ന്യൂസിലന്‍ഡിനെതിരെ ആറ് ഇന്നിംഗ്‌സുകള്‍ കളിച്ച രോഹിതിന്റെ സ്‌കോറുകള്‍ 11, 18, 8, 0, 52, 2 എന്നിങ്ങനെയായിരുന്നു.

അഡ്‌ലെയ്ഡ്: ടെസ്റ്റ് ക്രിക്കറ്റില്‍ മോശം ഫോം തുടരുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസ്‌ട്രേലിയക്കെതിരെ മധ്യ നിരയില്‍ ബാറ്റ് ചെയ്യാനെത്തിയ താരം കേവലം മൂന്ന് റണ്‍സുമായി മടങ്ങിയിരുന്നു. വ്യക്തിപരമായ കാരണങ്ങളാല്‍ രോഹിത് ആദ്യ ടെസ്റ്റില്‍ കളിച്ചിരുന്നില്ല. എന്നാല്‍ തിരിച്ചുവരവ് മത്സരത്തില്‍ ക്രിക്കറ്റ് ആരാധകരെ ആനന്ദിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. ന്യൂസിലന്‍ഡിനെതിരെ നാട്ടില്‍ നടന്ന പരമ്പരയിലും മോശമായിരുന്നു രോഹിത്തിന്റെ പ്രകടനം. 

ന്യൂസിലന്‍ഡിനെതിരെ ആറ് ഇന്നിംഗ്‌സുകള്‍ കളിച്ച രോഹിതിന്റെ സ്‌കോറുകള്‍ 11, 18, 8, 0, 52, 2 എന്നിങ്ങനെയായിരുന്നു. ബംഗ്ലാദേശിനെതിരെ അവസാന ടെസ്റ്റില്‍ 8, 23 എന്ന സ്‌കോറിനും രോഹിത് പുറത്തായി. ഇപ്പോള്‍ ക്യാപ്റ്റന്‍സിക്കും പഴി കേള്‍ക്കുകയാണ് രോഹിത്. ജസ്പ്രിത് ബുമ്ര തന്നെ നയിച്ചാല്‍ മതിയായിരുന്നുവെന്നും രോഹിത് വീട്ടിലിരുന്നാല്‍ മതിയായിരുന്നുവെന്നും സോഷ്യല്‍ മീഡിയയിലെ സംസാരം. രോഹിത് ക്യാപ്റ്റനാവുമ്പോള്‍ ടീമിന് ഒട്ടും ഊര്‍ജമില്ലെന്നും ചില ആരാധകര്‍. ചില ട്രോളുകള്‍ വായിക്കാം...

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

രോഹിത് ഉള്‍പ്പെടെയുള്ള താരങ്ങള്‍ നിരാശപ്പെടുത്തിയപ്പോള്‍ അഡ്‌ലെയ്ഡില്‍ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് 180ന് അവസാനിച്ചിരുന്നു. ആറ് വിക്കറ്റ് വീഴ്ത്തിയ മിച്ചല്‍ സ്റ്റാര്‍ക്കാണ് ഇന്ത്യയെ തകര്‍ത്തത്. 42 റണ്‍സെടുത്ത നിതീഷ് കുമാര്‍ റെഡ്ഡിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗ് ആരംഭിച്ച ഓസീസ് ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 86 റണ്‍സെടുത്തിട്ടുണ്ട്. ഉസ്മാന്‍ ഖവാജയുടെ (13) വിക്കറ്റ് മാത്രമാണ് ഓസീസിന് നഷ്ടമായത്. ജസ്പ്രിത് ബുമ്രയുടെ തന്നെ പന്തില്‍ സ്ലിപ്പില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് ക്യാച്ച് നല്‍കിയാണ് ഖവാജ മടങ്ങുന്നത്. നതാന്‍ മക്‌സ്വീനി (38), മര്‍നസ് ലബുഷെയന്‍ (20) എന്നിവരാണ് ക്രീസില്‍. 

നിതീഷ് റെഡ്ഡിക്ക് പുറമെ കെ എല്‍ രാഹുല്‍ (37), ശുഭ്മാന്‍ ഗില്‍ (31), റിഷഭ് പന്ത് (21), ആര്‍ അശ്വിന്‍ (22) എന്നിവര്‍ക്ക് മാത്രമാണ് ഇന്ത്യന്‍ ഇന്നിംഗ്‌സില്‍ രണ്ടക്കം കാണാനായത്. യശസ്വി ജയ്‌സ്വാള്‍ (0), വിരാട് കോലി (7), രോഹിത് ശര്‍മ (3) എന്നിവര്‍ നിരാശപ്പെടുത്തി. ഹര്‍ഷിത് റാണ (0), ജസ്പ്രിത് ബുമ്ര (0) എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍. മുഹമ്മദ് സിറാജ് (4) പുറത്താവാതെ നിന്നു.