നേരിട്ട ആദ്യ പന്ത് തന്നെ ഓഫ് സൈഡ് ട്രാപ് ആയിരുന്നു. സ്മിത്തെടുത്ത ക്യാച്ച് ഗ്രൗണ്ടില്‍ പിച്ച് ചെയ്തതായി ഡിആര്‍എസ് കാണിച്ചു. ഭാഗ്യത്തിന് ജീവന്‍ തിരിച്ചുകിട്ടിയിട്ടും കോലി പാഠം പഠിച്ചില്ല. 17 റണ്‍സെടുത്ത് പുറത്തായത് ഇതുപോലെ മറ്റൊരു പന്തില്‍. രണ്ടാം ഇന്നിംഗ്‌സിലേക്ക് വന്നപ്പോഴും മാറ്റമൊന്നുമുണ്ടായില്ല. ഇത്തവണയും ബോളണ്ടിനുള്ളതായിരുന്നു കോലി. ആറ് റണ്‍സെടുത്ത കോലിയെ സ്ലിപ്പില്‍ സ്റ്റീവന്‍ സ്മിത്ത് പിടികൂടി.
2024 കലണ്ടര്‍ വര്‍ഷത്തിലും മോശം പ്രകടനമായിരുന്നു കോലിയുടേത്. 19 ഇന്നിംഗ്‌സില്‍ നിന്ന് 419 റണ്‍സ് മാത്രം. ഇതുകൊണ്ടു തന്നെ രോഹിതിന് പിന്നാലെ കോലിയുടെ കാര്യത്തിലും പെട്ടന്നൊരു തീരുമാനം എടുക്കേണ്ടി വരും ടീമിന്.

